വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 16

യിസ്‌ഹാക്കിന്‌ ഒരു നല്ല ഭാര്യയെ കിട്ടുന്നു

യിസ്‌ഹാക്കിന്‌ ഒരു നല്ല ഭാര്യയെ കിട്ടുന്നു

ഈ നടന്നു​വ​രു​ന്നത്‌ ആരാ​ണെന്ന്‌ അറിയാ​മോ? അവളുടെ പേര്‌ റിബെക്കാ എന്നാണ്‌. അവൾ നടന്നു​വ​രു​ന്നത്‌ യിസ്‌ഹാ​ക്കി​ന്റെ അടു​ത്തേ​ക്കാണ്‌. അവൾ അവന്റെ ഭാര്യ​യാ​കാൻ പോകു​ക​യാണ്‌. ഇത്‌ എങ്ങനെ​യാ​ണു സംഭവി​ച്ചത്‌?

യിസ്‌ഹാ​ക്കി​ന്റെ അപ്പനായ അബ്രാ​ഹാം തന്റെ മകന്‌ ഒരു നല്ല ഭാര്യയെ കിട്ടണ​മെന്ന്‌ ആഗ്രഹി​ച്ചു. എന്നാൽ കനാനിൽനിന്ന്‌ യിസ്‌ഹാക്‌ ഭാര്യയെ എടുക്കാൻ അബ്രാ​ഹാം ആഗ്രഹി​ച്ചി​ല്ല, കാരണം കനാന്യർ വ്യാജ​ദൈ​വ​ങ്ങ​ളെ​യാണ്‌ ആരാധി​ച്ചി​രു​ന്നത്‌. അതു​കൊണ്ട്‌ അബ്രാ​ഹാം തന്റെ ദാസനെ വിളിച്ച്‌ ഇങ്ങനെ പറഞ്ഞു: ‘നീ എന്റെ ബന്ധുക്കൾ പാർക്കുന്ന ഹാരാ​നി​ലേക്ക്‌ പോയി എന്റെ മകനായ യിസ്‌ഹാ​ക്കി​നു വേണ്ടി ഒരു ഭാര്യയെ കൊണ്ടു​വ​ര​ണം.’

അബ്രാ​ഹാ​മി​ന്റെ ദാസൻ ഉടൻതന്നെ പത്ത്‌ ഒട്ടകങ്ങ​ളു​മാ​യി ദൂരെ​യു​ള്ള ആ ദേശ​ത്തേ​ക്കു യാത്ര​യാ​യി. അബ്രാ​ഹാ​മി​ന്റെ ബന്ധുക്കൾ താമസി​ക്കു​ന്ന സ്ഥലത്തി​ന​ടുത്ത്‌ എത്തിയ​പ്പോൾ അവൻ ഒരു കിണറ്റു​ക​ര​യിൽ നിന്നു. അപ്പോൾ സമയം വൈകു​ന്നേ​ര​മാ​യി​രു​ന്നു. പട്ടണത്തി​ലെ പെണ്ണുങ്ങൾ കിണറ്റിൽനി​ന്നു വെള്ളം കോരാൻ വരുന്ന നേരമാ​യി​രു​ന്നു അത്‌. അതു​കൊണ്ട്‌ അബ്രാ​ഹാ​മി​ന്റെ ദാസൻ യഹോ​വ​യോട്‌ ഇങ്ങനെ പ്രാർഥി​ക്കു​ന്നു: ‘എനിക്കും ഒട്ടകങ്ങൾക്കും വെള്ളം കോരി​ത്ത​രു​ന്ന​വൾ ആയിരി​ക്ക​ട്ടെ യിസ്‌ഹാ​ക്കി​നാ​യി നീ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന പെൺകു​ട്ടി.’

പെട്ടെ​ന്നു​ത​ന്നെ റിബെക്കാ വെള്ളം കോരാൻ വന്നു. ദാസൻ അവളോ​ടു കുടി​ക്കാൻ വെള്ളം ചോദി​ച്ച​പ്പോൾ അവൾ കൊടു​ത്തു. പിന്നെ അവൾ ചെന്ന്‌ ദാഹി​ച്ചു​വ​ലഞ്ഞ എല്ലാ ഒട്ടകങ്ങൾക്കും കിണറ്റിൽനി​ന്നു വെള്ളം കോരി​ക്കൊ​ടു​ത്തു. ഒട്ടകങ്ങൾ ധാരാളം വെള്ളം കുടി​ക്കും എന്നതു​കൊണ്ട്‌ അതു ബുദ്ധി​മു​ട്ടു​ള്ള ഒരു പണിയാ​യി​രു​ന്നു.

