വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 50

യഹോ​ശാ​ഫാ​ത്തി​നു​വേണ്ടി യഹോവ യുദ്ധം ചെയ്യുന്നു

യഹോ​ശാ​ഫാ​ത്തി​നു​വേണ്ടി യഹോവ യുദ്ധം ചെയ്യുന്നു

യഹൂദ​യി​ലെ രാജാ​വായ യഹോ​ശാ​ഫാത്ത്‌ ദേശത്തു​നിന്ന്‌ ബാലിന്റെ യാഗപീ​ഠ​ങ്ങ​ളും വിഗ്ര​ഹ​ങ്ങ​ളും നീക്കം ചെയ്‌തു. ജനം യഹോ​വ​യു​ടെ നിയമങ്ങൾ പഠിക്കാൻ രാജാവ്‌ ആഗ്രഹി​ച്ചു. അതു​കൊണ്ട്‌ ആളുകളെ യഹോ​വ​യു​ടെ നിയമങ്ങൾ പഠിപ്പി​ക്കാൻ പ്രഭു​ക്ക​ന്മാ​രെ​യും ലേവ്യ​രെ​യും യഹൂദ​യി​ലെ​ല്ലാം അയച്ചു.

അയൽദേ​ശ​ങ്ങ​ളി​ലു​ള്ള​വർക്ക്‌ യഹൂദയെ ആക്രമി​ക്കാൻ പേടി​യാ​യി​രു​ന്നു. കാരണം യഹോവ തന്റെ ജനത്തോ​ടൊ​പ്പ​മു​ണ്ടെന്ന്‌ അവർ മനസ്സി​ലാ​ക്കി​യി​രു​ന്നു. യഹോ​ശാ​ഫാത്ത്‌ രാജാ​വിന്‌ അവർ സമ്മാന​ങ്ങൾപോ​ലും കൊണ്ടു​വന്നു. അങ്ങനെ​യി​രി​ക്കെ മോവാ​ബ്യ​രും അമ്മോ​ന്യ​രും സേയീ​രി​ലു​ള്ള​വ​രും യഹൂദയെ ആക്രമി​ക്കാൻ വന്നു. തനിക്ക്‌ യഹോ​വ​യു​ടെ സഹായം വേണ​മെന്ന്‌ യഹോ​ശാ​ഫാ​ത്തിന്‌ അറിയാ​മാ​യി​രു​ന്നു. എല്ലാ പുരു​ഷ​ന്മാ​രെ​യും സ്‌ത്രീ​ക​ളെ​യും കുട്ടി​ക​ളെ​യും രാജാവ്‌ യരുശ​ലേ​മിൽ കൂട്ടി​വ​രു​ത്തി. അവരു​ടെ​യെ​ല്ലാം മുന്നിൽവെച്ച്‌ രാജാവ്‌ ഇങ്ങനെ പ്രാർഥി​ച്ചു: ‘യഹോവേ, അങ്ങയെ കൂടാതെ ഞങ്ങൾക്കു വിജയി​ക്കാ​നാ​കില്ല. എന്താണു ചെയ്യേ​ണ്ട​തെന്നു പറഞ്ഞു​ത​രേ​ണമേ.’

യഹോവ പ്രാർഥ​നയ്‌ക്ക്‌ ഉത്തരം കൊടു​ത്തു: ‘പേടി​ക്കേണ്ടാ. ഞാൻ നിങ്ങളെ സഹായി​ക്കാം. സ്വസ്ഥാ​ന​ങ്ങ​ളിൽ നിശ്ചല​രാ​യി നിന്ന്‌ ഞാൻ നിങ്ങളെ എങ്ങനെ രക്ഷിക്കു​മെന്നു കണ്ടു​കൊ​ള്ളുക.’ യഹോവ എങ്ങനെ​യാണ്‌ അവരെ രക്ഷിച്ചത്‌?

പിറ്റേന്ന്‌ രാവിലെ യഹോ​ശാ​ഫാത്ത്‌ പാട്ടു​കാ​രെ തിര​ഞ്ഞെ​ടുത്ത്‌ സൈന്യ​ത്തി​ന്റെ മുന്നിൽ നടക്കാൻ പറഞ്ഞു. യരുശ​ലേ​മിൽനിന്ന്‌ പുറപ്പെട്ട അവർ തെക്കോവ എന്ന സ്ഥലത്തുള്ള യുദ്ധഭൂ​മി​യി​ലേക്കു നീങ്ങി.

പാട്ടു​കാർ സന്തോ​ഷ​ത്തോ​ടെ ഉച്ചത്തിൽ യഹോ​വയെ പാടി സ്‌തു​തി​ക്കു​മ്പോൾ യഹോവ തന്റെ ജനത്തി​നു​വേണ്ടി യുദ്ധം ചെയ്‌തു. അമ്മോ​ന്യ​രെ​യും മോവാ​ബ്യ​രെ​യും ദൈവം ആകെ ആശയക്കു​ഴ​പ്പ​ത്തി​ലാ​ക്കി. അവർ പരസ്‌പരം പോരാ​ടാൻതു​ടങ്ങി. ഒരാൾപ്പോ​ലും രക്ഷപ്പെ​ട്ടില്ല. പക്ഷേ യഹൂദ​യി​ലെ ജനത്തെ​യും പടയാ​ളി​ക​ളെ​യും പുരോ​ഹി​ത​ന്മാ​രെ​യും യഹോവ സംരക്ഷി​ച്ചു. യഹോവ ഈ ചെയ്‌ത​തി​നെ​ക്കു​റിച്ച്‌ അയൽരാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​രെ​ല്ലാം കേട്ടു. യഹോവ തന്റെ ജനത്തി​നു​വേണ്ടി ഇപ്പോ​ഴും യുദ്ധം ചെയ്യു​ക​യാ​ണെന്ന്‌ അവർക്കു മനസ്സി​ലാ​യി. യഹോവ തന്റെ ജനത്തെ എങ്ങനെ​യാ​ണു രക്ഷിക്കു​ന്നത്‌? പല വിധങ്ങ​ളിൽ. എന്നാൽ യഹോ​വയ്‌ക്ക്‌ അതിനു മനുഷ്യ​രു​ടെ സഹായം ആവശ്യ​മില്ല.

“ഈ യുദ്ധത്തിൽ നിങ്ങൾ പോരാ​ടേ​ണ്ടി​വ​രില്ല. സ്വസ്ഥാ​ന​ങ്ങ​ളിൽ നിശ്ചല​രാ​യി നിന്ന്‌ യഹോവ നിങ്ങളെ രക്ഷിക്കു​ന്നതു കണ്ടു​കൊ​ള്ളുക.”​—2 ദിനവൃ​ത്താ​ന്തം 20:17