വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 48

ബുദ്ധിയുള്ള ഗിബെയോന്യർ

ബുദ്ധിയുള്ള ഗിബെയോന്യർ

കനാനി​ലെ മിക്ക പട്ടണങ്ങ​ളും ഇസ്രാ​യേ​ല്യ​രോ​ടു യുദ്ധം ചെയ്യാൻ ഒരുങ്ങു​ക​യാണ്‌. യുദ്ധത്തിൽ തങ്ങൾക്കു ജയിക്കാ​നാ​കു​മെന്ന്‌ അവർ വിശ്വ​സി​ക്കു​ന്നു. എന്നാൽ അടുത്തുള്ള പട്ടണമായ ഗിബെ​യോ​നി​ലെ ജനങ്ങൾ അങ്ങനെ വിചാ​രി​ക്കു​ന്നി​ല്ല. ദൈവ​മാണ്‌ ഇസ്രാ​യേ​ല്യ​രെ സഹായി​ക്കു​ന്നത്‌ എന്ന്‌ അവർ വിശ്വ​സി​ക്കു​ന്നു. ദൈവ​ത്തോ​ടു യുദ്ധം ചെയ്യാൻ അവർ ആഗ്രഹി​ക്കു​ന്നി​ല്ല. അതു​കൊണ്ട്‌ ഗിബെ​യോ​ന്യർ എന്തു ചെയ്യു​ന്നു​വെ​ന്നോ?

തങ്ങൾ വളരെ ദൂരെ​യു​ള്ള ഒരു ദേശത്തു​നി​ന്നു വരുന്ന​വ​രാണ്‌ എന്ന്‌ ഇസ്രാ​യേ​ല്യ​രെ വിശ്വ​സി​പ്പി​ക്കാൻ അവർ തീരു​മാ​നി​ക്കു​ന്നു. അവരിൽ ചിലർ പഴയ വസ്‌ത്ര​ങ്ങ​ളും തേഞ്ഞു​പോ​യ ചെരി​പ്പു​ക​ളും ഇടുന്നു. തങ്ങളുടെ കഴുത​ക​ളു​ടെ​മേൽ പഴയ ചാക്കുകൾ കയറ്റുന്നു. കുറെ ഉണങ്ങിയ അപ്പവും എടുക്കു​ന്നു. അവർ യോശു​വ​യു​ടെ അടുത്തു ചെന്ന്‌ ഇങ്ങനെ പറയുന്നു: ‘നിങ്ങളു​ടെ മഹാ ദൈവ​മാ​യ യഹോ​വ​യെ​ക്കു​റി​ച്ചു കേട്ട്‌ ഞങ്ങൾ വളരെ ദൂരെ​യു​ള്ള ഒരു ദേശത്തു​നി​ന്നു വരിക​യാണ്‌. അവൻ നിങ്ങൾക്കു​വേ​ണ്ടി ഈജി​പ്‌തിൽ ചെയ്‌ത കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ഞങ്ങൾ കേട്ടി​രി​ക്കു​ന്നു. അതു​കൊണ്ട്‌ ഞങ്ങളുടെ നേതാ​ക്ക​ന്മാർ, ഒരു യാത്ര​യ്‌ക്കു​ള്ള ഭക്ഷണവു​മെ​ടുത്ത്‌ നിങ്ങളു​ടെ അടുക്കൽ വന്ന്‌, “ഞങ്ങൾ നിങ്ങളു​ടെ ദാസന്മാർ ആണ്‌. ഞങ്ങളോ​ടു യുദ്ധം ചെയ്യു​ക​യി​ല്ലെ​ന്നു നിങ്ങൾ ഉടമ്പടി ചെയ്യണം” എന്നു നിങ്ങ​ളോട്‌ അപേക്ഷി​ക്കാൻ ഞങ്ങളോ​ടു പറഞ്ഞി​രി​ക്കു​ന്നു. വളരെ ദൂരം യാത്ര ചെയ്‌ത​തു​കൊണ്ട്‌ ഞങ്ങളുടെ വസ്‌ത്രം പഴകി​യി​രി​ക്കു​ന്ന​തും അപ്പം ഉണങ്ങി​യി​രി​ക്കു​ന്ന​തും നിങ്ങൾക്കു കാണാ​മ​ല്ലോ.’

