കഥ 26
ഇയ്യോബ് ദൈവത്തോടു വിശ്വസ്തൻ
രോഗിയായ ഈ മനുഷ്യനെ കണ്ടിട്ട് പാവം തോന്നുന്നു, അല്ലേ? ഈ മനുഷ്യന്റെ പേര് ഇയ്യോബ് എന്നാണ്. അടുത്തു നിൽക്കുന്നത് ഭാര്യയാണ്. അവൾ ഇയ്യോബിനോടു പറയുന്നത് എന്താണെന്നോ? ‘ദൈവത്തെ ശപിച്ചിട്ട് മരിക്കുക.’ അവൾ അങ്ങനെ പറയാൻ കാരണം എന്താണെന്നും ഇയ്യോബിന് ഇത്രയധികം കഷ്ടത വന്നത് എന്തുകൊണ്ടാണെന്നും നമുക്കു നോക്കാം.
യഹോവയെ അനുസരിച്ച വിശ്വസ്തനായ ഒരു മനുഷ്യനായിരുന്നു ഇയ്യോബ്. കനാനിൽനിന്ന് അധികം ദൂരെയല്ലാത്ത ഊസ് ദേശത്താണ് അവൻ പാർത്തിരുന്നത്. യഹോവ ഇയ്യോബിനെ വളരെയധികം സ്നേഹിച്ചിരുന്നു. പക്ഷേ അവനെ ഒട്ടും ഇഷ്ടമില്ലായിരുന്ന ഒരാളുണ്ടായിരുന്നു. അതാരാണെന്ന് അറിയാമോ?
പിശാചായ സാത്താൻ. അവൻ യഹോവയെ വെറുക്കുന്ന ഒരു ദുഷ്ടദൂതനാണെന്ന കാര്യം ഓർക്കുന്നുണ്ടല്ലോ, അല്ലേ? ആദാമും ഹവ്വായും യഹോവയോട് അനുസരണക്കേടു കാണിക്കാൻ അവൻ ഇടയാക്കി, അതുകൊണ്ട് മറ്റ് എല്ലാവരെക്കൊണ്ടും അതുതന്നെ ചെയ്യിക്കാൻ കഴിയുമെന്ന് അവൻ വിചാരിച്ചു. പക്ഷേ അവന് അതിനു കഴിഞ്ഞോ? ഒരിക്കലുമില്ല. നാം ഇതുവരെയുള്ള പാഠങ്ങളിൽ കണ്ട വിശ്വസ്തരായ ആളുകളെക്കുറിച്ചെല്ലാം ഒന്നോർത്തു നോക്കൂ. അവരിൽ എത്ര പേരുടെ പേരുകൾ ഓർമയിൽനിന്നു പറയാൻ കഴിയും?
യാക്കോബും യോസേഫും ഈജിപ്തിൽവെച്ചു മരിച്ചശേഷം മുഴുഭൂമിയിലും വെച്ച് യഹോവയോട് ഏറ്റവും വിശ്വസ്തനായിരുന്ന വ്യക്തി ഇയ്യോബായിരുന്നു. സകലരെയും വഴിതെറ്റിക്കാൻ സാത്താനു കഴിയില്ലെന്ന് അവനു കാണിച്ചു കൊടുക്കാൻ യഹോവ ആഗ്രഹിച്ചു. അതുകൊണ്ട് യഹോവ ഇങ്ങനെ പറഞ്ഞു: ‘ഇയ്യോബിനെ നോക്കൂ, അവൻ എന്നോട് എത്ര വിശ്വസ്തനാണെന്നു കണ്ടോ?’
ഉടനെ സാത്താൻ പറഞ്ഞു: ‘അവൻ വിശ്വസ്തനാണ്, കാരണം ഒരുപാട് സമ്പത്തൊക്കെ കൊടുത്ത് നീ അവനെ അനുഗ്രഹിച്ചിരിക്കുന്നു. അതെല്ലാം ഒന്ന് എടുത്തുമാറ്റിനോക്കൂ, അപ്പോൾ കാണാം അവൻ നിന്നെ ശപിക്കുന്നത്.’
അപ്പോൾ യഹോവ പറഞ്ഞു: ‘ശരി, നീ പോയി അവനുള്ളതൊക്കെ എടുത്തുമാറ്റുക. ഇയ്യോബിനോടു നിനക്കു ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യുക. അവൻ എന്നെ ശപിക്കുമോ എന്നു നമുക്കു കാണാം. അവനെ കൊല്ലുക മാത്രം അരുത്.’
ആദ്യംതന്നെ ഇയ്യോബിന്റെ കന്നുകാലികളെയും ഒട്ടകങ്ങളെയും മോഷ്ടിച്ചുകൊണ്ടുപോകാനും ആടുകളെ കൊന്നുകളയാനും സാത്താൻ ഇടയാക്കുന്നു. പിന്നെ ഇയ്യോബിന്റെ പത്തു മക്കളെയും ഒരു കൊടുങ്കാറ്റ് അയച്ച് കൊല്ലിക്കുന്നു. അടുത്തതായി ഇയ്യോബിനു ഭയങ്കരമായ ഈ രോഗം വരുത്തുന്നു. പാവം ഇയ്യോബ്, അവൻ വളരെയേറെ കഷ്ടം അനുഭവിച്ചു. അതുകൊണ്ടാണ് അവന്റെ ഭാര്യ അവനോട്: ‘ദൈവത്തെ ശപിച്ചിട്ടു മരിക്കുക’ എന്നു പറഞ്ഞത്. പക്ഷേ ഇയ്യോബ് അങ്ങനെ ചെയ്യുന്നില്ല. മാത്രമല്ല, അവന്റെ കൂട്ടുകാരാണെന്നും പറഞ്ഞ് വന്ന മൂന്നു പേർ ഇയ്യോബ് ഒരു മോശം ജീവിതം നയിച്ചതുകൊണ്ടാണ് ഇങ്ങനെയൊക്കെ ഉണ്ടാകുന്നതെന്ന് അവനോടു പറയുന്നു. എങ്കിലും ഇയ്യോബ് വിശ്വസ്തത പാലിച്ചു.
യഹോവയെ ഇതു വളരെ സന്തോഷിപ്പിച്ചു. ഈ ചിത്രത്തിൽ കാണുന്നതുപോലെ പിന്നീട് യഹോവ ഇയ്യോബിനെ അനുഗ്രഹിച്ചു. അവന്റെ രോഗമൊക്കെ മാറി അവനു നല്ല സുഖമായി. ഇയ്യോബിനു വീണ്ടും സൗന്ദര്യമുള്ള പത്തു മക്കളുണ്ടായി. ആടുമാടുകൾ, ഒട്ടകങ്ങൾ എന്നിവയെല്ലാം മുമ്പുണ്ടായിരുന്നതിന്റെ ഇരട്ടി അവനു ലഭിച്ചു.
ഇയ്യോബിനെപ്പോലെ നിങ്ങളും എല്ലായ്പോഴും യഹോവയോടു വിശ്വസ്തരായിരിക്കുമോ? ആയിരിക്കുമെങ്കിൽ യഹോവ നിങ്ങളെയും അനുഗ്രഹിക്കും. ഈ മുഴുഭൂമിയും ഏദെൻതോട്ടം പോലെ സുന്ദരമാക്കപ്പെടുമ്പോൾ നിങ്ങൾക്ക് അവിടെ എന്നേക്കും ജീവിക്കാൻ കഴിയും.