വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 8

ഭൂമിയിൽ രാക്ഷസന്മാർ

ഭൂമിയിൽ രാക്ഷസന്മാർ

മ്മുടെ വീടിന്റെ സീലി​ങ്ങി​നോ​ളം പൊക്ക​മു​ള്ള ഒരാൾ നമ്മുടെ നേർക്കു നടന്നു​വ​രു​ന്നു എന്ന്‌ സങ്കൽപ്പി​ക്കൂ. അങ്ങനെ​യൊ​രാ​ളെ എന്തു വിളി​ക്കാ​നാ​കും? രാക്ഷസ​നെന്ന്‌, അല്ലേ? ഒരുകാ​ല​ത്തു ഭൂമി​യിൽ ശരിക്കും രാക്ഷസ​ന്മാർ ജീവി​ച്ചി​രു​ന്നു. അവരുടെ പിതാ​ക്ക​ന്മാർ സ്വർഗ​ത്തി​ലെ ദൂതന്മാർ ആയിരു​ന്നു എന്ന്‌ ബൈബിൾ പറയുന്നു. എന്നാൽ അതെങ്ങനെ സാധ്യ​മാ​കും?

ദുഷ്ട ദൂതനായ സാത്താൻ കുഴപ്പം ഉണ്ടാക്കാൻ ഇറങ്ങി പുറ​പ്പെ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു എന്ന കാര്യം ഓർമ​യു​ണ്ട​ല്ലോ. അവൻ ദൈവ​ദൂ​ത​ന്മാ​രെ​പ്പോ​ലും വഴി​തെ​റ്റി​ക്കാൻ ശ്രമി​ച്ചു​കൊ​ണ്ടി​രു​ന്നു. കുറെ കഴിഞ്ഞ​പ്പോൾ ഈ ദൂതന്മാ​രിൽ ചിലർ സാത്താൻ പറയു​ന്ന​തു കേൾക്കാൻ തുടങ്ങി. സ്വർഗ​ത്തിൽ ദൈവം അവരെ ഏൽപ്പി​ച്ചി​രു​ന്ന പണി ചെയ്യു​ന്നത്‌ അവർ നിറു​ത്തി​ക്ക​ള​ഞ്ഞു. അവർ ഭൂമി​യി​ലേക്ക്‌ ഇറങ്ങി​വ​രി​ക​യും മനുഷ്യ​രു​ടേ​തു പോലുള്ള ശരീര​മെ​ടു​ക്കു​ക​യും ചെയ്‌തു. എന്തു​കൊ​ണ്ടെ​ന്നോ?

ദൈവ​ത്തി​ന്റെ ഈ മക്കൾ ഭൂമി​യി​ലെ സുന്ദരി​ക​ളെ കാണു​ക​യും അവരോ​ടു​കൂ​ടെ ജീവി​ക്കാൻ ആഗ്രഹി​ക്കു​ക​യും ചെയ്‌തു എന്നതാണ്‌ അതിന്റെ കാരണ​മെ​ന്നു ബൈബിൾ പറയുന്നു. അതു​കൊണ്ട്‌ അവർ ഭൂമി​യി​ലേ​ക്കു വന്ന്‌ ഈ സുന്ദരി​ക​ളെ കല്യാണം കഴിച്ചു. ഇതു തെറ്റാ​യി​രു​ന്നു എന്ന്‌ ബൈബിൾ പറയുന്നു, എന്തു​കൊ​ണ്ടെ​ന്നാൽ സ്വർഗ​ത്തിൽ ജീവി​ക്കാ​നാണ്‌ ദൈവം ദൂതന്മാ​രെ സൃഷ്ടി​ച്ചത്‌.

ദൂതന്മാർക്കും അവരുടെ ഭാര്യ​മാർക്കും ഉണ്ടായ കുട്ടികൾ മറ്റു കുട്ടി​ക​ളെ​പ്പോ​ലെ അല്ലായി​രു​ന്നു. ആദ്യ​മൊ​ക്കെ ആ വ്യത്യാ​സം അത്ര പെട്ടെന്നു മനസ്സി​ലാ​ക്കാൻ കഴിഞ്ഞി​ട്ടു​ണ്ടാ​വി​ല്ല. എന്നാൽ വളരു​ന്തോ​റും അവർക്കു വലുപ്പ​വും ശക്തിയും കൂടി​ക്കൂ​ടി വന്നു​കൊ​ണ്ടി​രു​ന്നു. അവസാനം അവർ രാക്ഷസ​ന്മാർ ആയിത്തീർന്നു.

ഈ രാക്ഷസ​ന്മാർ ദുഷ്ടന്മാ​രാ​യി​രു​ന്നു. വളരെ വലുപ്പ​വും ശക്തിയും ഉള്ളവരാ​യി​രു​ന്ന​തു​കൊണ്ട്‌ അവർ ജനങ്ങളെ ഉപദ്ര​വി​ച്ചി​രു​ന്നു. തങ്ങളെ​പ്പോ​ലെ ദുഷ്ടരാ​യി​രി​ക്കാൻ അവർ മറ്റുള്ള​വ​രെ നിർബ​ന്ധി​ക്കു​ക​യും ചെയ്‌തു.

ഹാനോക്ക്‌ മരിച്ചു​പോ​യി​രു​ന്നെ​ങ്കി​ലും വേറൊ​രു നല്ല മനുഷ്യൻ അന്ന്‌ ഭൂമി​യി​ലു​ണ്ടാ​യി​രു​ന്നു. ഈ മനുഷ്യ​ന്റെ പേര്‌ നോഹ എന്നായി​രു​ന്നു. അവൻ എപ്പോ​ഴും ദൈവ​ത്തിന്‌ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്‌തു.

ദുഷ്ടന്മാ​രെ മുഴു​വ​നും നശിപ്പി​ച്ചു കളയാ​നു​ള്ള സമയം വന്നെത്തി​യി​രി​ക്കു​ക​യാ​ണെന്ന്‌ ഒരു ദിവസം ദൈവം നോഹ​യോ​ടു പറഞ്ഞു. എന്നാൽ ദൈവം നോഹ​യെ​യും അവന്റെ കുടും​ബ​ത്തെ​യും അനേകം മൃഗങ്ങ​ളെ​യും രക്ഷിക്കാൻ പോകു​ക​യാ​യി​രു​ന്നു. ദൈവം ഇതെങ്ങനെ ചെയ്‌തെ​ന്നു നമുക്കു നോക്കാം.