വിവരങ്ങള്‍ കാണിക്കുക

പറുദീസ സ്ഥാപിക്കുന്ന ഗവൺമെൻറ്‌

പറുദീസ സ്ഥാപിക്കുന്ന ഗവൺമെൻറ്‌

പറുദീസ സ്ഥാപിക്കുന്ന ഗവൺമെൻറ്‌

യേശു ഭൂമിയിലായിരുന്നപ്പോൾ ദൈവരാജ്യത്തിനുവേണ്ടി പ്രാർത്ഥിക്കാൻ തന്റെ അനുയായികളോട്‌ പറഞ്ഞു: “നിന്റെ രാജ്യം വരേണമേ. നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലേതുപോലെ ഭൂമിയിലും ആകേണമേ.” (മത്തായി 6:9, 10) അവൻ നിരന്തരം “രാജ്യത്തിന്റെ സുവാർത്ത” യെപ്പററിയും സംസാരിച്ചു. (മത്തായി 4:23) വാസ്‌തവത്തിൽ, മറെറല്ലാ കാര്യങ്ങളെയും പററി സംസാരിച്ചതിൽ കൂടുതൽ അവൻ രാജ്യത്തെപ്പററി സംസാരിച്ചു. എന്തുകൊണ്ട്‌? എന്തുകൊണ്ടെന്നാൽ ഇന്നു ജീവിതം ഇത്ര പ്രയാസമേറിയതാക്കുന്ന പ്രശ്‌നങ്ങളെ പരിഹരിക്കാൻ ദൈവം ഉപയോഗിക്കുന്ന ഉപാധി രാജ്യമായിരിക്കും. രാജ്യം മുഖാന്തരം ദൈവം വേഗത്തിൽത്തന്നെ യുദ്ധം, ക്ഷാമം, രോഗം, കുററകൃത്യം, എന്നിവ നീക്കിക്കളയുകയും ഐക്യവും സമാധാനവും സ്ഥാപിക്കുകയും ചെയ്യും.

അത്തരമൊരു ലോകത്തിൽ ജീവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ നിങ്ങൾ ഈ ലഘുപത്രിക വായിക്കണം. അതിലൂടെ രാജ്യം ഒരു ഗവൺമെൻറാണ്‌എന്നു നിങ്ങൾ പഠിക്കും. എന്നാൽ അതു മനുഷ്യവർഗ്ഗത്തിൻമേൽ ഇന്നോളം ഭരണം നടത്തിയിട്ടളള എല്ലാ ഗവൺമെൻറുകളേക്കാളും മെച്ചമായിരിക്കും. രാജ്യം സംബന്ധിച്ചുളള തന്റെ ഉദ്ദേശ്യങ്ങൾ ദൈവം ക്രമേണ തന്റെ ദാസൻമാർക്ക്‌ വിവരിച്ചു കൊടുക്കുന്ന പുളകപ്രദമായ വിധവും നിങ്ങൾ കാണും. കൂടാതെ ഇന്നു പോലും രാജ്യത്തിനു നിങ്ങളെ എങ്ങനെ സഹായിക്കാൻ കഴിയും എന്നും നിങ്ങൾ കാണും.

വാസ്‌തവത്തിൽ ഇപ്പോൾ പോലും നിങ്ങൾക്ക്‌ ദൈവരാജ്യത്തിന്റെ ഒരു പ്രജയായിത്തീരാൻ കഴിയും. എന്നാൽ അതു ചെയ്യാൻ തിരഞ്ഞെടുക്കുന്നതിന്‌ മുമ്പായി നിങ്ങൾ അതേപ്പററി കൂടുതൽ അറിയേണ്ടതുണ്ട്‌. അതുകൊണ്ട്‌ ഈ ലഘുപത്രിക പരിശോധിക്കാൻ ഞങ്ങൾ നിങ്ങളെ പ്രോൽസാഹിപ്പിക്കുന്നു. രാജ്യത്തെപ്പററി അതു നിങ്ങളോട്‌ പറയുന്നതെല്ലാം ബൈബിളിൽ നിന്നു എടുത്തിട്ടളളതാണ്‌.

ആദ്യം തന്നെ നമുക്ക്‌ ദൈവരാജ്യം ഇത്ര ആവശ്യമായിരിക്കുന്നതെന്തുകൊണ്ടെന്ന്‌ നമുക്ക്‌ കാണാം.

മനുഷ്യചരിത്രത്തിന്റെ ആരംഭത്തിൽ ദൈവം മനുഷ്യനെ പൂർണ്ണതയുളളവനായി സൃഷ്ടിക്കുകയും പറുദീസയിൽ ആക്കിവയ്‌ക്കുകയും ചെയ്‌തു. അന്ന്‌ രാജ്യത്തിന്റെ ആവശ്യമില്ലായിരുന്നു.

എന്നാൽ നമ്മുടെ ആദ്യമാതാപിതാക്കളായ ആദാമും ഹവ്വായും മൽസരിയായ ഒരു ദൂതനെ ശ്രദ്ധിച്ചു. അവൻ അവരോട്‌ ദൈവത്തെ സംബന്ധിച്ച്‌ വ്യാജം പറയുകയും അവരും ദൈവത്തിനെതിരെ മൽസരിക്കുന്നതിന്‌ ഇടയാക്കുകയും ചെയ്‌തു. അങ്ങനെ അവർ മരണത്തിന്‌ യോഗ്യരായിത്തീർന്നു. കാരണം “പാപം നൽകുന്ന ശമ്പളം മരണമാണ്‌.”—റോമർ 6:23.

പാപിയായ ഒരു അപൂർണ്ണ മനുഷ്യന്‌ പൂർണ്ണതയുളള മക്കളുണ്ടായിരിക്കുക സാദ്ധ്യമല്ല. അതുകൊണ്ട്‌ ആദാമിന്റെ മക്കളെല്ലാവരും അപൂർണ്ണരും പാപികളും മരിക്കുന്നവരുമായി ജനിച്ചു.—റോമർ 5:12.

അന്നുമുതൽ പാപത്തിന്റെയും മരണത്തിന്റെയും ശാപത്തിൽനിന്ന്‌ മോചിതരാകുന്നതിന്‌ മനുഷ്യവർഗ്ഗത്തിന്‌ ദൈവരാജ്യത്തിന്റെ ആവശ്യമുണ്ടായിരുന്നു. രാജ്യം സാത്താൻ ദൈവനാമത്തിനെതിരെ പറഞ്ഞ ദൂഷണങ്ങളിൽ നിന്ന്‌ അതിനെ ശുദ്ധമാക്കും.

മനുഷ്യവർഗ്ഗത്തെ പാപത്തിൽ നിന്ന്‌ മോചിപ്പിക്കുന്നതിന്‌ ഒരു പ്രത്യേക “സന്തതി” (പുത്രൻ) ജനിക്കുമെന്ന്‌ യഹോവയാം ദൈവം വാഗ്‌ദത്തം ചെയ്‌തു. (ഉൽപത്തി 3:15) ഈ “സന്തതി” ദൈവരാജ്യത്തിന്റെ രാജാവായിരിക്കും. അത്‌ ആരായിരിക്കും?

ആദാം പാപം ചെയ്‌തിട്ട്‌ ഏകദേശം 2,000 വർഷങ്ങൾക്കു ശേഷം അബ്രഹാം എന്നു പേരുളള വിശ്വസ്‌തനായ ഒരു മനുഷ്യൻ ജീവിച്ചിരുന്നു. തന്റെ സ്വന്ത നഗരം വിട്ട്‌ പാലസ്‌തീൻ നാട്ടിൽ പോയി കൂടാരങ്ങളിൽ പാർക്കാൻ യഹോവ അബ്രഹാമിനോട്‌ ആവശ്യപ്പെട്ട.

വളരെ പ്രയാസമേറിയ ഒരു കാര്യം ഉൾപ്പെടെ യഹോവ തന്നോടാവശ്യപ്പെട്ടതെല്ലാം അബ്രഹാം ചെയ്‌തു. അവന്റെ പുത്രനായ ഇസഹാക്കിനെ ഒരു ബലിപീഠത്തിൽ വഴിപാടായി അർപ്പിക്കാൻ യഹോവ അവനോട്‌ ആവശ്യപ്പെട്ട.

