സുവിശേഷം
ഗ്രീക്കുതിരുവെഴുത്തുകളിലെ ആദ്യത്തെ നാലു പുസ്‌തകങ്ങളെ കുറിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന പദം. യേശുക്രിസ്‌തുവിന്റെ ജീവിതത്തെയും ശുശ്രൂഷയെയും കുറിച്ചുള്ള ഒരു ചരിത്രവിവരണമാണ് ഈ പുസ്‌തകങ്ങളിലുള്ളത്.
“സുവിശേഷം” എന്നതിന്റെ ഇംഗ്ലീഷ് പദം (Gospel) വന്നിരിക്കുന്നത് പണ്ടത്തെ ഇംഗ്ലീഷ് ഭാഷയിൽ ഉപയോഗത്തിലിരുന്ന ഗോഡ്‌സ്‌പെൽ എന്ന പദത്തിൽനിന്നാണ്. “സന്തോഷവാർത്ത; നല്ല വിശേഷങ്ങൾ” എന്നൊക്കെയാണ് അതിന്റെ അർഥം. “സന്തോഷവാർത്ത” എന്ന് അർഥമുള്ള യുഅംഗേലിഓൻ എന്ന ഗ്രീക്കുപദം ചില ബൈബിൾഭാഷാന്തരങ്ങളിൽ പരിഭാഷപ്പെടുത്തിയിരിക്കുന്നത് “സുവിശേഷം” എന്നാണ്. (മത്ത 4:23; 24:14; മർ 1:14) സുവിശേഷം അഥവാ സന്തോഷവാർത്ത എന്ന ബൈബിൾപദപ്രയോഗം കുറിക്കുന്നത്, ദൈവരാജ്യത്തെക്കുറിച്ചും യേശുക്രിസ്‌തുവിലുള്ള വിശ്വാസത്തിലൂടെ ലഭിക്കുന്ന രക്ഷയെക്കുറിച്ചും ഉള്ള സന്ദേശത്തെയാണ്.
മർക്കോസിന്റെ വിവരണത്തിലെ പ്രാരംഭവാക്കുകൾ ഇതാണ്: “ദൈവപുത്രനായ യേശുക്രിസ്‌തുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത (അഥവാ “സുവിശേഷം”) തുടങ്ങുന്നു.” ഇതിൽനിന്നായിരിക്കാം നാലു സുവിശേഷവിവരണങ്ങൾക്കും “സുവിശേഷം” എന്ന വിശേഷണം ലഭിച്ചതെന്നു ചില പണ്ഡിതന്മാർ കരുതുന്നു.
സുവിശേഷവിവരണങ്ങൾ എഴുതിയവരാരും തങ്ങളാണ് അത് എഴുതിയതെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും മത്തായി, മർക്കോസ്, ലൂക്കോസ്, യോഹന്നാൻ എന്നിവരാണ് അതാതു സുവിശേഷങ്ങൾ എഴുതിയതെന്നു സൂചിപ്പിക്കുന്ന ശക്തമായ തെളിവുകളുണ്ട്. ഇതിലെ ആദ്യത്തെ മൂന്നു പുസ്‌തകങ്ങളെ ചിലപ്പോഴൊക്കെ സിനോപ്‌റ്റിക്ക് (അർഥം, “സമാനമായ കാഴ്‌ചപ്പാട്”) എന്നു വിളിക്കാറുണ്ട്. കാരണം യേശു പറഞ്ഞതും ചെയ്‌തതും ആയ കാര്യങ്ങൾ അതിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഏതാണ്ട് ഒരേപോലെയാണ്. എന്നാൽ ആ നാല് എഴുത്തുകാരെയും അവരുടെ തനതുവ്യക്തിത്വം പ്രതിഫലിക്കുന്ന ശൈലിയിൽ കാര്യങ്ങൾ എഴുതാൻ ദൈവം അനുവദിച്ചു.