ബൈബിളിനെ കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?
ബൈബിളിനെ കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?
ബൈബിൾ വായിക്കേണ്ടത് എന്തുകൊണ്ട്?
ബൈബിൾ മറ്റു പുസ്തകങ്ങളിൽനിന്നെല്ലാം തികച്ചും വ്യത്യസ്തമാണ്—ദൈവത്തിൽ നിന്നുള്ള സ്നേഹപൂർവകമായ മാർഗനിർദേശങ്ങളാണ് അതിൽ അടങ്ങിയിരിക്കുന്നത്. (1 തെസ്സലൊനീക്യർ 2:13) ബൈബിൾ പഠിപ്പിക്കുന്ന കാര്യങ്ങൾ ബാധകമാക്കുന്നെങ്കിൽ, നിങ്ങൾ വളരെയധികം പ്രയോജനം നേടും. ‘എല്ലാ നല്ല ദാനങ്ങളുടെയും തികഞ്ഞ വരങ്ങളുടെയും’ ദാതാവായ ദൈവത്തോടുള്ള നിങ്ങളുടെ സ്നേഹം വർധിക്കുമെന്നു മാത്രമല്ല, നിങ്ങൾ അവനോട് അടുത്തുവരുകയും ചെയ്യും. (യാക്കോബ് 1:17) പ്രാർഥനയിൽ അവനെ എങ്ങനെ സമീപിക്കണമെന്നു നിങ്ങൾ മനസ്സിലാക്കും. പ്രയാസകാലങ്ങളിൽ നിങ്ങൾക്കു ദൈവത്തിന്റെ സഹായം അനുഭവിക്കാൻ കഴിയും. ബൈബിളിൽ നൽകിയിരിക്കുന്ന നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിതം നയിച്ചാൽ ദൈവം നിങ്ങൾക്കു നിത്യജീവൻ നൽകും. —റോമർ 6:23.
നമ്മെ പ്രബുദ്ധരാക്കുന്ന സത്യങ്ങൾ ബൈബിളിൽ അടങ്ങിയിരിക്കുന്നു. ബൈബിൾ പരിജ്ഞാനം സമ്പാദിക്കുന്നത്, ദശലക്ഷക്കണക്കിന് ആളുകൾ കുരുങ്ങിക്കിടക്കുന്ന തെറ്റിദ്ധാരണകളിൽനിന്നും സ്വതന്ത്രരാകാൻ നമ്മെ സഹായിക്കുന്നു. ഉദാഹരണത്തിന്, മരണാനന്തരം നമുക്ക് എന്തു സംഭവിക്കുന്നു എന്നതു സംബന്ധിച്ച സത്യം അറിയുന്നത്, മരിച്ചവർക്കു നമ്മെ ഉപദ്രവിക്കാൻ കഴിയുമെന്ന ഭയത്തിൽനിന്നും മരിച്ചുപോയ നമ്മുടെ ബന്ധുക്കളും സുഹൃത്തുക്കളും യാതന അനുഭവിക്കുന്നു എന്ന ധാരണയിൽനിന്നും നമ്മെ സ്വതന്ത്രരാക്കുന്നു. (സഭാപ്രസംഗി 9:5, 10) പുനരുത്ഥാനത്തെ സംബന്ധിച്ച ബൈബിൾ പഠിപ്പിക്കൽ, മരണത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് ആശ്വാസം പ്രദാനം ചെയ്യുന്നു. (യോഹന്നാൻ 11:25) ദുഷ്ട ദൂതന്മാരെ കുറിച്ചുള്ള സത്യം അറിയുന്നത് ആത്മവിദ്യയുടെ അപകടങ്ങൾ സംബന്ധിച്ച് ജാഗ്രത പുലർത്താനും ഭൂമിയിൽ ഇത്രയധികം പ്രശ്നങ്ങൾ ഉള്ളതിന്റെ കാരണം മനസ്സിലാക്കാനും നമ്മെ സഹായിക്കുന്നു.
ശാരീരിക പ്രയോജനങ്ങൾ കൈവരുത്തുന്ന വിധത്തിൽ ജീവിക്കേണ്ടത് എങ്ങനെയെന്ന് ബൈബിളിൽ കാണുന്ന ദൈവിക തത്ത്വങ്ങൾ വ്യക്തമാക്കുന്നു. ഉദാഹരണത്തിന്, ‘ശീലങ്ങളിൽ മിതത്വം’ പാലിക്കുന്നത് നല്ല ആരോഗ്യം നിലനിറുത്താൻ സഹായിക്കുന്നു. (1 തിമൊഥെയൊസ് 3:2, NW) ‘ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കുന്നതിലൂടെ’ നമ്മുടെ ആരോഗ്യത്തിനു ഹാനികരമായ സംഗതികൾ നാം ഒഴിവാക്കുന്നു. (2 കൊരിന്ത്യർ 7:1) ദൈവം ബൈബിളിൽ നൽകിയിരിക്കുന്ന ബുദ്ധിയുപദേശം ബാധകമാക്കുന്നത് വിവാഹ സന്തുഷ്ടിയെയും ആത്മാഭിമാനത്തെയും വർധിപ്പിക്കുന്നു. —1 കൊരിന്ത്യർ 6:18.