യഹോവ വാസ്‌തവത്തിൽ ഒരു നരബലി ആവശ്യപ്പെടുകയായിരുന്നില്ല. എന്നാൽ അബ്രഹാം തന്നെ എത്രത്തോളം സ്‌നേഹിക്കുന്നുണ്ട്‌ എന്നറിയാൻ അവൻ ആഗ്രഹിച്ചു. അബ്രഹാം ഇസഹാക്കിനെ വധിക്കാൻ തുടങ്ങിയപ്പോൾ യഹോവ അവനെ തടഞ്ഞു.

അബ്രഹാമിന്റെ വലിയ വിശ്വാസം നിമിത്തം പാലസ്‌തീൻ ദേശം അവന്റെ സന്തതിക്കു കൊടുക്കുമെന്നും വാഗ്‌ദത്ത സന്തതി അവനിലൂടെയും അവന്റെ പുത്രനായ ഇസഹാക്കിലൂടെയും വരുമെന്നും യഹോവ വാഗ്‌ദത്തം ചെയ്‌തു.—ഉൽപത്തി 22:17, 18; 26:4, 5.

ഇസഹാക്കിന്‌ ഏശാവ്‌, യാക്കോബ്‌ എന്നു രണ്ട്‌ ഇരട്ട പുത്രൻമാരുണ്ടായിരുന്നു. വാഗ്‌ദത്ത സന്തതി യാക്കോബിലൂടെ വരുമെന്ന്‌ യഹോവ വാഗ്‌ദത്തം ചെയ്‌തു.—ഉൽപത്തി 28:13–15.

യിസ്രായേൽ എന്നും കൂടി യഹോവ വിളിച്ച യാക്കോബിന്‌ 12 പുത്രൻമാരുണ്ടായി. ക്രമത്തിൽ അവർക്കും പുത്രൻമാർ ജനിച്ചു. അങ്ങനെ അബ്രഹാമിന്റെ സന്താനങ്ങൾ പെരുകിത്തുടങ്ങി.—ഉൽപത്തി 46:8–27.

ആ പ്രദേശത്ത്‌ കഠിനമായ ഒരു ക്ഷാമം ഉണ്ടായപ്പോൾ ഈജിപ്‌ററിലെ ഭരണാധിപനായ ഫറവോന്റെ ക്ഷണമനുസരിച്ച്‌ യാക്കോബും കുടുംബവും ഈജിപ്‌ററിലേക്കു പോയി അവിടെ പാർത്തു.—ഉൽപത്തി 45:16–20.

വാഗ്‌ദത്ത സന്തതി യാക്കോബിന്റെ പുത്രനായ യഹൂദായിലൂടെ വരുമെന്ന്‌ ഈജിപ്‌ററിൽ വച്ച്‌ വെളിപ്പെടുത്തപ്പെട്ട.—ഉൽപത്തി 49:10.

കാലാന്തരത്തിൽ യാക്കോബ്‌ മരിക്കുകയും അവന്റെ സന്തതി വർഗ്ഗം ഒരു ജനതയായിത്തീരാൻ തക്കവണ്ണം എണ്ണത്തിൽ പെരുകുകയും ചെയ്‌തു. അപ്പോൾ ഈജിപ്‌ററുകാർക്ക്‌ അവരെപ്പററി ഭയം തോന്നുകയും അവരെ അടിമകളാക്കുകയും ചെയ്‌തു.—പുറപ്പാട്‌ 1:7–14.

പിന്നീട്‌, യിസ്രായേൽമക്കളെ വിട്ടയക്കണം എന്ന്‌ അന്നത്തെ ഫറവോനോട്‌ ആവശ്യപ്പെടാൻ ഒരു വളരെ വിശ്വസ്‌തമനുഷ്യനായ മോശയെ യഹോവ അയച്ചു.—പുറപ്പാട്‌ 6:10, 11.

ഫറവോൻ വിസമ്മതിച്ചു. അതുകൊണ്ട്‌ യഹോവ ഈജിപ്‌ററുകാരുടെമേൽ പത്തു ബാധകൾ വരുത്തി. അവസാനത്തെ ബാധ എന്ന നിലയിൽ ഈജിപ്‌ററിലെ ആദ്യജാതൻമാരെ എല്ലാം വധിക്കാൻ യഹോവ മരണ ദൂതനെ അയച്ചു.—പുറപ്പാട്‌ അദ്ധ്യായം ഏഴു മുതൽ പന്ത്രണ്ടു വരെ.

യിസ്രായേൽ അത്താഴത്തിന്‌ ഒരു ആട്ടിൻകുട്ടിയെ കൊല്ലുകയും അതിന്റെ രക്തം കട്ടിളക്കാലുകളിൻമേൽ പുരട്ടകയും ചെയ്‌താൽ മരണ ദൂതൻ അവരുടെ വീടുകളെ വിട്ട്‌ കടന്നു പോകും എന്ന്‌ ദൈവം അവരോട്‌ പറഞ്ഞു. അതുകൊണ്ട്‌ യിസ്രായേല്യരുടെ ആദ്യജാതൻമാർ രക്ഷിക്കപ്പെട്ട.—പുറപ്പാട്‌ 12:1–35.

അതിന്റെ ഫലമായി യിസ്രായേല്യർ ഈജിപ്‌ററ്‌ വിട്ടപോകാൻ ഫറവോൻ കൽപ്പിച്ചു. എന്നാൽ പിന്നിട്‌ അയാൾ മനസ്സു മാററുകയും അവരെ തിരിച്ചുകൊണ്ടുവരുവാൻ അവരുടെ പിന്നാലെ പാഞ്ഞു ചെല്ലുകയും ചെയ്‌തു.

യിസ്രായേല്യർക്ക്‌ രക്ഷപ്പെടുവാൻ യഹോവ ചെങ്കടലിലൂടെ ഒരു വഴി തുറന്നു. ഫറവോനും സൈന്യവും പിന്തുടരാൻ ശ്രമിച്ചപ്പോൾ അവർ മുങ്ങി മരിച്ചു.—പുറപ്പാട്‌ 15:5–21.

യഹോവ യിസ്രായേൽ പുത്രൻമാരെ മരുഭൂമിയിൽ സീനായ്‌ എന്നു പേരായ ഒരു പർവ്വതത്തിങ്കലേക്കു വഴി നടത്തി. അവിടെ വച്ച്‌ അവൻ അവർക്ക്‌ തന്റെ നിയമം നൽകുകയും അവർ ആ നിയമം അനുസരിച്ചാൽ അവർ ഒരു രാജകീയ പുരോഹിതവർഗ്ഗവും വിശുദ്ധ ജനവുമായിത്തീരുമെന്ന്‌ അവരോട്‌ പറയുകയും ചെയ്‌തു. അങ്ങനെ കാലക്രമത്തിൽ യിസ്രായേൽ ജനത്തിന്‌ ദൈവരാജ്യത്തിന്റെ ഒരു പ്രമുഖ ഭാഗമായിത്തീരാനുളള അവസരമുണ്ടായിരുന്നു.—പുറപ്പാട്‌ 19:6; 24:3–8.

സീനായ്‌ പർവ്വതത്തിങ്കൽ യിസ്രായേല്യർ ഏതാണ്ട്‌ ഒരു വർഷം പാർത്ത ശേഷം അവരുടെ പൂർവ്വ പിതാവായ അബ്രഹാമിനോട്‌ വാഗ്‌ദത്തം ചെയ്‌തിരുന്ന ദേശമായ പാലസ്‌തീനിലേക്ക്‌ അവരെ വഴി നടത്തി.

പിന്നീട്‌ പാലസ്‌തീനിൽ യിസ്രായേല്യർ രാജാക്കൻമാരാൽ ഭരിക്കപ്പെടാൻ ദൈവം അനുവദിച്ചു. അപ്പോൾ ദൈവത്തിന്‌ ഭൂമിയിൽ ഒരു രാജ്യം ഉണ്ടായിരുന്നു.

യിസ്രായേലിലെ രണ്ടാമത്തെ രാജാവ്‌ യഹൂദാ ഗോത്രക്കാരനായ ദാവീദായിരുന്നു. ദാവീദ്‌ യിസ്രായേലിന്റെ ശത്രുക്കളെയെല്ലാം കീഴടക്കുകയും യെരുശലേമിനെ രാജ്യത്തിന്റെ തലസ്ഥാന നഗരിയാക്കുകയും ചെയ്‌തു.