യോശു​വ​യും മറ്റു നേതാ​ക്ക​ളും ഗിബെ​യോ​ന്യർ പറയു​ന്ന​തു വിശ്വ​സി​ക്കു​ന്നു. അതു​കൊണ്ട്‌ അവരോ​ടു യുദ്ധം ചെയ്യി​ല്ലെന്ന്‌ അവർ ഉടമ്പടി ചെയ്യുന്നു. എന്നാൽ ഗിബെ​യോ​ന്യർ അടുത്തു​ത​ന്നെ താമസി​ക്കു​ന്ന​വ​രാ​ണെന്ന്‌ മൂന്നു ദിവസം കഴിഞ്ഞ​പ്പോൾ അവർ മനസ്സി​ലാ​ക്കു​ന്നു.

‘നിങ്ങൾ വളരെ ദൂരെ നിന്നാണു വരുന്ന​തെന്ന്‌ ഞങ്ങളോ​ടു പറഞ്ഞ​തെന്ത്‌?’ യോശുവ അവരോ​ടു ചോദി​ക്കു​ന്നു.

ഗിബെ​യോ​ന്യർ ഉത്തരം പറയുന്നു: ‘നിങ്ങളു​ടെ ദൈവ​മാ​യ യഹോവ ഈ കനാൻദേ​ശം മുഴു​വ​നും നിങ്ങൾക്കു തരു​മെ​ന്നു വാഗ്‌ദാ​നം ചെയ്‌തി​ട്ടു​ണ്ടെ​ന്നു ഞങ്ങൾ കേട്ടി​രു​ന്നു. അതു​കൊണ്ട്‌ നിങ്ങൾ ഞങ്ങളെ കൊന്നു​ക​ള​യു​മെ​ന്നു ഞങ്ങൾ പേടിച്ചു.’ എന്നാൽ ഇസ്രാ​യേ​ല്യർ അവർക്കു കൊടുത്ത വാക്കു പാലി​ക്കു​ന്നു. അവർ ഗിബെ​യോ​ന്യ​രെ കൊല്ലു​ന്നി​ല്ല. പകരം അവരെ തങ്ങളുടെ ദാസന്മാ​രാ​ക്കു​ന്നു.

ഗിബെ​യോ​ന്യർ ഇസ്രാ​യേ​ല്യ​രു​മാ​യി സമാധാ​ന​ത്തി​ലാ​യ​തിൽ യെരൂ​ശ​ലേം രാജാവ്‌ കോപി​ക്കു​ന്നു. അവൻ മറ്റു നാലു രാജാ​ക്ക​ന്മാ​രോ​ടു പറയുന്നു: ‘ഗിബെ​യോ​ന്യ​രോ​ടു യുദ്ധം ചെയ്യാൻ എന്നെ സഹായി​ക്കു​ക.’ ആ അഞ്ചു രാജാ​ക്ക​ന്മാർ ചേർന്ന്‌ ഗിബെ​യോ​ന്യ​രെ ആക്രമി​ക്കു​ന്നു. ആ രാജാ​ക്ക​ന്മാ​രെ തങ്ങൾക്കെ​തി​രെ തിരി​ച്ചു​കൊണ്ട്‌ ഗിബെ​യോ​ന്യർ ഇസ്രാ​യേ​ല്യ​രു​മാ​യി ഉടമ്പടി​യിൽ ഏർപ്പെ​ട്ടത്‌ ബുദ്ധി​യാ​യി​രു​ന്നോ? നമുക്കു നോക്കാം.