ദൈവവചനം ബാധകമാക്കുന്നെങ്കിൽ, നിങ്ങൾ സന്തുഷ്ടനായിരിക്കും. ആന്തരിക സമാധാനവും സംതൃപ്തിയും കണ്ടെത്താൻ ബൈബിൾ പരിജ്ഞാനം നമ്മെ സഹായിക്കുന്നു, മാത്രമല്ല അതു നമുക്കു പ്രത്യാശ പകരുകയും ചെയ്യുന്നു. മനസ്സലിവ്, സ്നേഹം, സന്തോഷം, സമാധാനം, ദയ, തുടങ്ങിയ ആകർഷകമായ ഗുണങ്ങളും വിശ്വാസവും നട്ടുവളർത്താൻ അതു നമ്മെ സഹായിക്കുന്നു. (ഗലാത്യർ 5:22, 23; എഫെസ്യർ 4:24, 32) ഒരു മെച്ചപ്പെട്ട ഭർത്താവോ ഭാര്യയോ പിതാവോ മാതാവോ പുത്രനോ പുത്രിയോ ആയിത്തീരാൻ അത്തരം ഗുണങ്ങൾ നമ്മെ സഹായിക്കുന്നു.
ഭാവിയെ കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കാലത്തിന്റെ നീരൊഴുക്കിൽ നാം എവിടെയാണെന്ന് ബൈബിൾ പ്രവചനങ്ങൾ നമുക്കു കാണിച്ചുതരുന്നു. ഈ പ്രവചനങ്ങൾ ലോകത്തിന്റെ ഇന്നത്തെ അവസ്ഥ വിവരിക്കുക മാത്രമല്ല, ദൈവം പെട്ടെന്നുതന്നെ ഭൂമിയെ ഒരു പറുദീസയാക്കി മാറ്റുമെന്നു കൂടി വ്യക്തമാക്കുന്നു.—വെളിപ്പാടു 21:3, 4.
ബൈബിൾ മനസ്സിലാക്കാൻ സഹായം
ഒരുപക്ഷേ ബൈബിൾ വായിക്കാൻ ശ്രമിച്ചപ്പോൾ അതു ഗ്രഹിക്കുക പ്രയാസമാണെന്നു നിങ്ങൾ കണ്ടെത്തിയിരിക്കാം. നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരത്തിന് ബൈബിളിൽ എവിടെ നോക്കണം എന്ന് ഒരുപക്ഷേ നിങ്ങൾക്ക് അറിയില്ലായിരിക്കാം. അങ്ങനെയെങ്കിൽ, നിങ്ങൾ ഒറ്റയ്ക്കല്ല. ദൈവവചനം ഗ്രഹിക്കുന്നതിന് നമുക്ക് എല്ലാവർക്കും സഹായം ആവശ്യമാണ്. ഏതാണ്ട് 235 രാജ്യങ്ങളിൽ ദശലക്ഷക്കണക്കിന് ആളുകൾക്ക് യഹോവയുടെ സാക്ഷികൾ സൗജന്യ ബൈബിൾ പ്രബോധനം നൽകുന്നു. നിങ്ങളെ സഹായിക്കാനും അവർ സന്തോഷമുള്ളവരായിരിക്കും.
സാധാരണഗതിയിൽ ബൈബിളിന്റെ അടിസ്ഥാന പഠിപ്പിക്കലുകളിൽ തുടങ്ങി ക്രമാനുഗതമായി പഠിക്കുന്നതാണ് ഉത്തമം. (എബ്രായർ 6:1) പഠനം പുരോഗമിക്കവേ, “കട്ടിയായുള്ള ആഹാരം” അതായത് ആഴമേറിയ സത്യങ്ങൾ ഉൾക്കൊള്ളാൻ നിങ്ങൾ ഏറെ പ്രാപ്തരായിത്തീരും. (എബ്രായർ 5:14) ബൈബിളാണ് ആധികാരിക ഗ്രന്ഥം. ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രിക പോലുള്ള ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങൾ വ്യത്യസ്ത വിഷയങ്ങൾ സംബന്ധിച്ച തിരുവെഴുത്തു വിവരങ്ങൾ ഗ്രഹിക്കാൻ നിങ്ങളെ സഹായിക്കും.
ബൈബിൾ മനസ്സിലാക്കാൻ വാരംതോറും അൽപ്പസമയം ചെലവഴിക്കാൻ നിങ്ങൾ സന്നദ്ധനാണോ?