യഹോവ ഒരു രാജാവിനെ പിന്താങ്ങുമ്പോൾ യാതൊരു ഭൗമിക ഭരണാധിപനും അയാളെ കീഴടക്കാൻ കഴിയില്ല എന്ന്‌ ദാവീദിന്റെ ഭരണ കാലത്തെ സംഭവങ്ങൾ തെളിയിക്കുന്നു.

വാഗ്‌ദത്ത സന്തതി ദാവീദിന്റെ പുത്രൻമാരിൽ ഒരാളായിരിക്കുമെന്ന്‌ യഹോവ പറഞ്ഞു.—1 ദിനവൃത്താന്തം 17:7, 11, 14.

ദാവീദിന്റെ കാലശേഷം അവന്റെ പുത്രനായ ശലോമോൻ ഭരണം നടത്തി. അവൻ ജ്ഞാനിയായ ഒരു രാജാവായിരുന്നു. അവന്റെ ഭരണകാലത്ത്‌ യിസ്രായേലിന്‌ ഐശ്വര്യമായിരുന്നു.

ശലോമോൻ യെരുശലേമിൽ യഹോവയ്‌ക്ക്‌ ഒരു നല്ല ആലയം പണികഴിപ്പിക്കുകയും ചെയ്‌തു. ശലോമോന്റെ ഭരണകാലത്തെ യിസ്രായേലിലെ അവസ്ഥകൾ വരാനിരിക്കുന്ന ദൈവരാജ്യം മനുഷ്യവർഗ്ഗത്തിന്‌ കൈവരുത്തുന്ന ചില അനുഗ്രഹങ്ങൾ കാണിച്ചു തരുന്നു.—1 രാജാക്കൻമാർ 4:24, 25.

എന്നാൽ ശലോമോന്റെ ശേഷമുളള പല രാജാക്കൻമാരും വളരെ അവിശ്വസ്‌തരായിരുന്നു.

എന്നാൽ ദാവീദിന്റെ പിൻഗാമികൾ യെരുശലേമിൽ ഭരിച്ചിരുന്നപ്പോൾത്തന്നെ മുഴുഭൂമിയെയും വിശ്വസ്‌തതയോടെ ഭരിക്കാനുളള ദാവീദിന്റെ ഒരു ഭാവി പുത്രനെ സംബന്ധിച്ച്‌ മുൻകൂട്ടിപ്പറയാൻ യഹോവ പ്രവാചകനായ യെശയ്യാവിനെ ഉപയോഗിച്ചു. വാഗ്‌ദത്തം ചെയ്യപ്പെട്ട സന്തതി അവനായിരിക്കുമായിരുന്നു.—യെശയ്യാ 9:6, 7.

അവന്റെ ഭരണം ശലോമോന്റേതിനേക്കാൾ മഹത്വപൂർണ്ണമായിരിക്കുമെന്ന്‌ യെശയ്യാ പ്രവാചകൻ മുൻകൂട്ടിപറഞ്ഞു.—യെശയ്യാ 11, 65 അദ്ധ്യായങ്ങൾ.

അപ്പോൾ മുമ്പെന്നത്തേക്കാൾ അധികമായി ഈ സന്തതി ആരായിരിക്കുമെന്നറിയാൻ ദൈവത്തിന്റെ ദാസൻമാർ ആഗ്രഹിച്ചു.

എന്നാൽ സന്തതി വരുന്നതിന്‌ മുമ്പേ പൊ.യു.മു. 607 ൽ ബാബിലോന്യരാൽ രാജ്യം പിടിച്ചടക്കപ്പെടാനും ജനങ്ങളിൽ മിക്കവരും ബാബിലോനിലേക്ക്‌ നാടുകടത്തപ്പെടാനും യഹോവ അനുവദിക്കാൻ തക്കവണ്ണം യിസ്രായേലിലെ രാജാക്കൻമാർ അത്ര ദുഷ്ടൻമാരായിത്തീർന്നു. എന്നാൽ ദൈവം തന്റെ വാഗ്‌ദത്തം മറന്നുകളഞ്ഞിരുന്നില്ല. സന്തതി അപ്പോഴും ദാവീദിന്റെ ഗോത്രത്തിലൂടെ വരുമായിരുന്നു.—യെഹെസ്‌ക്കേൽ 21:25–27.

ജ്ഞാനിയും വിശ്വസ്‌തനുമായ ഒരു മാനുഷ രാജാവ്‌ പ്രയോജനങ്ങൾ കൈവരുത്തിയേക്കാമെങ്കിലും ഈ പ്രയോജനങ്ങൾ പരിമിതങ്ങളാണെന്ന്‌ യിസ്രായേലിന്‌ സംഭവിച്ചത്‌ തെളിയിച്ചു. വിശ്വസ്‌തരായ മനുഷ്യർ മരിക്കുന്നു. അവരുടെ പിൻഗാമികൾ വിശ്വസ്‌തരല്ലാതിരുന്നേക്കാം. ഇതിനുളള പരിഹാരം എന്തായിരുന്നു? വാഗ്‌ദത്ത സന്തതി.

പിന്നീട്‌ ആയിരക്കണക്കിന്‌ വർഷങ്ങൾക്കു ശേഷം സന്തതി പ്രത്യക്ഷപ്പെട്ട. അതാരായിരുന്നു?

ദൈവത്തിൽ നിന്നുളള ഒരു ദൂതൻ മറിയ എന്നു പേരുളള യിസ്രായേലിലെ ഒരു അവിവാഹിതയായ പെൺകുട്ടിക്ക്‌ അതിനുളള ഉത്തരം പറഞ്ഞുകൊടുത്തു. യേശു എന്നു പേരോടുകൂടി അവൾക്കു ഒരു പുത്രൻ ജനിക്കുമെന്ന്‌ അവൻ അവളോട്‌ പറഞ്ഞു. ദൂതൻ പറഞ്ഞത്‌ ഇതാണ്‌:

“അവൻ വലിയവനായിരിക്കും, അത്യുന്നതന്റെ പുത്രനെന്ന്‌ വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം യഹോവയായ ദൈവം അവനു കൊടുക്കും. അവൻ രാജാവായി ഭരിക്കും.”—ലൂക്കോസ  1:32, 33.

അതുകൊണ്ട്‌ ആ വാഗ്‌ദത്ത സന്തതിയും കാലക്രമത്തിൽ ദൈവരാജ്യത്തിന്റെ രാജാവായിരിക്കേണ്ടവനും യേശുവായിരുന്നു. എന്നാൽ ഇതിന്‌ മുൻപ്‌ ജീവിച്ചിരുന്ന വിശ്വസ്‌തരായ പുരുഷൻമാരേക്കാൾ യേശു വ്യത്യസ്‌തനായിരുന്നത്‌ എന്തുകൊണ്ടായിരുന്നു?

യേശു ജനിച്ചത്‌ അത്ഭുതകരമായിട്ടായിരുന്നു. അവന്റെ അമ്മ ഒരു കന്യകയായിരുന്നു. അവന്‌ ഒരു മാനുഷ പിതാവില്ലായിരുന്നുതാനും. യേശു നേരത്തെ സ്വർഗ്ഗത്തിലായിരുന്നു. ദൈവത്തിന്റെ പരിശുദ്ധാത്മാവ്‌ അല്ലെങ്കിൽ കർമ്മോദ്യൂക്തശക്തി യേശുവിന്റെ ജീവനെ സ്വർഗ്ഗത്തിൽ നിന്ന്‌ മറിയയുടെ ഗർഭാശയത്തിലേക്കു മാററി. അതുകൊണ്ട്‌ ആദാമിന്റെ പാപം യേശു അവകാശമാക്കിയില്ല. തന്റെ ആയുഷ്‌ക്കാലത്ത്‌ ഒരിക്കലും യേശു പാപം ചെയ്‌തില്ല.—1 പത്രോസ്‌ 2:22.

മുപ്പത്‌ വയസ്സായപ്പോൾ യേശു സ്‌നാനമേററു.

അവൻ ജനങ്ങളോട്‌ ദൈവരാജ്യത്തെപ്പററി പറയുകയും ക്രമത്തിൽ തന്നെത്തന്നെ ആ രാജ്യത്തിന്റെ രാജാവായി പരിചയപ്പെടുത്തുകയും ചെയ്‌തു.—മത്തായി 4:23; 21:4–11.

അവൻ ധാരാളം അത്ഭുതങ്ങളും ചെയ്‌തു.

