കഥ 11
ആദ്യത്തെ മഴവില്ല്
നോഹ തന്റെ കുടുംബത്തോടൊപ്പം പെട്ടകത്തിൽനിന്നു പുറത്തു വന്നപ്പോൾ ആദ്യം ചെയ്തത് എന്താണെന്ന് അറിയാമോ? അവൻ ദൈവത്തിന് ഒരു സമ്മാനം നൽകി. താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിൽ, അവൻ അതു ചെയ്യുന്നതു കണ്ടോ? തന്റെ കുടുംബത്തെ മഹാപ്രളയത്തിൽനിന്നു രക്ഷിച്ചതിന് ദൈവത്തിനു നന്ദി നൽകാനാണ് അവൻ മൃഗങ്ങളെ ഒരു സമ്മാനമായി യഹോവയ്ക്കു കാഴ്ചവെച്ചത്.
ഈ സമ്മാനം യഹോവയെ സന്തോഷിപ്പിച്ചോ? ഉവ്വ്. അതുകൊണ്ട് ഇനിയൊരിക്കലും ഒരു വെള്ളപ്പൊക്കത്താൽ ലോകത്തെ നശിപ്പിക്കയില്ലെന്ന് അവൻ നോഹയ്ക്കു വാക്കു കൊടുത്തു.
പെട്ടെന്നുതന്നെ നിലമെല്ലാം ഉണങ്ങി. നോഹയും കുടുംബവും പെട്ടകത്തിനു വെളിയിൽ പുതിയ ഒരു ജീവിതം തുടങ്ങി. ദൈവം അവരെ അനുഗ്രഹിച്ച് ഇങ്ങനെ പറഞ്ഞു: ‘നിങ്ങൾക്ക് ധാരാളം മക്കൾ ഉണ്ടാകണം. അവരെക്കൊണ്ട് ഈ ഭൂമി നിറയണം.’
എന്നാൽ പിന്നെപ്പിന്നെ ജനിക്കുന്നവർ മഹാപ്രളയത്തെക്കുറിച്ചു കേൾക്കുമ്പോൾ അത്തരമൊരു വെള്ളപ്പൊക്കം ഇനിയും ഉണ്ടായാലോ എന്നു പേടിച്ചേക്കാം. അതുകൊണ്ട് മുഴുഭൂമിയെയും നശിപ്പിക്കാൻ ഇനി ഒരിക്കലും ഒരു പ്രളയം വരുത്തുകയില്ലെന്നുള്ള തന്റെ വാഗ്ദാനത്തെക്കുറിച്ച് ജനങ്ങളെ ഓർമിപ്പിക്കുന്ന ഒരു അടയാളം ദൈവം നൽകി. അത് എന്തായിരുന്നുവെന്ന് അറിയാമോ? ഒരു മഴവില്ല്.
മഴ കഴിഞ്ഞ് ആകാശത്ത് സൂര്യൻ പ്രകാശിക്കുമ്പോഴാണ് സാധാരണമായി മഴവില്ലു കാണുന്നത്. പലപല നിറങ്ങളുള്ള മഴവില്ല് കാണാൻ നല്ല ഭംഗിയാണ്. നിങ്ങൾ എപ്പോഴെങ്കിലും ഒരു മഴവില്ലു കണ്ടിട്ടുണ്ടോ? ഇവിടെ കൊടുത്തിരിക്കുന്ന ചിത്രത്തിൽ അതു കാണാൻ കഴിയുന്നില്ലേ?
ദൈവം പറഞ്ഞത് ഇതാണ്: ‘സകലജനങ്ങളും മൃഗങ്ങളും വീണ്ടും ഒരിക്കലും ഒരു പ്രളയത്താൽ നശിക്കയില്ലെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു. ഞാൻ എന്റെ മഴവില്ല് മേഘങ്ങളിൽ വയ്ക്കുന്നു. മഴവില്ലു തെളിയുമ്പോൾ ഞാൻ അതു കാണുകയും എന്റെ വാഗ്ദാനം ഓർക്കുകയും ചെയ്യും.’
അതുകൊണ്ട് ഒരു മഴവില്ലു കാണുമ്പോൾ നമ്മൾ എന്തിനെക്കുറിച്ച് ഓർക്കണം? അതേ, ഒരു വലിയ വെള്ളപ്പൊക്കത്താൽ ഇനി ഒരിക്കലും ലോകത്തെ നശിപ്പിക്കയില്ലെന്നുള്ള ദൈവത്തിന്റെ വാഗ്ദാനത്തെക്കുറിച്ച്.