പാഠം 93
യേശു സ്വർഗത്തിലേക്കു തിരികെ പോകുന്നു
ഗലീലയിൽ യേശു തന്റെ അനുഗാമികളോടൊത്ത് ഒരിടത്ത് കൂടിവന്നു. യേശു അവർക്കു വളരെ പ്രധാനപ്പെട്ട ഒരു കല്പന കൊടുത്തു: ‘നിങ്ങൾ പോയി എല്ലാ ദേശത്തുനിന്നുമുള്ള ആളുകളെ ശിഷ്യരാക്കുക. ഞാൻ നിങ്ങളെ പഠിപ്പിച്ച കാര്യങ്ങൾ അവരെ പഠിപ്പിക്കുക. അവരെ സ്നാനപ്പെടുത്തുക.’ എന്നിട്ട് യേശു ഇങ്ങനെ വാക്കു കൊടുത്തു: ‘ഞാൻ എപ്പോഴും നിങ്ങളുടെകൂടെയുണ്ടായിരിക്കും.’
പുനരുത്ഥാനത്തിനു ശേഷമുള്ള 40 ദിവസം യേശു ഗലീലയിലും യരുശലേമിലും ഉള്ള നൂറുകണക്കിനു ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെട്ടു. യേശു പ്രധാനപ്പെട്ട പല പാഠങ്ങളും അവരെ പഠിപ്പിച്ചു; പല അത്ഭുതങ്ങളും ചെയ്തു. എന്നിട്ട് ഒലിവുമലയിൽ തന്റെ അപ്പോസ്തലന്മാരോടൊപ്പം അവസാനമായി കൂടിവന്നു. യേശു അവരോടു പറഞ്ഞു: ‘യരുശലേം വിട്ട് പോകരുത്. പിതാവ് വാഗ്ദാനം ചെയ്തതിനുവേണ്ടി കാത്തിരിക്കുക.’
യേശു പറഞ്ഞതിന്റെ അർഥം അപ്പോസ്തലന്മാർക്കു മനസ്സിലായില്ല. അവർ യേശുവിനോട്, ‘അങ്ങ് ഇസ്രായേലിന്റെ രാജാവാകുന്നത് ഇപ്പോഴാണോ’ എന്നു ചോദിച്ചു. യേശു പറഞ്ഞു: ‘ഞാൻ രാജാവാകാൻ യഹോവ ഉദ്ദേശിച്ചിരിക്കുന്ന സമയം ഇതുവരെ ആയിട്ടില്ല. താമസിയാതെ നിങ്ങൾക്കു പരിശുദ്ധാത്മാവിൽനിന്ന് ശക്തി ലഭിക്കും. നിങ്ങൾ എന്റെ സാക്ഷികളാകും. യരുശലേമിലും യഹൂദ്യയിലും ശമര്യയിലും ഭൂമിയുടെ അതിവിദൂരഭാഗങ്ങൾവരെയും പോയി പ്രസംഗിക്കുക.’
തുടർന്ന് യേശു ആകാശത്തേക്ക് എടുക്കപ്പെട്ടു. ഒരു മേഘം യേശുവിനെ മൂടി. ശിഷ്യന്മാർ ആകാശത്തേക്കു നോക്കിക്കൊണ്ടിരുന്നെങ്കിലും യേശുവിനെ കാണാൻ കഴിഞ്ഞില്ല.
ശിഷ്യന്മാർ ഒലിവുമലയിൽനിന്ന് യരുശലേമിലേക്കു പോയി. അവർ ക്രമമായി ഒരു കെട്ടിടത്തിന്റെ മുകളിലത്തെ മുറിയിൽ കൂടിവന്ന് പ്രാർഥിച്ചിരുന്നു. യേശുവിൽനിന്ന് കൂടുതൽ നിർദേശങ്ങൾ കിട്ടാൻ അവർ കാത്തിരിക്കുകയായിരുന്നു.
“ദൈവരാജ്യത്തിന്റെ ഈ സന്തോഷവാർത്ത എല്ലാ ജനതകളും അറിയാനായി ഭൂലോകത്തെങ്ങും പ്രസംഗിക്കപ്പെടും. അപ്പോൾ അവസാനം വരും.”—മത്തായി 24:14