അവൻ രോഗികളെ സൗഖ്യമാക്കി.—മത്തായി 9:35.

അവൻ വിശന്നവർക്ക്‌ അത്ഭുതകരമായി അപ്പം നൽകി.—മത്തായി 14:14–22.

അവൻ മരിച്ചവരെ ഉയിർപ്പിക്കപോലും ചെയ്‌തു.—മത്തായി 9:18, 23–26.

ദൈവരാജ്യത്തിന്റെ രാജാവെന്ന നിലയിൽ മനുഷ്യവർഗ്ഗത്തിനു വേണ്ടി യേശു എന്തെല്ലാം കാര്യങ്ങൾ ചെയ്യുമെന്ന്‌ ഈ അത്ഭുതങ്ങൾ കാണിക്കുന്നു.

ദാവീദ്‌ രാജാവ്‌ യെരുശലേമിനെ തന്റെ രാജ്യത്തിന്റെ തലസ്ഥാന നഗരിയാക്കിയതെങ്ങനെയെന്ന്‌ നിങ്ങൾ ഓർമ്മിക്കുന്നുണ്ടോ? ദൈവരാജ്യം ഭൂമിയിലല്ല സ്വർഗ്ഗത്തിലായിരിക്കുമെന്ന്‌ യേശു വിശദീകരിച്ചു. (യോഹന്നാൻ 18:36) അതുകൊണ്ടാണ്‌ രാജ്യം “സ്വർഗ്ഗീയ യെരുശലേം” എന്ന്‌ വിളിക്കപ്പെടുന്നത്‌.—എബ്രായർ 12:22, 28.

ദൈവരാജ്യ പ്രജകളായിരിക്കാനാഗ്രഹിക്കുന്നവർ അനുസരിക്കേണ്ട നിയമങ്ങളുടെ രൂപരേഖ യേശു നൽകി. ഈ നിയമങ്ങൾ ഇപ്പോൾ ബൈബിളിൽ കാണപ്പെടുന്നു. ഏററം പ്രധാനപ്പെട്ട നിയമങ്ങൾ മനുഷ്യർ ദൈവത്തെയും തമ്മിൽ തമ്മിലും സ്‌നേഹിക്കണമെന്നുളളതായിരുന്നു.—മത്തായി 22:37–39.

രാജ്യം ഭരിക്കുന്നത്‌ താൻ തനിയെ ആയിരിക്കില്ല എന്ന്‌ യേശു വെളിപ്പെടുത്തി. സ്വർഗ്ഗത്തിലേക്കുപോയി അവനോടൊപ്പം ഭരിക്കാൻ തിരഞ്ഞെടുക്കപ്പെടുന്ന ആളുകളുണ്ടായിരിക്കും. (ലൂക്കോസ്‌ 12:32; യോഹന്നാൻ 14:3) അവിടെ എത്ര പേരുണ്ടായിരിക്കും? 1,44,000 എന്ന്‌ വെളിപ്പാട്‌ 14:1 ഉത്തരം നൽകുന്നു.

1,44,000 പേർ മാത്രമേ യേശുവിനോടുകൂടി ഭരിക്കാൻ സ്വർഗ്ഗത്തിലേക്കു പോവുകയുളളുവെങ്കിൽ മനുഷ്യവർഗ്ഗത്തിൽ ശേഷം പേർക്ക്‌ എന്തു പ്രത്യാശയാണുളളത്‌?

ബൈബിൾ ഉത്തരം പറയുന്നു: “നീതിമാൻമാർ ഭൂമിയെ അവകാശമാക്കി എന്നേയ്‌ക്കും അതിൽ വസിക്കും.”—സങ്കീർത്തനം 37:29.

എന്നേയ്‌ക്കും ഭൂമിയിൽ ജീവിക്കുന്നവർ “വേറെ ആടുകൾ” എന്ന്‌ വിളിക്കപ്പെട്ടിരിക്കുന്നു.—യോഹന്നാൻ 10:16.

അതുകൊണ്ട്‌ രണ്ട്‌ പ്രത്യാശകളുണ്ട്‌. സ്വർഗ്ഗത്തിലേക്കു പോയി യേശുക്രിസ്‌തുവിനോടുകൂടെ ഭരിക്കാൻ യഹോവയാം ദൈവത്താൽ ക്ഷണിക്കപ്പെടുന്ന 1,44,000 പേരുണ്ട്‌. എന്നാൽ വേറെ ദശലക്ഷങ്ങൾക്ക്‌ അവന്റെ രാജ്യത്തിന്റെ പ്രജകളെന്ന നിലയിൽ എന്നേയ്‌ക്കും ഭൂമിയിൽ ജീവക്കുന്നതിന്റെ ഉറപ്പു ലഭിച്ച പ്രത്യാശയുമുണ്ട്‌.—വെളിപ്പാട്‌ 5:10.

സാത്താൻ യേശുവിനെ ദ്വേഷിക്കുകയും അവനെ എതിർക്കുകയും ചെയ്‌തു. യേശു മൂന്നര വർഷങ്ങൾ പ്രസംഗിച്ച ശേഷം അറസ്‌ററു ചെയ്യപ്പെടുന്നതിനും ഒരു സ്‌തംഭത്തിൽ തറച്ചു കൊല്ലപ്പെടുന്നതിനും സാത്താൻ ഇടയാക്കി. എന്തുകൊണ്ടാണ്‌ ദൈവം ഇതനുവദിച്ചത്‌?

ആദാമിൽ നിന്നുളളവരാകയാൽ നാം എല്ലാവരും പാപം ചെയ്യുകയും മരണത്തിന്‌ അർഹരായിത്തീരുകയും ചെയ്‌തു എന്ന്‌ ഓർമ്മിക്കുക.—റോമർ 6:23.

അത്ഭുതകരമായി ജനിച്ചതിനാൽ യേശു പൂർണ്ണനും മരണം അർഹിക്കാത്തവനും ആയിരുന്നു എന്നും കൂടി ഓർമ്മിക്കുക. എന്നാൽ യേശുവിനെ ‘കുതികാലിൽ മുറിവേൽപ്പിക്കാൻ,’ അവനെ കൊല്ലാൻ ദൈവം സാത്താനെ അനുവദിച്ചു. എന്നാൽ ദൈവം അവനെ ഒരു അമർത്ത്യ ആത്മ വ്യക്തിയായി വീണ്ടും ജീവനിലേക്കു കൊണ്ടുവന്നു. അവന്‌ അപ്പോഴും ഒരു പൂർണ്ണ മാനുഷ ജീവനുളള അവകാശം ഉണ്ടായിരുന്നതിനാൽ മനുഷ്യവർഗ്ഗത്തെ പാപത്തിൽ നിന്ന്‌ മോചിപ്പിക്കാനുളള മോചന ദ്രവ്യമായി അവന്‌ അതു ഉപയോഗിക്കാൻ കഴിയുമായിരുന്നു.—ഉൽപത്തി 3:15; റോമർ 5:12, 21; മത്തായി 20:28.

യേശുവിന്റെ ബലി എന്തർത്ഥമാക്കുന്നു എന്ന്‌ നമ്മെ പൂർണ്ണമായി മനസ്സിലാക്കാൻ ബൈബിൾ പ്രാവചനിക മാതൃകകൾ ഉപയോഗിച്ചുകൊണ്ട്‌ അതേപ്പററി സംസാരിക്കുന്നു.

ഉദാഹരണത്തിന്‌ അബ്രഹാമിന്‌ തന്നോടുളള സ്‌നേഹത്തിന്റെ ഒരു പരിശോധനയെന്ന നിലയിൽ തന്റെ പുത്രനെ ബലി അർപ്പിക്കാൻ യഹോവ അവനോട്‌ ആവശ്യപ്പെട്ടത്‌ നിങ്ങൾ ഓർമ്മിക്കുന്നുവോ?

ഇതു യേശുവിന്റെ ബലിയുടെ ഒരു പ്രാവചനിക മാതൃകയാണ്‌. നമുക്ക്‌ ജീവൻ ലഭിക്കേണ്ടതിന്‌ തന്റെ പുത്രനായ യേശു മരിക്കാൻ അനുവദിക്കത്തക്കവണ്ണം മനുഷ്യ വർഗ്ഗത്തോടുളള യഹോവയുടെ സ്‌നേഹം എത്ര വലുതാണെന്ന്‌ അതു കാണിച്ചു.യോഹന്നാൻ 3:16.

