കഥ 1
ദൈവം സൃഷ്ടി തുടങ്ങുന്നു
നമുക്കുള്ള എല്ലാ നല്ല വസ്തുക്കളും ഉണ്ടാക്കിയത് ദൈവമാണ്. പകൽ സമയത്ത് നമുക്കു വെളിച്ചം തരാൻ അവൻ സൂര്യനെ ഉണ്ടാക്കി. രാത്രിയിലും കുറച്ചു വെളിച്ചം ലഭിക്കേണ്ടതിന് ചന്ദ്രനെയും നക്ഷത്രങ്ങളെയും സൃഷ്ടിച്ചു. നമുക്കു താമസിക്കാൻ ദൈവം ഭൂമിയെയും ഉണ്ടാക്കി.
എന്നാൽ ദൈവം ആദ്യം ഉണ്ടാക്കിയത് സൂര്യനെയോ ചന്ദ്രനെയോ നക്ഷത്രങ്ങളെയോ ഭൂമിയെയോ ഒന്നുമായിരുന്നില്ല. പിന്നെയോ തന്നെപ്പോലെ തന്നെയുള്ള വ്യക്തികളെയാണ് ദൈവം ആദ്യം സൃഷ്ടിച്ചത്. ദൈവത്തെ കാണാൻ കഴിയാത്തതുപോലെ നമുക്ക് ഇവരെയും കാണാൻ കഴിയില്ല. ബൈബിളിൽ ഇവരെ ദൂതന്മാർ എന്നാണു വിളിച്ചിരിക്കുന്നത്. സ്വർഗത്തിൽ തന്നോടുകൂടെ ആയിരിക്കാൻ വേണ്ടിയാണ് ദൈവം ദൂതന്മാരെ സൃഷ്ടിച്ചത്.
ദൈവം സൃഷ്ടിച്ച ഒന്നാമത്തെ ദൂതൻ വളരെ വിശേഷപ്പെട്ടവനായിരുന്നു. അവനായിരുന്നു ദൈവത്തിന്റെ ആദ്യത്തെ പുത്രൻ. മറ്റു സകലവും ഉണ്ടാക്കിയപ്പോൾ ആ പുത്രൻ ദൈവത്തോടുകൂടെ ഉണ്ടായിരുന്നു. സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും നമ്മുടെ ഭൂമിയെയും ഉണ്ടാക്കാൻ അവൻ ദൈവത്തെ സഹായിച്ചു.
അന്ന് ഭൂമി എങ്ങനെയായിരുന്നു? ഭൂമിയിൽ ആർക്കും ജീവിക്കാൻ കഴിയുമായിരുന്നില്ല. വലിയ ഒരു കടലല്ലാതെ യാതൊന്നും അന്ന് ഇവിടെ ഉണ്ടായിരുന്നില്ല. എന്നാൽ ഭൂമിയിൽ മനുഷ്യർ ജീവിക്കണം എന്നതായിരുന്നു ദൈവത്തിന്റെ ആഗ്രഹം. അതുകൊണ്ട് അവൻ നമുക്കുവേണ്ടി ഭൂമിയെ ഒരുക്കാൻ തുടങ്ങി. അവൻ എന്താണു ചെയ്തത്?
ഒന്നാമതായി ഭൂമിക്ക് വെളിച്ചം വേണമായിരുന്നു. അതുകൊണ്ട് ദൈവം സൂര്യനിൽ നിന്നുള്ള വെളിച്ചം ഭൂമിയിൽ എത്താൻ ഇടയാക്കി. രാത്രിയും പകലും ഉണ്ടാകുന്ന വിധത്തിലാണ് അവൻ അതിനെ ഉണ്ടാക്കിയത്. പിന്നീട് ദൈവം വെള്ളത്തിനു മുകളിൽ കര പൊങ്ങിവരാൻ ഇടയാക്കി.
തുടക്കത്തിൽ കരയിൽ യാതൊന്നും ഉണ്ടായിരുന്നില്ല. അത് ഇവിടെ കാണുന്ന ചിത്രത്തിലെപ്പോലെ ആയിരുന്നു. പൂക്കളോ മരങ്ങളോ മൃഗങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. കടലിൽ മീനും ഇല്ലായിരുന്നു. ഭൂമി മനുഷ്യർക്കും മൃഗങ്ങൾക്കും ജീവിക്കാൻ പറ്റിയ നല്ലൊരു സ്ഥലമാക്കിത്തീർക്കാൻ ദൈവത്തിന് കുറേക്കൂടെ കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു.