പാഠം 38
യഹോവ ശിംശോനെ ശക്തനാക്കി
പല ഇസ്രായേല്യരും വീണ്ടും വിഗ്രഹങ്ങളെ ആരാധിക്കാൻതുടങ്ങി. അതുകൊണ്ട് അവരുടെ ദേശം നിയന്ത്രിക്കാൻ യഹോവ ഫെലിസ്ത്യരെ അനുവദിച്ചു. എന്നാൽ യഹോവയെ സ്നേഹിച്ചിരുന്ന ചില ഇസ്രായേല്യർ അപ്പോഴുമുണ്ടായിരുന്നു. അങ്ങനെയുള്ള ഒരാളായിരുന്നു മനോഹ. മനോഹയ്ക്കും ഭാര്യക്കും കുട്ടികളില്ലായിരുന്നു. ഒരു ദിവസം മനോഹയുടെ ഭാര്യയുടെ അടുത്തേക്ക് യഹോവ ഒരു ദൂതനെ അയച്ചു. ദൂതൻ പറഞ്ഞു: ‘നിനക്ക് ഒരു മകൻ ജനിക്കും. അവൻ ഇസ്രായേല്യരെ ഫെലിസ്ത്യരുടെ കൈയിൽനിന്ന് രക്ഷിക്കും. അവൻ ഒരു നാസീരായിരിക്കും.’ എങ്ങനെയുള്ളവരെയാണു നാസീർ എന്നു വിളിച്ചിരുന്നതെന്ന് അറിയാമോ? യഹോവയുടെ പ്രത്യേകദാസന്മാരായിരുന്നു അവർ. അവരുടെ മുടി വെട്ടാൻ പാടില്ലായിരുന്നു.
പിന്നീട് മനോഹയ്ക്ക് ഒരു മകൻ ജനിച്ചു. അവർ അവനു ശിംശോൻ എന്നു പേരിട്ടു. വളർന്നപ്പോൾ ശിംശോനെ യഹോവ വളരെ ശക്തനാക്കി. ഒരു ആയുധവും ഇല്ലാതെ കൈകൾകൊണ്ട് ഒരു സിംഹത്തെ കൊല്ലാൻ ശിംശോനു കഴിഞ്ഞു. ഒരിക്കൽ ശിംശോൻ ഒറ്റയ്ക്ക് 30 ഫെലിസ്ത്യരെ കൊന്നു. ഫെലിസ്ത്യർക്കു ശിംശോനോട് അങ്ങേയറ്റം വെറുപ്പായിരുന്നു. അവർ ശിംശോനെ കൊല്ലാനുള്ള മാർഗങ്ങൾ തേടി. ഒരു രാത്രി ശിംശോൻ ഗസ്സ നഗരത്തിൽ ഉറങ്ങുമ്പോൾ അവർ നഗരകവാടത്തിലേക്കു ചെന്ന് അവിടെ കാത്തിരുന്നു. നേരം വെളുക്കുമ്പോൾ ശിംശോനെ കൊല്ലാനായിരുന്നു പദ്ധതി. പക്ഷേ ശിംശോൻ അർധരാത്രി എഴുന്നേറ്റ് നഗരകവാടത്തിലേക്കു ചെന്ന് അതിന്റെ വാതിലുകൾ മതിലിൽനിന്ന് പറിച്ചെടുത്തു. എന്നിട്ട് അതും തോളിൽ വെച്ചുകൊണ്ട് ഹെബ്രോന് അടുത്തുള്ള ഒരു മലയുടെ മുകൾവരെ പോയി!
പിന്നീട് ഫെലിസ്ത്യർ ശിംശോൻ സ്നേഹിച്ചിരുന്ന ദലീല എന്ന യുവതിയുടെ അടുത്ത് ചെന്ന് ഇങ്ങനെ പറഞ്ഞു: ‘ശിംശോന്റെ ശക്തിയുടെ രഹസ്യം കണ്ടുപിടിച്ചാൽ ഞങ്ങൾ ആയിരക്കണക്കിനു വെള്ളിക്കാശ് തരാം. ഞങ്ങൾക്ക് അവനെ പിടിച്ച് തടവറയിലാക്കണം.’ പണം മോഹിച്ച ദലീല അതിനു സമ്മതിച്ചു. ആദ്യമൊക്കെ തന്റെ ശക്തിയുടെ രഹസ്യം വെളിപ്പെടുത്താൻ ശിംശോൻ തയ്യാറായില്ല. ദലീല പക്ഷേ സ്വൈരം കൊടുത്തില്ല. അവസാനം ശിംശോൻ ആ രഹസ്യം വെളിപ്പെടുത്തി: ‘ഞാൻ ഒരു നാസീരായതുകൊണ്ട് ഒരിക്കൽപ്പോലും എന്റെ മുടി വെട്ടിയിട്ടില്ല. മുടി മുറിച്ചാൽ എന്റെ ശക്തിയെല്ലാം നഷ്ടപ്പെടും.’ പക്ഷേ ദലീലയോട് ആ രഹസ്യം വെളിപ്പെടുത്തിയതു വലിയ മണ്ടത്തരമായിപ്പോയി!
ഉടനെ ദലീല ഫെലിസ്ത്യരോടു പറഞ്ഞു: ‘അയാളുടെ രഹസ്യം പിടികിട്ടി!’ ശിംശോനെ ദലീല മടിയിൽ കിടത്തി ഉറക്കിയിട്ട് ഒരാളെക്കൊണ്ട് മുടി വെട്ടിച്ചു. എന്നിട്ട് ദലീല വിളിച്ചുപറഞ്ഞു: ‘ശിംശോനേ, ഫെലിസ്ത്യർ വന്നിരിക്കുന്നു!’
ശിംശോൻ ഉറക്കത്തിൽനിന്ന് എഴുന്നേറ്റു. ശിംശോന്റെ ശക്തിയെല്ലാം നഷ്ടപ്പെട്ടിരുന്നു. ഫെലിസ്ത്യർ ശിംശോനെ പിടിച്ച് അന്ധനാക്കി തടവറയിലിട്ടു.ഒരു ദിവസം ആയിരക്കണക്കിനു ഫെലിസ്ത്യർ അവരുടെ ദൈവമായ ദാഗോന്റെ ക്ഷേത്രത്തിൽ ഒരുമിച്ചുകൂടി. അവർ ഇങ്ങനെ വിളിച്ചുപറഞ്ഞു: ‘നമ്മുടെ ദൈവം ശിംശോനെ നമുക്കു തന്നിരിക്കുന്നു. അയാളെ പുറത്ത് കൊണ്ടുവരൂ! അയാളുടെ പ്രകടനങ്ങൾ കണ്ട് നമുക്കു രസിക്കാം.’ ശിംശോനെ അവർ രണ്ടു തൂണുകൾക്കിടയിൽ നിറുത്തി. അവർ ശിംശോനെ കളിയാക്കി. ശിംശോൻ യഹോവയോടു നിലവിളിച്ചുപറഞ്ഞു: ‘യഹോവേ, ദയവായി ഒരു പ്രാവശ്യംകൂടി എനിക്കു ശക്തി തരേണമേ.’ ആ സമയമായപ്പോഴേക്കും ശിംശോന്റെ മുടി വീണ്ടും വളർന്നിരുന്നു. ശിംശോൻ സർവശക്തിയുമെടുത്ത് ക്ഷേത്രത്തിന്റെ തൂണുകളിൽ തള്ളി. ആ കെട്ടിടം തകർന്നുവീണു! അവിടെ ഉണ്ടായിരുന്നവരെല്ലാം മരിച്ചു. ശിംശോനും മരിച്ചു.
“എല്ലാം ചെയ്യാനുള്ള ശക്തി, എന്നെ ശക്തനാക്കുന്ന ദൈവത്തിൽനിന്ന് എനിക്കു കിട്ടുന്നു.”—ഫിലിപ്പിയർ 4:13