യഹോവ യിസ്രായേല്യരെ ഈജിപ്‌ററിൽ നിന്ന്‌ രക്ഷപ്പെടുത്തുകയും മരണ ദൂതൻ അവർക്ക്‌ മുകളിലൂടെ കടന്നു പോകാൻ ഇടയാക്കിക്കൊണ്ട  അവരുടെ ആദ്യജാതൻമാരെ സംരക്ഷിച്ചുവെന്നും നിങ്ങൾ ഓർമ്മിക്കുന്നുണ്ടോ?—പുറപ്പാട്‌ 12:12, 13.

ഇതൊരു പ്രാവചനിക മാതൃകയായിരുന്നു. കുഞ്ഞാടിന്റെ രക്തം യിസ്രായേല്യ ആദ്യജാതൻമാർക്ക്‌ ജീവനെ അർത്ഥമാക്കിയതുപോലെതന്നെ യേശുവിന്റെ ചൊരിയപ്പെട്ട രക്തം അവനിൽ വിശ്വസിക്കുന്നവർക്ക്‌ ജീവനെ അർത്ഥമാക്കുന്നു. അന്നു രാത്രിയിലെ സംഭവങ്ങൾ യിസ്രായേലിന്‌ സ്വാതന്ത്ര്യത്തെ അർത്ഥമാക്കിയതുപോലെ യേശുവിന്റെ മരണം മനുഷ്യവർഗ്ഗത്തിന്‌ പാപത്തിൽനിന്നും മരണത്തിൽ നിന്നുമുളള സ്വാതന്ത്ര്യം നൽകുന്നു.

അതുകൊണ്ടാണ്‌ “ലോകത്തിന്റെ പാപത്തെ നീക്കിക്കളയുന്ന ദൈവത്തിന്റെ കുഞ്ഞാട്‌ എന്ന്‌ യേശു വിളിക്കപ്പെട്ടിരിക്കുന്നത്‌.”—യോഹന്നാൻ 1:29.

എന്നാൽ യേശു ഭൂമിയിലായിരുന്നപ്പോൾ അവൻ ശിഷ്യൻമാരെ കൂട്ടിച്ചേർക്കുകയും തന്റെ മരണശേഷം പോലും രാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കുവാൻ അവരെ പരിശീലിപ്പിക്കുകയും ചെയ്‌തു.—മത്തായി 10:5; ലൂക്കോസ്‌ 10:1.

യേശുവിനോടുകൂടി അവന്റെ രാജ്യത്തിൽ ഭരിക്കാൻ ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യ മനുഷ്യർ ഇവരായിരുന്നു.—ലൂക്കോസ്‌ 12:32.

തന്റെ നിയമങ്ങൾ അനുസരിച്ചാൽ അവർ “പുരോഹിതൻമാരുടെ ഒരു രാജ്യമായിത്തീരും” എന്ന്‌ ദൈവം യഹൂദൻമാരോട്‌ വാഗ്‌ദാനം ചെയ്‌തത്‌ നിങ്ങൾ ഓർമ്മിക്കുന്നുണ്ടോ? ഇപ്പോൾ അവർ യേശുവിനെ സ്വീകരിച്ചിരുന്നുവെങ്കിൽ ദൈവരാജ്യത്തിന്റെ ഭാഗമായിരിക്കുന്നതിനും സ്വർഗ്ഗീയ പുരോഹിതൻമാരായി സേവിക്കുന്നതിനും ഉളള അവസരം അവർക്കുണ്ടായിരുന്നു. എന്നാൽ മിക്കവരും യേശുവിനെ തളളിക്കളഞ്ഞു.

അതുകൊണ്ട്‌ അന്നുമുതൽ യഹൂദൻമാർ മേലാൽ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായിരുന്നില്ല. പാലസ്‌ൻ മേലാൽ വാഗ്‌ദത്ത നാടും ആയിരുന്നിട്ടില്ല.—മത്തായി 21:43; 23:37, 38.

യേശുവിന്റെ നാൾ മുതൽ ഇന്നുവരെ സ്വർഗ്ഗത്തിൽ യേശുവിനോടുകൂടെ വാഴാൻ ഏററം യോഗ്യരായവരെ യേശു തിരഞ്ഞെടുത്തുകൊണ്ടിരിക്കുകയായിരുന്നു. ഇന്ന്‌ അവരിൽ ഏതാനും ആയിരങ്ങൾ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ട്‌. അവരെ നാം അഭിഷിക്ത ശേഷിപ്പ്‌ എന്നു വിളിക്കുന്നു.വെളിപ്പാട്‌ 12:17.

ദൈവരാജ്യം എന്താണ്‌ എന്ന്‌ ഇപ്പോൾ നിങ്ങൾ മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നു. അതു സ്വർഗ്ഗത്തിലുളള ഒരു ഗവൺമെൻറാണ്‌. അതിന്റെ രാജാവ്‌ യേശുക്രിസ്‌തുവാണ്‌. ഭൂമിയിൽ നിന്നുളള 1,44,000 പേർ അവനോടുകൂടെ പങ്കു ചരുകയും ചെയ്യുന്നു. അതു ഭൂമിയിലുളള വിശ്വസ്‌ത മനുഷ്യവർഗ്ഗത്തിൻമേൽ ഭരണം നടത്തും. അതിന്‌ ഭൂമിയിൽ സമാധാനം സ്ഥാപിക്കുന്നതിനുളള ശക്തി ഉണ്ടായിരിക്കും.

തന്റെ മരണശേഷം യേശു ഉയ ർപ്പിക്കപ്പെടുകയും സ്വർഗ്ഗത്തിലേക്കു പോവുകയും ചെയ്‌തു. ദൈവരാജ്യത്തിന്റെ രാജാവായി ഭരണം തുടങ്ങുന്നതിനുളള സമയമായി എന്നു ദൈവം പറയാൻ വേണ്ടി അവൻ കാത്തിരുന്നു. (സങ്കീർത്തനം 110:1) അതു എപ്പോഴായിരിക്കും?

ചിലപ്പോൾ തന്റെ രാജ്യത്തെപ്പററിയുളള വിവരങ്ങൾ ആളുകളോട്‌ പറയാൻ യഹോവ അവർക്ക്‌ സ്വപ്‌നങ്ങൾ നൽകി.

ദാനിയേലിന്റെ നാളുകളിൽ ബാബിലോൻരാജാവായ നെബുഖദ്‌നേസർ അത്തരം ഒരു സ്വപ്‌നം കാണാൻ യഹോവ ഇടയാക്കി. അതൊരു വൻവൃക്ഷത്തെ സംബന്ധിച്ചായിരുന്നു.—ദാനിയേൽ 4:10–37.

വൃക്ഷം വെട്ടിയിടപ്പെടുകയും അതിന്റെ കുററി ഏഴു വർഷത്തേക്ക്‌ ബന്ധനത്തിൽ വയ്‌ക്കപ്പെടുകയും ചെയ്‌തു.

ആ വൃക്ഷം നെബുഖദ്‌നേസറെ പ്രതിനിധാനം ചെയ്‌തു. കുററി ഏഴു വർഷത്തേക്കു ബന്ധിക്കപ്പെട്ടതു പോലെ നെബുഖദ്‌നേസറിന്‌ ഏഴുവർഷത്തേക്കു സുബോധം നഷ്ടപ്പെട്ട. പിന്നീട്‌ അവന്‌ സുബോധം വീണ്ടു കിട്ടി.

ഇതെല്ലാം ഒരു പ്രാവചനിക മാതൃകയായിരുന്നു. നെബുഖദ്‌നേസർ യഹോവയുടെ ലോക വിസ്‌തൃതമായ ഭരണത്തെ ചിത്രീകരിച്ചു. ആദ്യം അതു യെരുശലേമിൽ ദാവീദ്‌ രാജാവിന്റെ പിൻഗാമികളാൽ നിർവ്വഹിക്കപ്പെട്ട. പൊ. യു. മു. 607–ൽ ബാബിലോൻ യെരുശലേം പിടിച്ചടക്കിയപ്പോൾ ആ രാജവംശഭരണം തടസ്സം ചെയ്യപ്പെട്ട. “നിയമ പരമായി അവകാശമുളളവൻ വരുവോളം” ദാവീദിന്റെ വംശത്തിൽ മറെറാരു രാജാവ്‌ ഉണ്ടായിരിക്കുകയില്ല.(യെഹസ്‌ക്കേൽ 21:27.)

