വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 41

താമ്രസർപ്പം

താമ്രസർപ്പം

ആ വടിയിൽ ഉയർത്തി നിറു​ത്തി​യി​രി​ക്കു​ന്ന സർപ്പത്തെ കണ്ടിട്ട്‌ അതിനു ജീവനുണ്ട്‌ എന്നു തോന്നു​ന്നു​ണ്ടോ? എന്നാൽ അതിനു ജീവനില്ല. താമ്രം അഥവാ ചെമ്പു​കൊണ്ട്‌ ഉണ്ടാക്കിയ ഒരു പാമ്പാ​ണത്‌. ആളുകൾ അതിനെ നോക്കി ജീവി​ച്ചി​രി​ക്കേ​ണ്ട​തിന്‌ അതിനെ ആ വടിയിൽ ഉയർത്തി​നി​റു​ത്താൻ യഹോ​വ​യാ​ണു മോ​ശെ​യോ​ടു പറഞ്ഞത്‌. പക്ഷേ നിലത്തു കാണുന്ന മറ്റു പാമ്പുകൾ ജീവനു​ള്ള​വ​യാണ്‌, കേട്ടോ. അവയുടെ കടി​യേറ്റ്‌ ആളുകൾക്ക്‌ വയ്യാതാ​യി​രി​ക്കു​ന്നു. ഇങ്ങനെ സംഭവി​ച്ചത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നോ?

ഇസ്രാ​യേ​ല്യർ ദൈവ​ത്തി​നും മോ​ശെ​ക്കും എതിരെ സംസാ​രി​ച്ച​താണ്‌ ഇതിനു കാരണം. അവർ ഇങ്ങനെ പരാതി പറഞ്ഞു: ‘ഈ മരുഭൂ​മി​യിൽ കിടന്ന്‌ മരിക്കാൻ നിങ്ങൾ ഞങ്ങളെ ഈജി​പ്‌തിൽനി​ന്നു കൊണ്ടു​വ​ന്നത്‌ എന്തിന്‌? ഇവിടെ ആഹാര​മി​ല്ല, വെള്ളവു​മി​ല്ല. ഈ മന്നാ തിന്ന്‌ ഞങ്ങൾക്കു മടുത്തു.’

എന്നാൽ മന്നാ നല്ല ഭക്ഷണമാണ്‌. യഹോവ അത്ഭുത​ക​ര​മാ​യി അവർക്കു നൽകി​യ​താണ്‌ അത്‌. അത്ഭുത​ക​ര​മാ​യി അവൻ അവർക്കു വെള്ളവും കൊടു​ത്തു. പക്ഷേ ദൈവം തങ്ങൾക്കു വേണ്ടി ചെയ്യു​ന്ന​തി​നൊ​ന്നും ജനം നന്ദിയു​ള്ള​വ​രല്ല. അതു​കൊണ്ട്‌ ഇസ്രാ​യേ​ല്യ​രെ ശിക്ഷി​ക്കാൻ യഹോവ ഈ വിഷപ്പാ​മ്പു​ക​ളെ അയയ്‌ക്കു​ന്നു. പാമ്പു​ക​ടി​യേറ്റ്‌ അവരിൽ പലരും മരിക്കു​ന്നു.

ഒടുവിൽ ആളുകൾ മോ​ശെ​യു​ടെ അടു​ത്തേ​ക്കു വരുന്നു. അവർ പറയുന്നു: ‘യഹോ​വ​യ്‌ക്കും നിനക്കും എതിരെ സംസാ​രി​ക്ക​യാൽ ഞങ്ങൾ പാപം ചെയ്‌തി​രി​ക്കു​ന്നു. ഇപ്പോൾ ഈ പാമ്പു​ക​ളെ അകറ്റേ​ണ്ട​തിന്‌ യഹോ​വ​യോ​ടു പ്രാർഥി​ച്ചാ​ലും.’

അതു​കൊണ്ട്‌ മോശെ ജനത്തി​നു​വേ​ണ്ടി യഹോ​വ​യോ​ടു പ്രാർഥി​ക്കു​ന്നു. അപ്പോൾ ഈ താമ്ര​സർപ്പ​ത്തെ ഉണ്ടാക്കി ഒരു വടിയിൽ ഉയർത്തി​നി​റു​ത്താൻ യഹോവ മോ​ശെ​യോ​ടു പറയുന്നു. പാമ്പിന്റെ കടി​യേൽക്കു​ന്ന​വർക്ക്‌ ആ താമ്ര​സർപ്പ​ത്തെ നോക്കി​യാൽ രക്ഷപ്പെ​ടാൻ കഴിയു​മാ​യി​രു​ന്നു. യഹോവ പറഞ്ഞതു​പോ​ലെ തന്നെ മോശെ ചെയ്‌തു. പാമ്പു​ക​ടി​യേൽക്കു​ന്നവർ താമ്ര​സർപ്പ​ത്തെ നോക്കു​മ്പോൾ അവർക്കു സുഖമാ​കു​ന്നു.

ഇതിൽനിന്ന്‌ ഒരു പാഠം പഠിക്കാ​നുണ്ട്‌. ഒരു വിധത്തിൽ പറഞ്ഞാൽ നമ്മളെ​ല്ലാം, പാമ്പു​ക​ടി​യേറ്റ ആ ഇസ്രാ​യേ​ല്യ​രെ​പ്പോ​ലെ ആണ്‌. നമ്മളെ​ല്ലാം മരിച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. നമുക്കു ചുറ്റും ഒന്നു കണ്ണോ​ടി​ച്ചാൽ ആളുകൾക്കു വയസ്സു ചെല്ലു​ന്ന​തും രോഗം പിടി​പെ​ടു​ന്ന​തും മരിക്കു​ന്ന​തും നമുക്കു കാണാൻ കഴിയും. ആദ്യ മനുഷ്യ​രാ​യ ആദാമും ഹവ്വായും യഹോ​വ​യിൽനിന്ന്‌ അകന്നു പോയ​തു​കൊ​ണ്ടാണ്‌ അവരുടെ മക്കളായ നമുക്ക്‌ ഇതെല്ലാം അനുഭ​വി​ക്കേ​ണ്ടി വരുന്നത്‌. എന്നാൽ നമുക്ക്‌ എന്നെന്നും ജീവി​ച്ചി​രി​ക്കാൻ കഴി​യേ​ണ്ട​തിന്‌ യഹോവ ഒരു കാര്യം ചെയ്‌തി​രി​ക്കു​ന്നു.

യഹോവ തന്റെ പുത്ര​നാ​യ യേശു​ക്രി​സ്‌തു​വി​നെ ഭൂമി​യി​ലേക്ക്‌ അയച്ചു. യേശു കൊള്ള​രു​താ​ത്ത​വ​നാ​ണെന്ന്‌ പല ആളുക​ളും വിചാ​രി​ച്ച​തു​കൊണ്ട്‌ അവർ അവനെ ഒരു സ്‌തം​ഭ​ത്തിൽ തൂക്കി​ക്കൊ​ന്നു. എന്നാൽ നമ്മെ രക്ഷിക്കാൻ യഹോവ യേശു​വി​നെ നൽകി. അവനെ നോക്കു​മെ​ങ്കിൽ, അവൻ പറയു​ന്ന​തെ​ല്ലാം അനുസ​രി​ക്കു​മെ​ങ്കിൽ നമുക്കു നിത്യ​ജീ​വൻ കിട്ടും. ഇതി​നെ​ക്കു​റി​ച്ചു നാം പിന്നീടു കൂടുതൽ പഠിക്കു​ന്ന​താ​യി​രി​ക്കും.