ഭാഗം 1
സൃഷ്ടിമുതൽ പ്രളയംവരെ
ആകാശവും ഭൂമിയും എങ്ങനെയാണ് ഉണ്ടായത്? സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ഭൂമിയിലുള്ള മറ്റു വസ്തുക്കളുമൊക്കെ എവിടെനിന്നു വന്നു? അതിനുള്ള ശരിയായ ഉത്തരം ബൈബിൾ നമുക്കു തരുന്നുണ്ട്. ദൈവമാണ് അവയെ എല്ലാം സൃഷ്ടിച്ചത് എന്ന് അതു പറയുന്നു. അതുകൊണ്ട് സൃഷ്ടിയെക്കുറിച്ചുള്ള ബൈബിൾക്കഥകളോടെയാണ് നമ്മുടെ പുസ്തകം തുടങ്ങുന്നത്.
ദൈവം ആദ്യം ഉണ്ടാക്കിയത് ഏതാണ്ട് അവനെപ്പോലെതന്നെ ഉള്ള, നമ്മുടെ കണ്ണുകൊണ്ടു കാണാൻ കഴിയാത്ത ആത്മവ്യക്തികളെ ആയിരുന്നു എന്നു നമ്മൾ മനസ്സിലാക്കുന്നു. അവരെ ദൂതന്മാർ എന്നാണു വിളിക്കുന്നത്. എന്നാൽ നമ്മെപ്പോലുള്ള ആളുകൾക്കു വേണ്ടിയാണ് ഭൂമിയെ സൃഷ്ടിച്ചത്. അതുകൊണ്ട് ദൈവം രണ്ടു മനുഷ്യരെ, ഒരു പുരുഷനെയും ഒരു സ്ത്രീയെയും സൃഷ്ടിച്ച് അവരെ നല്ല ഭംഗിയുള്ള ഒരു തോട്ടത്തിൽ ആക്കിവെച്ചു. ആദാം എന്നും ഹവ്വാ എന്നും ആയിരുന്നു അവരുടെ പേര്. പക്ഷേ ഈ മനുഷ്യർ ദൈവത്തോട് അനുസരണക്കേടു കാണിച്ചു. അങ്ങനെ, തുടർന്നു ജീവിക്കാനുള്ള അവകാശം അവർക്ക് ഇല്ലാതായി.
ആദാമിനെ സൃഷ്ടിച്ച് 1,656 വർഷം കഴിഞ്ഞപ്പോൾ വലിയൊരു വെള്ളപ്പൊക്കം ഉണ്ടായി. ഈ ജലപ്രളയം ഉണ്ടാകുന്നതു വരെയുള്ള കാലത്ത് ദുഷ്ടരായ ധാരാളം ആളുകൾ ജീവിച്ചിരുന്നു. സ്വർഗത്തിൽ ആത്മവ്യക്തികളായ സാത്താനും അവനോടൊപ്പംകൂടിയ ദുഷ്ടദൂതന്മാരും ഉണ്ടായിരുന്നു. ഭൂമിയാണെങ്കിൽ കയീനെപ്പോലുള്ള ദുഷ്ടമനുഷ്യരെക്കൊണ്ടു നിറഞ്ഞിരുന്നു. വലിയ ശക്തിയുള്ള ചിലരും ഉണ്ടായിരുന്നു അക്കൂട്ടത്തിൽ. എന്നാൽ ഭൂമിയിൽ നല്ല മനുഷ്യരും ഉണ്ടായിരുന്നു—ഹാബേൽ, ഹാനോക്, നോഹ എന്നിവരൊക്കെ. ഈ ആളുകളെക്കുറിച്ചും അവർ ഉൾപ്പെട്ട സംഭവങ്ങളെക്കുറിച്ചുമെല്ലാം ഒന്നാം ഭാഗത്തിൽ നമ്മൾ വായിക്കും.
ഈ വിഭാഗത്തിൽ
കഥ 1
ദൈവം സൃഷ്ടി തുടങ്ങുന്നു
ഉൽപത്തിയിൽ വിവരിച്ചിരിക്കുന്ന സൃഷ്ടിയെക്കുറിച്ചുള്ള കഥ കുട്ടികളെ അത്ഭുതപ്പെടുത്തുന്നതും അവർക്ക് എളുപ്പം മനസ്സിലാക്കാവുന്നതും ആണ്.