അതു യേശുക്രിസ്‌തുവായിരുന്നു.

യേശു ഭരണമാരംഭിക്കുന്നത്‌ പൊ. യു. മു. 607 മുതൽ എത്ര വർഷം കഴിഞ്ഞായിരിക്കും? ഏഴു പ്രാവചന ക വർഷങ്ങൾ. അതായത്‌ 2,520 വർഷങ്ങൾ (വെളിപ്പാട്‌ 12:6, 14) പൊ. യു. മു. 607 മുതൽ 2,520 വർഷങ്ങൾ നമ്മെ പൊ. യു. 1914–ൽ എത്തിക്കുന്നു.

അതുകൊണ്ട്‌ 1914–ൽ യേശു സ്വർഗ്ഗങ്ങളിൽ വാഴ്‌ചയാരംഭിച്ചു. അതിന്റെ അർത്ഥമെന്തായിരുന്നു?

 പ്പാസ്‌തലനായ യോഹന്നാൻ കണ്ട ഒരു ദർശനത്തിലൂടെ ബൈബിൾ നമ്മോട്‌ പറയുന്നു.

സ്വർഗ്ഗത്തിൽ ഒരു സ്‌ത്രീ ഒരു ആൺകുട്ടിക്ക്‌ ജൻമം നൽകുന്നത്‌ അവൻ കണ്ടു.വെളിപ്പാട്‌ 12:1, 2.

ആ സ്‌ത്രീ സ്വർഗ്ഗത്തിലെ ദൈവത്തിന്റെ എല്ലാ ദൂതസേവകരും കൂടി ചേർന്നുളള സ്വർഗ്ഗീയ സ്ഥാപനത്തെ ചിത്രീകരിച്ചു. ആൺകുട്ടി ദൈവരാജ്യത്തെയും ചിത്രീകരിച്ചു. അതു 1914–ൽ “ജനിച്ചു.”

അതിനു ശേഷം എന്തു സംഭവിച്ചു? രാജാവെന്ന നിലയിൽ യേശു ആദ്യം ചെയ്‌തത്‌ സാത്താനെയും അവനോടുകൂടെ മൽസരിച്ച ദൂതൻമാരെയും സ്വർഗ്ഗത്തിൽ നിന്ന്‌ ഭൂമിയിലേക്കു തളളിക്കളയുക എന്നുളളതായിരുന്നു.—വെളിപ്പാട്‌ 12:7.

അതിന്റെ അനന്തരഫലം ബൈബിൾ നമ്മോട്‌ പറയുന്നു: “സ്വർഗ്ഗങ്ങളും അതിൽ വസിക്കുന്നവരുമായുളേളാരെ സന്തോഷിപ്പിൻ! ഭൂമിക്കും സമുദ്രത്തിനും അയ്യോ കഷ്ടം, എന്തുകൊണ്ടെന്നാൽ പിശാച്‌ തനിക്ക്‌ അൽപ്പകാലമേ ശേഷിച്ചിട്ടളളു എന്നറിഞ്ഞുകൊണ്ട്‌ മഹാകോപത്തോടെ നിങ്ങളുടെ അടുക്കലേക്കു ഇറങ്ങി വന്നിരിക്കുന്നു.”—വെളിപ്പാട്‌ 12:12.

അതുകൊണ്ട്‌ യേശു സ്വർഗ്ഗത്തിൽ വാഴ്‌ചയാരംഭിച്ചപ്പോൾ അവന്റെ ശത്രുക്കൾ ഭൂമിയിൽ വളരെ തിരക്കോടെ പ്രവർത്തനം ആരംഭിച്ചു. ബൈബിൾ മുൻകൂട്ടി പറഞ്ഞതുപോലെ അവൻ തന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴ്‌ചയാരംഭിച്ചു.—സങ്കീർത്തനം 110:1, 2.

ഇതു മനുഷ്യവർഗ്ഗത്തിന്‌ എന്ത്‌ അർത്ഥമാക്കും?

യേശു നമ്മോട്‌ പറഞ്ഞു: യുദ്ധങ്ങൾ, ഭക്ഷ്യക്ഷാമം, രോഗങ്ങൾ, ഭൂകമ്പങ്ങൾ.മത്തായി 24:7, 8; ലൂക്കോസ്‌ 21:10, 11.

1914 മുതൽ ഇവ സംഭവ ക്കുന്നത്‌ നാം കണ്ടിരിക്കുന്നു. അന്നു മുതൽ രാജ്യം ഭരണം ആരംഭിച്ചു എന്ന്‌ നാം അറിയുന്നതിന്റെ മറെറാരു കാരണം അതാണ്‌.

കൂടാതെ “പോംവഴി അറിയാത്ത രാഷ്‌ട്രങ്ങളുടെ അതിവേദനയുമുണ്ടായിരിക്കും . . . അപ്പോൾ മനുഷ്യർ ഭയം നിമിത്തം നിർജ്ജീവൻമാരായിത്തീരും.” (ലൂക്കോസ്‌ 21:25, 26) 1914 മുതൽ അതു നമ്മൾ കണ്ടിരിക്കുന്നു.

“ആളുകൾ സ്വസ്‌നേഹികളും പണസ്‌നേഹികളും . . . മാതാപിതാക്കളെ അനുസരിക്കാത്തവരും . . . വഴങ്ങാത്തവരും അപവാദികളും ആത്മനിയന്ത്രണമില്ലാത്തവരുമായിരിക്കുമെന്ന്‌” അ പ്പാസ്‌തലനായ പൗ  സ്‌ കൂട്ടിച്ചേർത്തു.—2 തിമൊഥെയോസ്‌ 3:1–5.

ഇന്നു ജീവിതം ഇത്ര ബുദ്ധിമുട്ട നിറഞ്ഞതായിരിക്കുന്നതെന്തുകൊണ്ടെന്ന്‌ ഇപ്പോൾ നിങ്ങൾക്കറിയാം. സാത്താൻ വളരെ തിരക്കോടെ പ്രവർത്തിച്ചിരിക്കുന്നു. എന്നാൽ ദൈവരാജ്യവും പ്രവർത്തന നിരതമായിരുന്നിട്ടണ്ട്‌.

1914 കഴിഞ്ഞ്‌ ഉടനെതന്നെ സ്വർഗ്ഗത്തിൽ യേശുവിനോടുകൂടെ ഭരിക്കാൻ പ്രത്യാശയുളളവരുടെ ശേഷിപ്പ്‌ രാജ്യം സ്ഥാപിതമായിരിക്കുന്നു എന്നുളള സുവാർത്ത പ്രസംഗിക്കാൻ തുടങ്ങി. യേശു മുൻകൂട്ടി പറഞ്ഞിരുന്നതുപോലെ ഈ വേല ഇന്ന്‌ ലോകത്തിലെല്ലാം വ്യാപിച്ചിരിക്കുന്നു.—മത്തായി 24:14.

ഈ പ്രസംഗവേലയുടെ ഉദ്ദേശ്യമെന്താണ്‌?

ഒന്നാമതായി അതു ദൈവരാജ്യത്തെപ്പററി ആളുകളോട്‌ പറയാനാണ്‌.

രണ്ടാമത്‌ അത്‌ ദൈവരാജ്യത്തിന്റെ പ്രജകളായിരിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവോ എന്ന്‌ തീരുമാനമെടുക്കാൻ ആളുകളെ സഹായിക്കാനാണ്‌.

നമ്മുടെ നാളുകളിൽ മനുഷ്യവർഗ്ഗം മുഴുവൻ ചെമ്മരിയാടുതുല്യരും കോലാടുതുല്യരുമായി വിഭജിക്കപ്പെടുമെന്ന്‌ യേശു പറഞ്ഞു.—മത്തായി 25:31–46.

തന്നെയും തന്റെ സഹോദരൻമാരെയും സ്‌നേഹിക്കുന്നവർ “ചെമ്മരിയാടുകളാ” യിരിക്കും. അങ്ങനെ ചെയ്യാത്തവർ “കോലാടുകളു” മായിരിക്കും.

“ചെമ്മരിയാടുകൾക്ക്‌” നിത്യജീവൻ ലഭിക്കും. “കോലാടുകൾക്ക്‌” അതു ലഭിക്കുകയില്ല.

