കഥ 47
ഇസ്രായേലിൽ ഒരു കള്ളൻ
ഈ മനുഷ്യൻ തന്റെ കൂടാരത്തിൽ കുഴിച്ചിടുന്നത് എന്താണെന്നു നോക്കൂ! നല്ല ഭംഗിയുള്ള ഒരു ഉടുപ്പും ഒരു സ്വർണക്കട്ടിയും ഏതാനും കഷണം വെള്ളിയും. അയാൾ അത് യെരീഹോ പട്ടണത്തിൽനിന്ന് എടുത്തതാണ്. എന്നാൽ യെരീഹോയിലെ സാധനങ്ങളെല്ലാം എന്തു ചെയ്യാനാണ് അവരോടു പറഞ്ഞിരുന്നതെന്ന് ഓർമയുണ്ടോ?
അവർ അവ നശിപ്പിച്ചു കളയേണ്ടിയിരുന്നു. സ്വർണവും വെള്ളിയും യഹോവയുടെ സമാഗമന കൂടാരത്തിലേക്കു കൊടുക്കണമായിരുന്നു. അതുകൊണ്ട് ഈ ആളുകൾ ദൈവത്തോട് അനുസരണക്കേടു കാണിച്ചിരിക്കുകയാണ്. ദൈവത്തിനു കൊടുക്കേണ്ടിയിരുന്ന സാധനങ്ങൾ അവർ മോഷ്ടിച്ചു വെച്ചിരിക്കുന്നു. ഈ മനുഷ്യന്റെ പേര് ആഖാൻ എന്നാണ്. അയാളുടെ വീട്ടുകാരാണ് കൂടെയുള്ളത്. എന്താണു സംഭവിക്കുന്നതെന്ന് നമുക്കു നോക്കാം.
ആഖാൻ ഈ സാധനങ്ങൾ എടുത്ത ശേഷം യോശുവ ഹായി പട്ടണം പിടിക്കാൻ പടയാളികളെ അയയ്ക്കുന്നു. എന്നാൽ യുദ്ധത്തിൽ അവർ പിടിക്കപ്പെടുന്നു. ചിലർ കൊല്ലപ്പെടുന്നു, ബാക്കിയുള്ളവർ ഓടിപ്പോകുന്നു. യോശുവയ്ക്ക് വളരെ സങ്കടമായി. അവൻ നിലത്ത് കമിഴ്ന്നു കിടന്നുകൊണ്ട് യഹോവയോടു പ്രാർഥിക്കുന്നു: ‘ഞങ്ങൾക്ക് ഇങ്ങനെ സംഭവിക്കാൻ നീ അനുവദിച്ചതെന്ത്?’
യഹോവ ഉത്തരം നൽകുന്നു: ‘എഴുന്നേൽക്കുക! ഇസ്രായേൽ പാപം ചെയ്തിരിക്കുന്നു. നശിപ്പിച്ചു കളയുകയോ യഹോവയുടെ സമാഗമന കൂടാരത്തിലേക്കു കൊടുക്കുകയോ ചെയ്യേണ്ടിയിരുന്ന വസ്തുക്കൾ അവർ എടുത്തിരിക്കുന്നു. അവർ ഭംഗിയുള്ള ഒരു ഉടുപ്പ് മോഷ്ടിച്ച് ഒളിപ്പിച്ചു വെച്ചിരിക്കുന്നു. ആ കള്ളനെ കൊല്ലുകയും അവൻ മോഷ്ടിച്ച സാധനങ്ങൾ നശിപ്പിച്ചു കളയുകയും ചെയ്യാതെ ഞാൻ നിങ്ങളെ അനുഗ്രഹിക്കുകയില്ല.’ ആ ദുഷ്ടമനുഷ്യൻ ആരാണെന്നു താൻ കാണിച്ചു തരാമെന്നു യഹോവ യോശുവയോടു പറയുന്നു.
യോശുവ ജനത്തെ ഒരുമിച്ചു കൂട്ടുന്നു, യഹോവ ദുഷ്ടമനുഷ്യനായ ആഖാനെ കാണിച്ചു കൊടുക്കുന്നു. ആഖാൻ പറയുന്നു: ‘ഞാൻ പാപം ചെയ്തുപോയി. ഞാൻ ഭംഗിയുള്ള ഒരു ഉടുപ്പും ഒരു സ്വർണക്കട്ടിയും ഏതാനും കഷണം വെള്ളിയും കണ്ടു. എനിക്ക് വളരെ ഇഷ്ടം തോന്നിയതുകൊണ്ട് ഞാൻ അവ എടുത്തു. ഞാൻ അവ കൂടാരത്തിനുള്ളിൽ കുഴിച്ചിട്ടിരിക്കുകയാണ്.’
ആ സാധനങ്ങളെല്ലാം കണ്ടെടുത്ത് യോശുവയുടെ അടുക്കലേക്കു കൊണ്ടുവരുമ്പോൾ അവൻ ആഖാനോടു പറയുന്നു: ‘നീ ഞങ്ങളെ കുഴപ്പത്തിലാക്കിയത് എന്തിന്? ഇപ്പോൾ യഹോവ നിന്റെമേൽ ദോഷം വരുത്തും!’ അപ്പോൾ ജനമെല്ലാം ആഖാനെയും കുടുംബത്തെയും കല്ലെറിഞ്ഞു കൊല്ലുന്നു. നമ്മുടെ സ്വന്തമല്ലാത്ത യാതൊന്നും നാം എടുക്കരുതെന്ന് ഇതു കാണിച്ചു തരുന്നില്ലേ?
അതു കഴിഞ്ഞ് ഇസ്രായേൽ വീണ്ടും ഹായിക്കു നേരെ യുദ്ധത്തിനു പോകുന്നു. ഇത്തവണ യഹോവ തന്റെ ജനത്തെ സഹായിക്കുന്നു, അവർ യുദ്ധം ജയിക്കുന്നു.