കഥ 23
ഫറവോന്റെ സ്വപ്നങ്ങൾ
രണ്ടു വർഷം കഴിഞ്ഞു, യോസേഫ് ഇപ്പോഴും തടവിൽത്തന്നെയാണ്. പാനപാത്രവാഹകൻ ഇതുവരെ അവനെ ഓർത്തിട്ടില്ല. അങ്ങനെയിരിക്കെ, ഒരു രാത്രിയിൽ ഫറവോൻ വളരെ അസാധാരണമായ രണ്ടു സ്വപ്നങ്ങൾ കാണുന്നു. സ്വപ്നങ്ങളുടെ അർഥം അറിയാൻ അവൻ ആഗ്രഹിക്കുന്നു. ഈ ചിത്രത്തിൽ, ഫറവോൻ ഉറങ്ങിക്കിടക്കുന്നതു കണ്ടോ? പിറ്റേന്നു രാവിലെ ഫറവോൻ തന്റെ രാജ്യത്തെ ബുദ്ധിമാന്മാരെയെല്ലാം വിളിപ്പിച്ച് താൻ കണ്ട സ്വപ്നത്തെ കുറിച്ച് അവരോടു പറയുന്നു. എന്നാൽ ഈ സ്വപ്നങ്ങളുടെ അർഥം പറഞ്ഞുകൊടുക്കാൻ അവർക്കാർക്കും കഴിയുന്നില്ല.
അപ്പോഴാണ് പാനപാത്രവാഹകൻ യോസേഫിനെ കുറിച്ച് ഓർക്കുന്നത്. അവൻ ഫറവോനോടു പറയുന്നു: ‘ഞാൻ തടവിലായിരുന്നപ്പോൾ, സ്വപ്നങ്ങളുടെ അർഥം പറഞ്ഞുതരാൻ കഴിവുള്ള ഒരു മനുഷ്യൻ അവിടെയുണ്ടായിരുന്നു.’ ഉടനെ ഫറവോൻ യോസേഫിനെ തടവറയിൽനിന്നു വരുത്തുന്നു.
ഫറവോൻ യോസേഫിനോട് സ്വപ്നങ്ങളെക്കുറിച്ചു പറയുന്നു: ‘തടിച്ചുകൊഴുത്ത നല്ല ഏഴു പശുക്കളെ ഞാൻ കണ്ടു. പിന്നെ മെലിഞ്ഞ് എല്ലുംതോലുമായ വേറെ ഏഴു പശുക്കളെയും ഞാൻ കണ്ടു. മെലിഞ്ഞ പശുക്കൾ തടിച്ചുകൊഴുത്തവയെ തിന്നുകളഞ്ഞു.’
‘എന്റെ രണ്ടാമത്തെ സ്വപ്നത്തിൽ, ഒരു തണ്ടിൽ ധാന്യമണികൾ നിറഞ്ഞ നല്ല ഏഴു കതിരുകൾ ഞാൻ കണ്ടു. പിന്നെ വാടിക്കരിഞ്ഞ ഏഴു കതിരുകളും ഞാൻ കണ്ടു. ഉണങ്ങിയ കതിരുകൾ നല്ല കതിരുകളെ വിഴുങ്ങിക്കളഞ്ഞു.’
യോസേഫ് ഫറവോനോടു പറയുന്നു: ‘രണ്ടു സ്വപ്നങ്ങളുടെയും അർഥം ഒന്നുതന്നെയാണ്. ഏഴു തടിച്ച പശുക്കളും ഏഴു നല്ല കതിരുകളും ഏഴു വർഷങ്ങളെ കുറിക്കുന്നു. മെലിഞ്ഞ ഏഴു പശുക്കളും ഉണങ്ങിയ ഏഴു കതിരുകളും വേറെ ഏഴു വർഷങ്ങളെ കുറിക്കുന്നു. ഇഷ്ടംപോലെ ഭക്ഷണം ഉള്ള ഏഴു വർഷങ്ങൾ ഇനി ഈജിപ്തിലുണ്ടാകും, തുടർന്ന് വലിയ ക്ഷാമത്തിന്റേതായ ഏഴു വർഷങ്ങളും ഉണ്ടാകും.’
അതുകൊണ്ട്, യോസേഫ് ഫറവോനോട് പറയുന്നു: ‘ഇഷ്ടംപോലെ ഭക്ഷണം ലഭിക്കുന്ന സമയത്ത് ധാന്യത്തിൽ കുറെ മാറ്റിവെക്കാനായി ബുദ്ധിമാനായ ഒരാളെ തിരഞ്ഞെടുക്കുക. അപ്പോൾ പിന്നെവരുന്ന ക്ഷാമകാലത്ത് ജനം പട്ടിണി കിടക്കേണ്ടി വരില്ല.’
ഫറവോന് യോസേഫ് പറഞ്ഞ ഈ കാര്യം വളരെ ഇഷ്ടപ്പെടുന്നു. ധാന്യം ശേഖരിച്ചു വെക്കാൻ അവൻ യോസേഫിനെത്തന്നെ തിരഞ്ഞെടുക്കുന്നു. ഫറവോൻ കഴിഞ്ഞാൽപ്പിന്നെ ഈജിപ്തിലെ ഏറ്റവും വലിയ ആളായിത്തീരുന്നു യോസേഫ്.
എട്ടുവർഷത്തിനു ശേഷം, ക്ഷാമകാലത്ത് ചില ആളുകൾ വരുന്നത് യോസേഫ് കാണുന്നു. അവർ ആരാണെന്ന് അറിയാമോ? യോസേഫിന്റെ 10 ജ്യേഷ്ഠന്മാർ! അവർ താമസിക്കുന്ന കനാനിൽ ധാന്യം തീരാറായതുകൊണ്ട് അവരുടെ അപ്പനായ യാക്കോബ് അവരെ ഈജിപ്തിലേക്കു പറഞ്ഞയച്ചിരിക്കുകയാണ്. യോസേഫിന് തന്റെ ജ്യേഷ്ഠന്മാരെ കണ്ടപ്പോൾത്തന്നെ മനസ്സിലായി, എന്നാൽ അവർക്ക് അവനെ മനസ്സിലാകുന്നില്ല. അത് എന്തുകൊണ്ടായിരിക്കും? കാരണം യോസേഫ് ഇപ്പോൾ അന്നത്തേതിലും വളർന്നു, മാത്രമല്ല അവൻ പണ്ട് ഇട്ടിരുന്നതുപോലുള്ള ഉടുപ്പൊന്നുമല്ല ഇപ്പോൾ ഇടുന്നത്.
ജ്യേഷ്ഠന്മാർ തന്റെ മുമ്പിൽ കുമ്പിടുന്നതായി ചെറുതായിരുന്നപ്പോൾ താൻ കണ്ട സ്വപ്നത്തെക്കുറിച്ച് യോസേഫ് ഇപ്പോൾ ഓർക്കുന്നു. അതിനെ കുറിച്ച് വായിച്ചത് ഓർക്കുന്നില്ലേ? അതുകൊണ്ട് ദൈവമാണ് തന്നെ ഈജിപ്തിലേക്ക് അയച്ചതെന്നും അതിന് തക്കതായ കാരണം ഉണ്ടായിരുന്നെന്നും അവന് ഇപ്പോൾ മനസ്സിലാകുന്നു. യോസേഫ് ഇപ്പോൾ എന്തായിരിക്കും ചെയ്യുക? നമുക്കു നോക്കാം.