സാധാരണമായി നിങ്ങളുടെ സമയവും സൗകര്യവും കണക്കിലെടുത്ത് ബൈബിൾ പഠിക്കുന്നതിനുള്ള ഒരു ക്രമീകരണം ചെയ്യാൻ കഴിയും. പലരും തങ്ങളുടെ വീട്ടിൽവെച്ചാണ് ഇങ്ങനെ പഠിക്കുന്നത്. എന്നാൽ ചിലർ ടെലിഫോണിലൂടെ പോലും പഠിക്കുന്നുണ്ട്. ഈ പഠന പരിപാടി ഒരേസമയം അനേകരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ക്ലാസ്സ് അല്ല, മറിച്ച് ഒരു സ്വകാര്യ ക്രമീകരണമായിരിക്കും, നിങ്ങളുടെ അറിവും വിദ്യാഭ്യാസവും ഉൾപ്പെടെയുള്ള വ്യക്തിപരമായ സാഹചര്യങ്ങൾ കണക്കിലെടുത്തുകൊണ്ടുള്ള ഒന്ന്. പരീക്ഷകൾ ഉണ്ടായിരിക്കുന്നതല്ല, നിങ്ങളെ വിഷമിപ്പിക്കുന്ന രീതിയിലുള്ള ഒരു സാഹചര്യവും സൃഷ്ടിക്കുകയില്ല. നിങ്ങളുടെ ബൈബിൾ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കും, ദൈവത്തോട് എങ്ങനെ അടുത്തു ചെല്ലാമെന്നു നിങ്ങൾ പഠിക്കും.
അത്തരം ഒരു ബൈബിൾ പഠന പരിപാടിക്ക് നിങ്ങൾ പണം മുടക്കേണ്ടതില്ല. (മത്തായി 10:8) എല്ലാ മതസ്ഥർക്കും അതുപോലെ യാതൊരു മതവും ആചരിക്കുന്നില്ലെങ്കിലും ദൈവവചനത്തെ കുറിച്ചുള്ള പരിജ്ഞാനം വർധിപ്പിക്കാൻ ആത്മാർഥമായി താത്പര്യപ്പെടുന്നവർക്കും വേണ്ടി ഈ പഠനപരിപാടി സൗജന്യമായി നടത്തപ്പെടുന്നതാണ്.
ഈ പരിപാടിയിൽ ആർക്കെല്ലാം പങ്കെടുക്കാൻ കഴിയും? നിങ്ങളുടെ മുഴു കുടുംബത്തിനും. നിങ്ങളുടെ സുഹൃത്തുക്കളെ ക്ഷണിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ അവർക്കും. ഇനി, നിങ്ങൾ ഒറ്റയ്ക്കാണ് പഠിക്കാൻ ഇഷ്ടപ്പെടുന്നതെങ്കിൽ അങ്ങനെയും ആകാവുന്നതാണ്.
ബൈബിൾ പഠിക്കുന്നതിന് അനേകരും വാരംതോറും ഒരു മണിക്കൂർ വീതം മാറ്റിവെക്കുന്നു. നിങ്ങൾക്ക് അതിൽ കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കുമെങ്കിൽ, ഇനി അതല്ല ഓരോ വാരത്തിലും അതിൽ കുറഞ്ഞ സമയമേ ചെലവഴിക്കാൻ നിങ്ങൾക്കു കഴിയുന്നുള്ളുവെങ്കിൽ പോലും, യാതൊരു പ്രശ്നവുമില്ല. നിങ്ങളെ സഹായിക്കാൻ യഹോവയുടെ സാക്ഷികൾ തയ്യാറായിരിക്കും.
പഠിക്കാനുള്ള ക്ഷണം
യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു. അതിനുള്ള ഒരു മാർഗം താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും വിലാസത്തിൽ എഴുതുകയാണ്. അപ്പോൾ നിങ്ങളെ സൗജന്യമായി ബൈബിൾ പഠിപ്പിക്കാൻ ഞങ്ങൾ ആരെയെങ്കിലും ക്രമീകരിക്കുന്നതായിരിക്കും.
□ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രികയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എനിക്ക് അയച്ചുതരിക.
□സൗജന്യമായി ബൈബിൾ പഠിക്കാൻ താത്പര്യമുണ്ട്, എന്റെ വിലാസം:
മറ്റു പ്രകാരത്തിൽ സൂചിപ്പിക്കാത്തപക്ഷം ഉപയോഗിച്ചിരിക്കുന്ന ബൈബിൾ ഭാഷാന്തരം ‘സത്യവേദപുസ്തകം’ ആണ്. NW വരുന്നിടത്ത്, പരിഭാഷപ്പെടുത്തിയിരിക്കുന്നത് ഇംഗ്ലീഷ് ഭാഷയിലുളള വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം—റഫറൻസുകളോടു കൂടിയതിൽ നിന്നാണ്.