കഥ 2
മനോഹരമായ ഒരു തോട്ടം
ഉൽപത്തിയിൽ കാണുന്നതുപോലെ ദൈവം ഭൂമിയുടെ ഒരു ഭാഗം വളരെ വിശേഷപ്പെട്ട ഒരു സ്ഥലമാക്കിത്തീർത്തു, അതാണ് ഏദെൻ തോട്ടം. ഭൂമി മുഴുവനും ഭംഗിയുള്ള ആ ഏദെൻ തോട്ടംപോലെ ആകണമെന്നായിരുന്നു ദൈവത്തിന്റെ ആഗ്രഹം.
കഥ 3
ആദ്യത്തെ പുരുഷനും സ്‌ത്രീയും
ദൈവം ആദാമിനെയും ഹവ്വയെയും സൃഷ്ടിച്ച് മനോഹരമായ ഏദെൻ തോട്ടത്തിലാക്കി. അവരായിരുന്നു ആദ്യത്തെ വിവാഹയിണകൾ.
കഥ 4
അവർക്കു ഭവനം നഷ്ടപ്പെട്ടതിന്റെ കാരണം
താമസിക്കാനായി ദൈവം ആദ്യം കൊടുത്ത പറുദീസ മനുഷ്യർക്കു നഷ്ടമായതിന്റെ കഥ ബൈബിളിലെ ഉൽപത്തി പുസ്‌തകത്തിൽ പറയുന്നുണ്ട്.
കഥ 5
കഷ്ടപ്പാട് നിറഞ്ഞ ജീവിതം തുടങ്ങുന്നു
ഏദെൻ തോട്ടത്തിനു പുറത്തുവെച്ച് ആദാമിനും ഹവ്വയ്‌ക്കും അനേകം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു. അവർ ദൈവത്തെ അനുസരിച്ചിരുന്നെങ്കിൽ അവർക്കും കുട്ടികൾക്കും സന്തോഷത്തോടെ ജീവിക്കാമായിരുന്നു.
കഥ 6
ഒരു നല്ല മകനും ഒരു ദുഷ്ട മകനും
ഉൽപത്തിയിൽ കാണുന്ന കയീന്റെയും ഹാബേലിന്റെയും കഥ നമ്മൾ എങ്ങനെയുള്ള വ്യക്തികളാകണമെന്നും ഏതുതരം മനോഭാവം വെച്ചുകൊണ്ടിരിക്കരുതെന്നും കാണിച്ചുതരുന്നു.
കഥ 7
ധൈര്യമുള്ള ഒരു മനുഷ്യൻ
നിങ്ങൾക്കു ചുറ്റുമുള്ള ആളുകൾ മോശം കാര്യങ്ങളാണ് ചെയ്യുന്നതെങ്കിലും നിങ്ങൾക്കു നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് ഹാനോക്കിന്റെ ധൈര്യം നമ്മളെ പഠിപ്പിക്കുന്നു.
കഥ 8
ഭൂമിയിൽ രാക്ഷസന്മാർ
ഉൽപത്തി 6-ൽ മനുഷ്യരെ ദ്രോഹിച്ചിരുന്ന രാക്ഷസന്മാരെക്കുറിച്ച് പറയുന്നുണ്ട്. അവരെ നെഫിലിമുകൾ എന്നാണ് വിളിച്ചിരുന്നത്. സ്വർഗംവിട്ട് ഭൂമിയിൽ വന്ന് താമസമാക്കിയ പാപികളായ ദൂതന്മാരുടെ മക്കളാണ് ഇവർ.
കഥ 9
നോഹ ഒരു പെട്ടകം പണിയുന്നു
മുന്നറിയിപ്പുകൾക്കു മറ്റ് ആളുകൾ ചെവികൊടുക്കാതിരുന്നപ്പോഴും നോഹയുടെ കുടുംബം ദൈവത്തെ അനുസരിച്ചു. അതുകൊണ്ട് ആ കുടുംബം പ്രളയത്തെ അതിജീവിച്ചു.
കഥ 10
മഹാപ്രളയം
നോഹയുടെ മുന്നറിയിപ്പു കേട്ടപ്പോൾ ആളുകൾ കളിയാക്കിച്ചിരിച്ചു. എന്നാൽ ആകാശത്തുനിന്ന് മഴ പെയ്‌തുതുടങ്ങിയപ്പോൾ അവരുടെ കളിയാക്കലുകൾ അവസാനിച്ചു. എങ്ങനെയാണ് പെട്ടകം നോഹയുടെ കുടുംബത്തെയും മൃഗങ്ങളെയും രക്ഷിച്ചതെന്നു കാണുക.