റിബെക്കാ വെള്ളം കൊടു​ത്തു തീർന്ന​പ്പോൾ, അബ്രാ​ഹാ​മി​ന്റെ ദാസൻ അവളോട്‌ അവളുടെ പിതാ​വി​ന്റെ പേരെ​ന്താ​ണെ​ന്നു ചോദി​ച്ചു. രാത്രി​യിൽ തനിക്കു താമസി​ക്കാൻ അവരുടെ വീട്ടിൽ ഇടമു​ണ്ടാ​യി​രി​ക്കു​മോ എന്നും അവൻ ചോദി​ച്ചു. അവൾ പറഞ്ഞു: ‘എന്റെ അപ്പൻ ബെഥൂ​വേൽ ആണ്‌, ഞങ്ങളുടെ വീട്ടിൽ താമസി​ക്കാൻ ഇടമുണ്ട്‌.’ അബ്രാ​ഹാ​മി​ന്റെ സഹോ​ദ​ര​നാ​യ നാഹോ​രി​ന്റെ മകനാണ്‌ ബെഥൂ​വേൽ എന്ന്‌ ദാസന്‌ അറിയാ​മാ​യി​രു​ന്നു. അതു​കൊണ്ട്‌, തന്നെ അബ്രാ​ഹാ​മി​ന്റെ ബന്ധുക്ക​ളു​ടെ​യ​ടു​ത്തു കൊണ്ടു​വ​ന്ന​തിന്‌ അവൻ മുട്ടു​കു​ത്തി​നിന്ന്‌ യഹോ​വ​യ്‌ക്കു നന്ദിപ​റ​ഞ്ഞു.

ആ രാത്രി​യിൽത്ത​ന്നെ, ബെഥൂ​വേ​ലി​നോ​ടും അവന്റെ മകനായ ലാബാ​നോ​ടും ദാസൻ താൻ വന്നകാ​ര്യം എന്താ​ണെ​ന്നു പറഞ്ഞു. റിബെക്കാ അവനോ​ടൊ​പ്പം പോകു​ന്ന​തും യിസ്‌ഹാ​ക്കി​നെ കല്യാണം കഴിക്കു​ന്ന​തും അവർക്കു രണ്ടു​പേർക്കും സമ്മതമാ​യി​രു​ന്നു. റിബെ​ക്കാ​യോ​ടു സമ്മതം ചോദി​ച്ച​പ്പോൾ അവൾ എന്തു പറഞ്ഞു? പോകാൻ ‘എനിക്കു സമ്മതമാണ്‌’ എന്ന്‌ അവൾ പറഞ്ഞു. അടുത്ത​ദി​വ​സം​ത​ന്നെ അവർ ഒട്ടകപ്പു​റ​ത്തു കയറി, തിരികെ കനാനി​ലേ​ക്കു​ള്ള നീണ്ട യാത്ര തുടങ്ങി.

അവർ എത്തി​ച്ചേർന്ന​പ്പോൾ സന്ധ്യമ​യ​ങ്ങി​യി​രു​ന്നു. വയലി​ലൂ​ടെ ഒരു മനുഷ്യൻ നടക്കു​ന്ന​തു റിബെക്കാ കണ്ടു. അത്‌ യിസ്‌ഹാക്‌ ആയിരു​ന്നു. റിബെ​ക്കാ​യെ കണ്ടപ്പോൾ യിസ്‌ഹാ​ക്കി​നു വളരെ സന്തോ​ഷ​മാ​യി. അവന്റെ അമ്മ മരിച്ചിട്ട്‌ മൂന്നു​വർഷ​മേ ആയിരു​ന്നു​ള്ളൂ, അപ്പോ​ഴും അവന്റെ സങ്കടം മാറി​യി​ട്ടു​ണ്ടാ​യി​രു​ന്നില്ല. എന്നാൽ ഇപ്പോൾ യിസ്‌ഹാക്‌ റിബെ​ക്കാ​യെ വളരെ​യ​ധി​കം സ്‌നേ​ഹി​ക്കാൻ തുടങ്ങു​ന്നു. അങ്ങനെ അവൻ പിന്നെ​യും സന്തോ​ഷ​വാ​നാ​യി​ത്തീ​രു​ന്നു.