വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സെപ്‌റ്റുവജിന്റ്‌

സെപ്‌റ്റുവജിന്റ്‌

എബ്രായതിരുവെഴുത്തുകളുടെ ആദ്യത്തെ ഗ്രീക്കുപരിഭാഷയാണു സെപ്‌റ്റുവജിന്റ്‌. അതു തയ്യാറാക്കിയത്‌, ഗ്രീക്ക്‌ സംസാരിക്കുന്ന ജൂതന്മാർക്കുവേണ്ടിയാണ്‌. ഈജിപ്‌തിൽവെച്ച്‌ ബി.സി. മൂന്നാം നൂറ്റാണ്ടിൽ ആരംഭിച്ച അതിന്റെ പരിഭാഷാജോലികൾ തൊട്ടടുത്ത നൂറ്റാണ്ടിൽ പൂർത്തിയായി.

ഏതാണ്ട്‌ 70 ജൂതപണ്ഡിതന്മാർ ചേർന്നാണ്‌ ഇതു പരിഭാഷ ചെയ്‌തതെന്നു പൊതുവേ വിശ്വസിച്ചുപോരുന്നു. അതുകൊണ്ടായിരിക്കാം ആ പരിഭാഷയ്‌ക്കു സെപ്‌റ്റുവജിന്റ്‌ എന്ന പേര്‌ നൽകിയത്‌. കാരണം ആ പേരിന്‌ ആധാരമായ സെപ്‌തുവഗിന്ത എന്ന ലത്തീൻപദത്തിന്റെ അർഥം “70” എന്നാണ്‌. റോമൻലിപിയിൽ 70 എന്ന്‌ എഴുതുന്നത്‌ LXX എന്നായതുകൊണ്ട്‌ ഈ പരിഭാഷ പൊതുവേ അറിയപ്പെടുന്നത്‌ LXX എന്നാണ്‌. സെപ്‌റ്റുവജിന്റിന്റെ ആദ്യകാല കൈയെഴുത്തുപ്രതികളിൽ ദൈവനാമം വരുന്നിടത്ത്‌ ആ പേര്‌ ഗ്രീക്ക്‌ അക്ഷരങ്ങൾ ഉപയോഗിച്ചോ എബ്രായ അക്ഷരങ്ങൾ ഉപയോഗിച്ചോ (ചതുരക്ഷരി, മലയാളത്തിൽ യ്‌ഹ്‌വ്‌ഹ്‌) എഴുതിയിരിക്കുന്നതായി കാണാം. എബ്രായതിരുവെഴുത്തുകളുടെ ഭാഗമായി ഔദ്യോഗികാംഗീകാരം നൽകിയിട്ടുള്ള ബൈബിൾപുസ്‌തകങ്ങളുടെ (കാനോൻ) പരിഭാഷ പൂർത്തിയായിക്കഴിഞ്ഞപ്പോൾ സെപ്‌റ്റുവജിന്റിലേക്ക്‌ അപ്പോക്രീഫാ പുസ്‌തകങ്ങളും കൂട്ടിച്ചേർത്തു. എന്നാൽ ക്രിസ്‌തീയ ബൈബിളെഴുത്തുകാർ സെപ്‌റ്റുവജിന്റിലെ കാനോനികപുസ്‌തകങ്ങളിൽനിന്ന്‌ പലപ്പോഴും ഉദ്ധരിച്ചിട്ടുണ്ടെങ്കിലും അപ്പോക്രീഫാ പുസ്‌തകങ്ങളിൽനിന്ന്‌ ഒരിക്കൽപ്പോലും ഉദ്ധരിച്ചതായി സൂചനയില്ല. അതു കാണിക്കുന്നത്‌ അവർ അപ്പോക്രീഫാ പുസ്‌തകങ്ങൾ അംഗീകരിച്ചിരുന്നില്ല എന്നാണ്‌. ഇനി, ഏതെല്ലാം ബൈബിൾപുസ്‌തകങ്ങളാണ്‌ യഥാർഥത്തിൽ ദൈവപ്രചോദിതമെന്നു തിരിച്ചറിയാനുള്ള അത്ഭുതകരമായ കഴിവ്‌ ഒന്നാം നൂറ്റാണ്ടിലെ ചില ക്രിസ്‌ത്യാനികൾക്ക്‌ ഉണ്ടായിരുന്നുതാനും.​—1കൊ 12:4, 10.

ഇന്ന്‌, എബ്രായതിരുവെഴുത്തുഭാഗങ്ങളുടെ അർഥം പഠിക്കാനും മനസ്സിലാക്കാനും സഹായിക്കുന്നതിൽ സെപ്‌റ്റുവജിന്റിന്റെ പങ്കു വളരെ വലുതാണ്‌. മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ചില എബ്രായ, അരമായ തിരുവെഴുത്തുപദങ്ങളുടെ അർഥത്തിലേക്കും അതു വെളിച്ചംവീശുന്നു.