രാജ്യസുവാർത്തയുടെ പ്രസംഗത്താൽ ഈ വേർതിരിക്കൽ വേല നിർവ്വഹിക്കപ്പെട്ട കൊണ്ടിരിക്കുകയാണ്‌.

പ്രവാചകനായ യെശയ്യാവിനാലുളള ഒരു പ്രവചനം ഇതാണ്‌:

“നാളുകളുടെ അന്തിമഭാഗത്ത്‌ ഇതു സംഭവിക്കണം, യഹോവയുടെ ആലയമുളള പർവ്വതം പർവ്വതങ്ങളുടെ ശീഖരത്തിൻമീതെ ദൃഢമായി സ്ഥാപിതമായിത്തീരും, അതു തീർച്ചയായും കുന്നുകൾക്കു മീതെ ഉയർത്തപ്പെടും; അതിലേക്ക്‌ സകല ജനതകളും ഒഴുകിച്ചെല്ലേണ്ടതാണ്‌.”—യെശയ്യാ 2:2.

മനുഷ്യവർഗ്ഗം ഇന്ന്‌ “നാളുകളുടെ അന്തിമഭാഗത്താണ്‌.”

യഹോവയുടെ “ആരാധനാലയം” വ്യാജമതങ്ങൾക്ക്‌ മീതെ “ഉയർത്തപ്പെട്ടിരിക്കുന്നു.”

“തീർച്ചയായും അനേകം ജനങ്ങളും പോകുകയും ഇപ്രകാരം പറയുകയും ചെയ്യും: ‘ജനങ്ങളേ വരുവിൻ നമുക്ക്‌ യഹോവയുടെ പർവ്വതത്തിലേക്ക്‌ യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്ക്‌ കയറിച്ചെല്ലാം, അവൻ തന്റെ വഴികളെ ക്കുറിച്ച്‌ നമ്മെ പഠിപ്പിക്കും, നാം അവന്റെ പാതകളിൽ നടക്കുകയും ചെയ്യും.’”—യെശയ്യാ 2:3.

അതുകൊണ്ട്‌ എല്ലാ രാഷ്‌ട്രങ്ങളിൽ നിന്നുമുളള അനേകർ യഹോവയെ ആരാധിക്കാൻ വരികയും തങ്ങളോടൊപ്പം ചേരാൻ മററുളളവരെ ക്ഷണിക്കുകയും ചെയ്യുന്നു. യഹോവ ആവശ്യപ്പെടുന്ന വിധത്തിൽ പ്രവർത്തിക്കാൻ അവർ പഠിക്കുന്നു.

“അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ കോതുകത്രികകളായും അടിച്ചുതീർക്കും. ജനത ജനതയ്‌ക്കു നേരെ വാളോങ്ങുകയില്ല. അവർ മേലാൽ യുദ്ധം അഭ്യസിക്കുകയുമില്ല.”—യെശയ്യാവ്‌ 2:4.

യഹോവയെ ആരാധിക്കുന്നവർ ഐക്യമുളളവരും സമാധാനത്തിൽ കഴിയുന്നവരുമാണ്‌.

ദൈവരാജ്യം മുഖാന്തരമുളള ഈ പ്രവർത്തനത്തിന്റെ ഫലമായി ഇപ്പോൾ ലോകത്തിലെല്ലാമായി ഈ രാജ്യത്തിന്‌ ഏതാണ്ട്‌ 30 ലക്ഷം പ്രജകളുണ്ട്‌.

അവർ ശേഷിപ്പിന്റെ, അതായത്‌ സ്വർഗ്ഗത്തിലേക്കു പോകാനും യേശുവിനോടുകൂടെ ഭരിക്കാനും പ്രത്യാശയുളളവരിൽ ശേഷിച്ചിരിക്കുന്നവരുടെ ചുററുമായി കൂടിവന്നിരിക്കുന്നു.

ദൈവത്തിന്റെ സ്ഥാപനത്തിലൂടെ അവർക്ക്‌ ആത്മീയാഹാരം ലഭിച്ചു കൊണ്ടിരിക്കുന്നു.—മത്തായി 24:45–47.

അന്യോന്യം യാഥാർത്ഥത്തിൽ സ്‌നേഹിക്കുന്ന ക്രിസ്‌ത്യനികളുടെ ഒരു അന്താരാഷ്‌ട്ര സഹോദരവർഗ്ഗമാണ്‌ അവർ.—യോഹന്നാൻ 13:35.

മനസ്സമാധാന; ഭാവിയെ സംബന്ധിച്ച ഒരു പ്രത്യാശ, അവർ ആസ്വദിക്കുന്നു.—ഫിലിപ്പ്യർ 4:7.

താമസിയാതെ സുവാർത്ത പ്രസംഗിക്കപ്പെട്ട കഴിഞ്ഞിരിക്കും. “ചെമ്മരിയാടുകൾ” കൂട്ടിച്ചേർക്കപ്പെട്ടിരിക്കും. അതിനുശേഷം രാജ്യം എന്തു ചെയ്യും?

വിശ്വസ്‌ത രാജാവായിരുന്ന ദാവീദ്‌ ദൈവജനത്തിന്റെ എല്ലാ ശത്രുക്കളെയും കീഴടക്കി എന്നതു നിങ്ങൾ ഓർമ്മിക്കുന്നുണ്ടോ? കൊളളാം, രാജാവായ യേശുവും അതു തന്നെ ചെയ്യും.

ഒരിക്കൽ നെബൂഖദ്‌നേസർ രാജാവ്‌ തന്റെ നാൾ മുതൽ നമ്മുടെ നാളുകൾ വരെയുളള സകല സാമ്രാജ്യങ്ങളുടെയും പ്രതീകമായിരുന്ന ഒരു വലിയ പ്രതിമയെ സംബന്ധിച്ച്‌ ഒരു സ്വപ്‌നം കണ്ടു.

അതിനുശേഷം പർവ്വതത്തിൽ നിന്ന്‌ വെട്ടിയെടുക്കപ്പെട്ട ഒരു കല്ലു കണ്ടു. അതു ആ പ്രതിമയെ കഷണങ്ങളായി തകർത്തുകളഞ്ഞു. ആ കല്ല്‌ ദൈവരാജ്യത്തെ പ്രതിനിധാനം ചെയ്‌തു.

ഇതു ഇന്നത്തെ ദുഷ്ട വ്യവസ്ഥിതിയുടെ നാശത്തെ അർത്ഥമാക്കുന്നു.—ദാനിയേൽ 2:44.

രാജ്യം മറിച്ചിടുന്ന ചില സംഗതികൾ ഇവയായിരിക്കും.

കടലിലേക്കു വലിച്ചെറിയപ്പെട്ട ഒരു തിരികല്ലു പോലെ വ്യാജമതം അപ്രത്യക്ഷമാകും.—വെളിപ്പാട്‌ 18:21.

അതുകൊണ്ടാണ്‌ ദൈവത്തെ സ്‌നേഹിക്കുന്ന എല്ലാവരും ഇപ്പോൾ തന്നെ വ്യാജമതത്തിൽ നിന്ന്‌ പുറത്തു കടക്കാൻ പ്രോൽസാഹിപ്പിക്കപ്പെട്ടിരിക്കുന്നത്‌.—വെളിപ്പാട്‌ 18:4.

അടുത്തതായി രാജാവായ യേശു “ജനതകളെ അടിക്കും . . . അവൻ അവരെ ഇരുമ്പുകോൽ കൊണ്ട്‌ മേയിക്കും.”—വെളിപ്പാട്‌ 19:15.

അതുകൊണ്ട്‌ യഹോവയുടെ സാക്ഷികൾ നികുതി കൊടുക്കുകയും രാജ്യത്തിന്റെ നിയമങ്ങൾ അനുസരിക്കുകയും ചെയ്യുമെങ്കിലും അവർ രാഷ്‌ട്രീയ കാര്യങ്ങളിൽ ഉൾപ്പെടുന്നില്ല.

അവസാനം “മഹാസർപ്പമായ” സാത്താൻതന്നെ അന്ധകാരത്തിലേക്കു വലിച്ചെറിയപ്പെടും.—വെളിപ്പാട്‌ 20:2, 3.

രാജാവെന്ന നിലയിൽ യേശുവിന്‌ കീഴ്‌പ്പെടുന്ന “ചെമ്മരിയാടുകൾ” മാത്രം ഈ മഹോപദ്രവത്തെ അതിജീവിക്കും.—മത്തായി 25:31–34, 41, 46.

