വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 27

ഒരു ദുഷ്ടരാജാവ്‌ ഈജിപ്‌തു ഭരിക്കുന്നു

ഒരു ദുഷ്ടരാജാവ്‌ ഈജിപ്‌തു ഭരിക്കുന്നു

ഈ മനുഷ്യർ ആളുക​ളെ​ക്കൊ​ണ്ടു നിർബ​ന്ധി​ച്ചു പണിയി​പ്പി​ക്കു​ക​യാണ്‌. ഒരു പണിക്കാ​ര​നെ ചാട്ട​കൊണ്ട്‌ അടിക്കുന്ന ആ മനുഷ്യ​നെ കണ്ടോ! പണിക്കാ​രെ​ല്ലാം യാക്കോ​ബി​ന്റെ കുടും​ബ​ത്തി​ലു​ള്ള​വ​രാണ്‌, ഇസ്രാ​യേ​ല്യർ എന്നാണ്‌ അവരെ വിളി​ക്കു​ന്നത്‌. അവരെ നിർബ​ന്ധി​ച്ചു പണിയി​പ്പി​ക്കു​ന്ന​വർ ഈജി​പ്‌തു​കാ​രാണ്‌. ഇസ്രാ​യേ​ല്യർ ഇപ്പോൾ ഈജി​പ്‌തു​കാ​രു​ടെ അടിമ​ക​ളാ​യി തീർന്നി​രി​ക്കു​ന്നു. ഇത്‌ എങ്ങനെ​യാ​ണു സംഭവി​ച്ചത്‌?

യാക്കോ​ബി​ന്റെ വലിയ കുടും​ബം കുറേ​ക്കാ​ലം ഈജി​പ്‌തിൽ സമാധാ​ന​ത്തോ​ടെ ജീവിച്ചു. ഫറവോൻ കഴിഞ്ഞാൽ ഈജി​പ്‌തി​ലെ ഏറ്റവും വലിയ ആളായി​രു​ന്ന​ല്ലോ യോ​സേഫ്‌. അതു​കൊണ്ട്‌ അവർക്ക്‌ അവിടെ നല്ല സുഖമാ​യി​രു​ന്നു. പിന്നീട്‌ യോ​സേഫ്‌ മരിച്ചു. അതുക​ഴിഞ്ഞ്‌ ഇസ്രാ​യേ​ല്യ​രെ ഇഷ്ടമി​ല്ലാ​യി​രു​ന്ന പുതിയ ഒരു ഫറവോൻ ഈജി​പ്‌തി​ലെ രാജാ​വാ​യി.

ദുഷ്ടനായ ഈ ഫറവോൻ ഇസ്രാ​യേ​ല്യ​രെ അടിമ​ക​ളാ​ക്കി. അവരെ​ക്കൊണ്ട്‌ പണിയി​പ്പി​ക്കാൻ അവൻ ദുഷ്ടരും ക്രൂര​രു​മാ​യ മനുഷ്യ​രെ ആക്കി​വെ​ച്ചു. ഫറവോ​നു​വേ​ണ്ടി വലിയ വലിയ പട്ടണങ്ങൾ പണിയു​ന്ന​തിന്‌ കഷ്ടപ്പെട്ടു വേല ചെയ്യാൻ ആ മനുഷ്യർ ഇസ്രാ​യേ​ല്യ​രെ നിർബ​ന്ധി​ച്ചു. എന്നിട്ടും ഇസ്രാ​യേ​ല്യ​രു​ടെ എണ്ണം പെരു​കി​ക്കൊ​ണ്ടി​രു​ന്നു. അതു​കൊണ്ട്‌ ഇസ്രാ​യേ​ല്യർ തങ്ങളെ​ക്കാൾ ശക്തിയുള്ള വലി​യൊ​രു ജനതയാ​യി തീർന്നേ​ക്കും എന്ന്‌ ഈജി​പ്‌തു​കാർ പേടിച്ചു.

അതിനാൽ ഫറവോൻ എന്തു ചെയ്‌തെന്ന്‌ അറിയാ​മോ? പ്രസവ​സ​മ​യത്ത്‌ ഇസ്രാ​യേ​ല്യ അമ്മമാരെ സഹായി​ച്ചി​രു​ന്ന സ്‌ത്രീ​ക​ളോട്‌, ‘ജനിക്കുന്ന ആൺകു​ഞ്ഞു​ങ്ങ​ളെ എല്ലാം കൊന്നു കളയണം’ എന്നു ഫറവോൻ പറഞ്ഞു. എന്നാൽ ആ സ്‌ത്രീ​കൾ നല്ലവരാ​യി​രു​ന്നു, അവർ കുഞ്ഞു​ങ്ങ​ളെ കൊല്ലു​ന്നി​ല്ല.

അതു​കൊണ്ട്‌ ഫറവോൻ തന്റെ ജനത്തോ​ടെ​ല്ലാ​മാ​യി ഇങ്ങനെ കൽപ്പി​ക്കു​ന്നു: ‘യിസ്രാ​യേ​ല്യ​രു​ടെ ആൺകു​ഞ്ഞു​ങ്ങ​ളെ​യെ​ല്ലാം കണ്ടുപി​ടി​ച്ചു കൊന്നു​ക​ള​യു​വിൻ. പെൺകു​ഞ്ഞു​ങ്ങ​ളെ കൊല്ലേണ്ട.’ എത്ര ക്രൂര​മാ​യ ഒരു കൽപ്പന, അല്ലേ? പക്ഷേ ഒരു ആൺകുഞ്ഞ്‌ സംരക്ഷി​ക്ക​പ്പെ​ടു​ന്നു, അത്‌ എങ്ങനെ​യാ​ണെ​ന്നു നമുക്കു നോക്കാം.