വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 31

യോശു​വ​യും ഗിബെ​യോ​ന്യ​രും

യോശു​വ​യും ഗിബെ​യോ​ന്യ​രും

യരീ​ഹൊ​യെ​ക്കു​റി​ച്ചുള്ള വാർത്ത കനാനി​ലെ മറ്റു ജനതക​ളും അറിഞ്ഞു. അവിടത്തെ രാജാ​ക്ക​ന്മാർ ഇസ്രാ​യേ​ല്യർക്കെ​തി​രെ യുദ്ധത്തിന്‌ ഒന്നിച്ചു​കൂ​ടാൻ തീരു​മാ​നി​ച്ചു. പക്ഷേ ഗിബെ​യോ​ന്യർ മറ്റൊരു പദ്ധതി​യാണ്‌ ഇട്ടത്‌. പഴകി​ക്കീ​റിയ വസ്‌ത്രങ്ങൾ ധരിച്ച്‌ അവർ യോശു​വ​യു​ടെ അടുത്ത്‌ വന്ന്‌ ഇങ്ങനെ പറഞ്ഞു: ‘ഞങ്ങൾ ഒരു ദൂര​ദേ​ശ​ത്തു​നിന്ന്‌ വരുക​യാണ്‌. യഹോ​വ​യെ​ക്കു​റി​ച്ചും, ഈജിപ്‌തി​ലും മോവാ​ബി​ലും വെച്ച്‌ യഹോവ നിങ്ങൾക്കു​വേണ്ടി ചെയ്‌ത എല്ലാ കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ഞങ്ങൾ കേട്ടി​ട്ടുണ്ട്‌. ഞങ്ങളെ ആക്രമി​ക്കി​ല്ലെന്നു വാക്കു തരണം, ഞങ്ങൾ നിങ്ങളു​ടെ ദാസന്മാ​രാ​യി​ക്കൊ​ള്ളാം.’

അവർ പറഞ്ഞ​തെ​ല്ലാം വിശ്വ​സിച്ച യോശുവ അവരെ ആക്രമി​ക്കി​ല്ലെന്നു വാക്കു കൊടു​ത്തു. പക്ഷേ മൂന്നു ദിവസം കഴിഞ്ഞാണ്‌ അവർ ദൂര​ദേ​ശ​ത്തു​നി​ന്നു​ള്ളവർ അല്ലെന്ന്‌ യോശുവ അറിയു​ന്നത്‌. കനാൻ ദേശത്തു​നി​ന്നു​ള്ള​വ​രാ​യി​രു​ന്നു അവർ. യോശുവ ഗിബെ​യോ​ന്യ​രോ​ടു ചോദി​ച്ചു: ‘എന്തിനാ​ണു ഞങ്ങളോ​ടു നുണ പറഞ്ഞത്‌?’ അവർ പറഞ്ഞു: ‘പേടി​ച്ചി​ട്ടാണ്‌. നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യാ​ണു നിങ്ങൾക്കു​വേണ്ടി പോരാ​ടു​ന്ന​തെന്നു ഞങ്ങൾക്ക​റി​യാം. ദയവു​ചെയ്‌ത്‌ ഞങ്ങളെ കൊല്ല​രുത്‌.’ യോശുവ അവർക്കു കൊടുത്ത വാക്കു പാലിച്ചു. അവരെ കൊന്നില്ല.

അധികം വൈകാ​തെ കനാനി​ലെ അഞ്ച്‌ രാജാക്കന്മാർ അവരുടെ സൈന്യ​വു​മാ​യി ഗിബെ​യോ​ന്യ​രോ​ടു യുദ്ധത്തി​നു ചെന്നു. യോശു​വ​യും സൈന്യ​വും രാത്രി മുഴുവൻ യാത്ര ചെയ്‌ത്‌ ഗിബെ​യോ​ന്യ​രെ രക്ഷിക്കാൻ എത്തി. പിറ്റേന്ന്‌ അതിരാ​വി​ലെ​തന്നെ പോരാ​ട്ടം തുടങ്ങി. കനാന്യർ നാലു​ഭാ​ഗ​ത്തേ​ക്കും ഓടി. പക്ഷേ അവർ ഓടി​പ്പോ​യി​ട​ത്തെ​ല്ലാം യഹോവ അവരുടെ മേൽ വലിയ ആലിപ്പഴം പെയ്യിച്ചു. പിന്നെ യോശുവ യഹോ​വ​യോട്‌ സൂര്യൻ നിശ്ചല​മാ​യി നിൽക്കാൻ ഇടയാ​ക്ക​ണ​മെന്ന്‌ അപേക്ഷി​ച്ചു. മുമ്പ്‌ ഒരിക്ക​ലും സൂര്യൻ നിശ്ചല​മാ​യി നിൽക്കാത്ത സ്ഥിതിക്ക്‌ എന്തു ധൈര്യ​ത്തി​ലാണ്‌ യോശുവ യഹോ​വ​യോട്‌ അങ്ങനെ​യൊ​രു കാര്യം ആവശ്യ​പ്പെ​ട്ടത്‌? യോശു​വയ്‌ക്ക്‌ യഹോ​വ​യിൽ അത്ര വിശ്വാ​സ​മു​ണ്ടാ​യി​രു​ന്നു. ഇസ്രാ​യേ​ല്യർ കനാന്യ​രാ​ജാ​ക്ക​ന്മാ​രെ​യും അവരുടെ സൈന്യ​ത്തെ​യും തോൽപ്പി​ക്കു​ന്ന​തു​വരെ ആ ദിവസം മുഴുവൻ സൂര്യൻ അസ്‌ത​മി​ക്കാ​തെ നിന്നു.

“നിങ്ങൾ ‘ഉവ്വ്‌’ എന്നു പറഞ്ഞാൽ ഉവ്വ്‌ എന്നും, ‘ഇല്ല’ എന്നു പറഞ്ഞാൽ ഇല്ല എന്നും ആയിരി​ക്കണം. ഇതിൽ കൂടു​ത​ലാ​യ​തെ​ല്ലാം ദുഷ്ടനിൽനിന്ന്‌ വരുന്നു.”​—മത്തായി 5:37