കഥ 21
യോസേഫിന്റെ ജ്യേഷ്ഠന്മാർ അവനെ വെറുക്കുന്നു
ഈ ബാലനെ കണ്ടോ? എന്തൊരു സങ്കടവും വിഷമവും ആണല്ലേ അവന്റെ മുഖത്ത്? ഇതു യോസേഫാണ്. അവന്റെ ജ്യേഷ്ഠന്മാർ അവനെ ഈജിപ്തിലേക്കു പോകുകയായിരുന്ന ഈ മനുഷ്യർക്ക് ഇപ്പോൾ വിറ്റതേയുള്ളൂ. യോസേഫിനെ അവർ അവിടെ ഒരു അടിമയാക്കും. അവന്റെ ജ്യേഷ്ഠന്മാർ ഇത്രയും ക്രൂരമായ ഒരു കാര്യം ചെയ്തത് എന്തുകൊണ്ടാണ്? കാരണം അവർക്കു യോസേഫിനോട് അസൂയയാണ്.
അവരുടെ അപ്പനായ യാക്കോബിന് യോസേഫിനെയായിരുന്നു ഏറ്റവും ഇഷ്ടം. അതുകൊണ്ട് അവൻ യോസേഫിനു നല്ല ഭംഗിയുള്ള നീണ്ട ഒരു അങ്കി തുന്നിക്കൊടുത്തു. യാക്കോബിനു യോസേഫിനോടുള്ള സ്നേഹം അവന്റെ പത്തു ജ്യേഷ്ഠന്മാർ കണ്ടപ്പോൾ അവർക്ക് അസൂയ തോന്നിത്തുടങ്ങി, അങ്ങനെ അവർ അവനെ വെറുത്തു. അവനെ വെറുക്കാൻ മറ്റൊരു കാരണവും ഉണ്ടായിരുന്നു.
യോസേഫ് രണ്ടു സ്വപ്നങ്ങൾ കണ്ടു. അവന്റെ ജ്യേഷ്ഠന്മാർ അവന്റെ മുമ്പിൽ കുമ്പിടുന്നതായിട്ടായിരുന്നു രണ്ടു സ്വപ്നങ്ങളും. ഇതിനെക്കുറിച്ച് അവൻ തന്റെ ജ്യേഷ്ഠന്മാരോടു പറഞ്ഞപ്പോൾ അവർക്ക് അവനോടുള്ള വെറുപ്പു പിന്നെയും കൂടി.
ഒരു ദിവസം യോസേഫിന്റെ ജ്യേഷ്ഠന്മാർ തങ്ങളുടെ അപ്പന്റെ ആടുകളെ മേയ്ക്കുകയായിരുന്നു, അവർ സുഖമായിരിക്കുന്നുവോ എന്ന് അന്വേഷിച്ചു വരാൻ യാക്കോബ് യോസേഫിനെ അവരുടെ അടുത്തേക്ക് അയയ്ക്കുന്നു. യോസേഫ് വരുന്നതു കണ്ടപ്പോൾ അവരിൽ ചിലർ ഇങ്ങനെ പറയുന്നു: ‘നമുക്കവനെ കൊല്ലാം!’ എന്നാൽ ഏറ്റവും മൂത്തവനായ രൂബേൻ പറയുന്നു: ‘വേണ്ട, അതു വേണ്ട!’ പകരം അവർ അവനെ പിടിച്ച് ഒരു പൊട്ടക്കിണറ്റിൽ ഇടുന്നു. എന്നിട്ട് അവനെ എന്തു ചെയ്യണമെന്ന് എല്ലാവരും കൂടിയിരുന്ന് ആലോചിക്കുന്നു.
ഈ സമയത്താണ് ഇശ്മായേല്യരായ ചില ആളുകൾ അതുവഴി വരുന്നത്. യെഹൂദാ മറ്റുള്ളവരോട് ഇങ്ങനെ പറയുന്നു: ‘നമുക്കവനെ ഇശ്മായേല്യർക്കു വിൽക്കാം.’ അവർ അങ്ങനെ ചെയ്യുന്നു. അവർ അവനെ 20 വെള്ളിക്കാശിനു വിൽക്കുന്നു. എത്ര ക്രൂരമായിരുന്നു അത്, അല്ലേ?
ഇനി അവർ തങ്ങളുടെ അപ്പനോട് എന്തു പറയും? അവർ ഒരു കോലാടിനെ കൊന്ന് യോസേഫിന്റെ ഭംഗിയുള്ള അങ്കി ആ ചോരയിൽ പിന്നെയും പിന്നെയും മുക്കുന്നു. എന്നിട്ട് അവർ ആ അങ്കിയുമെടുത്ത് വീട്ടിൽ ചെന്ന് യാക്കോബിനെ കാണിച്ചിട്ട് പറയുന്നു: ‘ഞങ്ങൾക്ക് ഇതു മാത്രം കിട്ടി. ഇതു യോസേഫിന്റെ അങ്കിയല്ലേ എന്നു നോക്കിക്കേ.’
അതു തന്റെ മകന്റേതാണെന്ന് യാക്കോബിനു മനസ്സിലാകുന്നു. ‘ഏതെങ്കിലും കാട്ടുമൃഗം അവനെ കടിച്ചുകീറി കൊന്നിട്ടുണ്ടാകും’ എന്നു പറഞ്ഞ് യാക്കോബ് കരയുന്നു. അവൻ അങ്ങനെ വിചാരിക്കാൻ തന്നെയാണ് അവർ ആഗ്രഹിച്ചതും. യാക്കോബിനു സങ്കടം സഹിക്കാനാകുന്നില്ല. അവൻ ദിവസങ്ങളോളം യോസേഫിനെ ഓർത്തു കരയുന്നു. എന്നാൽ യോസേഫ് മരിച്ചിട്ടില്ല. അവനെ കൊണ്ടുചെന്ന സ്ഥലത്ത് എന്താണു സംഭവിക്കുന്നതെന്നു നമുക്കു നോക്കാം.