മഹോപദ്രവത്തെ അതിജീവക്കുന്ന “ചെമ്മരിയാടുകളെ” സംബന്ധിച്ച്‌ അപ്പോസ്‌തലനായ യോഹന്നാൻ ഒരു ദർശനം കണ്ടു.

“ഞാൻ കണ്ടു. കണ്ടാലും! സകല രാഷ്‌ട്രങ്ങളിലും വംശങ്ങളിലും ജനതകളിലും ഭാഷകളിലും നിന്നുളളതായി ഒരു മനുഷ്യനും എണ്ണാൻ കഴിയാഞ്ഞ ഒരു മഹാപുരുഷാരം വെളള അങ്കികളണിഞ്ഞ്‌ സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പാകെ നിൽക്കുന്നു; അവരുടെ കയ്യിൽ കുരുത്തോലയും ഉണ്ടായിരുന്നു.”—വെളിപ്പാട്‌ 7:9.

ഈ “മഹാപുരുഷാരം” സുവാർത്താ പ്രസംഗത്തോട്‌ അനുകൂലമായി പ്രതികരിക്കുന്ന എല്ലാവരും ചേർന്നതാണ്‌.

അവർ “മഹാകഷ്ടത്തിൽ നിന്ന്‌ പുറത്തു വരുന്നു.”—വെളിപ്പാട്‌ 7:14.

“കുരുത്തോല” കാണിക്കുന്നത്‌ അവർ യേശുവിനെ രാജാവെന്ന നിലയിൽ സ്വാഗതം ചെയ്യുന്നു എന്നാണ്‌.

അവർ “വെളള അങ്കി” ധരിച്ചിരിക്കുന്നത്‌ അവർക്ക്‌ യേശുവിന്റെ ബലിയിൽ വിശ്വാസമുണ്ടെന്ന്‌ കാണിക്കുന്നു.

“കുഞ്ഞാട്‌” യേശുക്രിസ്‌തുവാണ്‌.

അവർ അപ്പോൾ എന്തനുഗ്രഹങ്ങളാണ്‌ ആസ്വദിക്കുക? വിശ്വസ്‌ത രാജാവായിരുന്ന ശലോമോൻ യിസ്രായേലിൽ ഭരിച്ചിരുന്ന കാലത്തെ സന്തുഷ്ടി നിങ്ങൾ ഓർമ്മിക്കുന്നുണ്ടോ? അതു രാജാവായ യേശുക്രിസ്‌തുവിന്റെ കീഴിൽ ഭൂമിയിലുണ്ടായിരിക്കുന്ന സന്തുഷ്ടിയുടെ ഒരു ചെറിയ ചിത്രം നൽകി.

യെശയ്യാവ്‌ മുൻകൂട്ടി പറഞ്ഞതുപോലെ അന്ന്‌ അക്ഷരാർത്ഥത്തിൽ മനുഷ്യവർഗ്ഗത്തിനിടയിലും മനുഷ്യനും മൃഗവും തമ്മിലും സമാധാനം ഉണ്ടായിരിക്കും.—സങ്കീർത്തനം 46:9; യെശയ്യാ 11:6–9.

ഭൂമിയിലായിരുന്നപ്പോൾ യേശു രോഗികളെ സൗഖ്യമാക്കിയതുപോലെ മനുഷ്യവർഗ്ഗത്തിനിടയിൽ നിന്ന്‌ അവൻ എല്ലാ രോഗവും നീക്കിക്കളയും.—യെശയ്യാ 33:24.

അവൻ പുരുഷാരത്തെ ഭക്ഷണം കൊടുത്തു തൃപ്‌തരാക്കിയതു പോലെ അവൻ മനുഷ്യവർഗ്ഗത്തിനിടയിൽ ഭക്ഷ്യക്ഷാമം ഇല്ലാതാക്കും.—സങ്കീർത്തനം 72:16.

അവൻ മരിച്ചവരെ ഉയിർപ്പിച്ചതു പോലെ ദൈവരാജ്യത്തിന്‌ തങ്ങളെത്തന്നെ കീഴ്‌പ്പെടുത്താൻ ശരിയായ അവസരം ലഭിക്കാഞ്ഞ മരിച്ചവരെ അവൻ ഉയിർപ്പിക്കും.—യോഹന്നാൻ 5:28, 29.

ക്രമേണ ആദാം നഷ്ടപ്പെടുത്തിയ മാനുഷ പൂർണ്ണതയിലേക്കു മനുഷ്യവർഗ്ഗത്തെ അവൻ തിരികെ കൊണ്ടുവരും.

അതു അത്ഭുതകരമായ ഒരു ഭാവിയല്ലേ? അതു കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എങ്കിൽ ദൈവരാജ്യത്തിന്‌ നിങ്ങളെത്തന്നെ കീഴ്‌പ്പെടുത്താൻ കഴിയേണ്ടതിന്‌ ഒരു “ചെമ്മരിയാടാ”യിത്തീരുന്നതിന്‌ ഇപ്പോൾതന്നെ പ്രവർത്തിക്കുക.

ബൈബിൾ പഠിക്കുകയും യഹോവയാം ദൈവത്തെയും യേശുക്രിസ്‌തുവിനെയും അറിയുകയും ചെയ്യുക.—യോഹന്നാൻ 17:3.

രാജ്യത്തിന്റെ പ്രജകളായിത്തീർന്നിരിക്കുന്ന മററുളളവരുമായി സഹവസിക്കുക.—എബ്രായർ 10:25.

രാജ്യത്തിന്റെ നിയമങ്ങൾ പഠിക്കുകയും അവ അനുസരിക്കുകയും ചെയ്യുക.—യെശയ്യാ 2:3, 4.

യഹോവയെ സേവിക്കാൻ നിങ്ങളെത്തന്നെ സമർപ്പിക്കുകയും സ്‌നാനമേൽക്കുകയും ചെയ്യുക.—മത്തായി 28:19, 20.

യഹോവയെ അപ്രീതിപ്പെടുത്തുന്ന മോഷണം, ഭോഷ്‌ക്കുപറച്ചിൽ, അധാർമ്മികത, മുഴുക്കുടി എന്നിവപോലുളള മോശമായ കാര്യങ്ങളെ ഒഴിവാക്കുക.—1 കൊരിന്ത്യർ 6:9–11.

രാജ്യസുവാർത്ത പ്രസംഗിക്കുന്നതിൽ പങ്കുചേരുക.—മത്തായി 24:14.

അപ്പോൾ ദൈവത്തിന്റെ സഹായത്താൽ, തന്റെ സന്താന പരമ്പരകൾക്ക്‌ ആദാം നഷ്ടപ്പെടുത്തിയ പറുദീസ പുന:സ്ഥാപിക്കപ്പെടുന്നതും ഈ വാഗ്‌ദത്തം നിറവേററപ്പെടുന്നതും നിങ്ങൾ കാണും: “സിംഹാസനത്തിൽനിന്നും ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടത്‌: ‘നോക്കു! ദൈവത്തിന്റെ കൂടാരം മനുഷ്യരോടുകൂടെ, അവൻ അവരോടൊത്തു വസിക്കും. അവർ അവന്റെ ജനമായിരിക്കും. ദൈവം തന്നെ അവരോടൊപ്പം ഉണ്ടായിരിക്കും. അവൻ അവരുടെ കണ്ണിൽ നിന്ന്‌ കണ്ണുനീരെല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കുകയില്ല. വിലാപമോ നിലവളിയോ വേദനയോ മേലിൽ ഉണ്ടായിരിക്കുകയില്ല. ആദ്യത്തേവ കടന്നുപോയിരിക്കുന്നു.’”—വെളിപ്പാട്‌ 21:3, 4.

[20-ാം പേജിലെ ചാർട്ട്‌]

(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)

607 പൊ.യു.മു. 1914 പൊ.യു.

പൊ.യു.മു. പൊ.യു.

500 1,000 1,500 2,000 2,520

[11-ാം പേജിലെ ചിത്രങ്ങൾ]

അബ്രഹാം

ഇസഹാക്ക്‌

യാക്കോബ്‌

യഹൂദാ

ദാവീദ്‌

[14-ാം പേജിലെ ചിത്രങ്ങൾ]

1,44,000

[16-ാം പേജിലെ ചിത്രങ്ങൾ]

ആദാം

യേശു