കഥ 25
യാക്കോബിന്റെ കുടുംബം ഈജിപ്തിലേക്കു പോകുന്നു
ഇപ്പോൾ യോസേഫിനു തന്റെ കരച്ചിൽ അടക്കാൻ കഴിയുന്നില്ല. മുറിവിട്ടുപോകാൻ അവൻ തന്റെ എല്ലാ ദാസന്മാരോടും പറയുന്നു. അവനും സഹോദരന്മാരും മാത്രമായപ്പോൾ യോസേഫ് കരയുന്നു. അവൻ കരയുന്നത് എന്തിനാണെന്ന് അറിയാത്തതുകൊണ്ട് അവർ എത്രമാത്രം അമ്പരന്നുപോയിരിക്കും എന്നു നമുക്ക് ഊഹിക്കാൻ കഴിയും. ഒടുവിൽ അവൻ പറയുന്നു: ‘ഞാൻ യോസേഫാണ്. എന്റെ അപ്പൻ ഇപ്പോഴും ജീവനോടിരിക്കുന്നുവോ?’
അതുകേട്ട് അവർ അത്ഭുതപ്പെടുന്നു, അവർക്കു സംസാരിക്കാൻപോലും കഴിയുന്നില്ല. അവന്റെ സഹോദരന്മാർ പേടിച്ചുവിറച്ചു നിൽക്കുകയാണ്. എന്നാൽ യോസേഫ് ഇങ്ങനെ പറയുന്നു: ‘അടുത്തു വരൂ.’ അവർ അടുത്തേക്കു ചെല്ലുമ്പോൾ അവൻ പറയുന്നു: ‘ഞാൻ നിങ്ങളുടെ സഹോദരനാണ്, നിങ്ങൾ ഈജിപ്തിലേക്കു വിറ്റുകളഞ്ഞ യോസേഫ്.’
യോസേഫ് അവരോടു പിന്നെയും ദയാപൂർവം സംസാരിക്കുന്നു: ‘എന്നെ ഈജിപ്തിലേക്കു വിറ്റുകളഞ്ഞതുകൊണ്ട് നിങ്ങൾ വിഷമിക്കേണ്ട. ജനങ്ങളുടെ ജീവൻ രക്ഷിക്കാനായി ദൈവമാണ് എന്നെ ഇവിടേക്കു കൊണ്ടുവന്നത്. ഫറവോൻ എന്നെ മുഴുദേശത്തിനും അധികാരിയാക്കി വെച്ചിരിക്കുന്നു. അതുകൊണ്ട് വേഗം ചെന്ന് എന്റെ അപ്പനെ ഇതെല്ലാം അറിയിക്കുക. ഇവിടെ വന്നു പാർക്കാൻ അപ്പനോടു പറയുക.’
തുടർന്ന് യോസേഫ് അവരെയെല്ലാം കെട്ടിപ്പിടിച്ച് ചുംബിക്കുന്നു. യോസേഫിന്റെ സഹോദരന്മാർ വന്നിട്ടുണ്ടെന്ന് ഫറവോൻ കേൾക്കുമ്പോൾ അവൻ യോസേഫിനോട് ഇങ്ങനെ പറയുന്നു: ‘അവർ രഥങ്ങൾ കൊണ്ടുപോയി അപ്പനെയും മറ്റു കുടുംബാംഗങ്ങളെയും കൂട്ടി ഇവിടേക്കു വരട്ടെ. ഞാൻ അവർക്ക് ഈജിപ്തിലെ ഏറ്റവും നല്ല ദേശം കൊടുക്കും.’
അവർ അങ്ങനെതന്നെ ചെയ്തു. യാക്കോബ് തന്റെ മുഴു കുടുംബവുമായി ഈജിപ്തിൽ എത്തുമ്പോൾ യോസേഫ് അവനെ എതിരേൽക്കുന്ന ചിത്രം കണ്ടോ?
യാക്കോബിന്റെ കുടുംബം ഇതിനോടകം വളരെ വലുതായിത്തീർന്നിരുന്നു. ഈജിപ്തിലേക്കു വരുമ്പോൾ യാക്കോബും മക്കളും കൊച്ചുമക്കളും കൂടെ ആകെ 70 പേർ ഉണ്ടായിരുന്നു. അവരുടെയൊക്കെ ഭാര്യമാരും ഒപ്പം പോന്നു. കൂടാതെ, അനേകം ദാസീദാസന്മാരും അവരുടെ കൂടെ ഉണ്ടായിരുന്നിരിക്കണം. അവരെല്ലാം ഈജിപ്തിൽ പാർപ്പുറപ്പിച്ചു. അവർ ഇസ്രായേല്യർ എന്ന് അറിയപ്പെട്ടു, കാരണം ദൈവം യാക്കോബിന്റെ പേര് ഇസ്രായേൽ എന്നു മാറ്റിയിരുന്നു. നാം പിന്നീടു കാണാൻ പോകുന്നതുപോലെ, ഇസ്രായേല്യർ ദൈവത്തിന്റെ പ്രത്യേക ജനമായിത്തീർന്നു.