കഥ 35
യഹോവ തന്റെ നിയമങ്ങൾ നൽകുന്നു
ഇസ്രായേല്യർ ഈജിപ്തിൽനിന്നു പുറപ്പെട്ടുപോന്ന് ഏകദേശം രണ്ടു മാസം കഴിഞ്ഞപ്പോൾ അവർ സീനായി പർവതത്തിന് അടുത്ത് എത്തി. ആ മലയ്ക്ക് ഹോരെബ് എന്നും പേരുണ്ട്. കത്തുന്ന മുൾച്ചെടിയിൽനിന്ന് യഹോവ മോശെയോടു സംസാരിച്ചത് ഓർമയില്ലേ? അത് ഇവിടെവെച്ചായിരുന്നു. ജനം ഇവിടെ കൂടാരമടിച്ച് കുറച്ചുകാലം തങ്ങുന്നു.
ജനത്തെ താഴെ നിറുത്തിയിട്ട് മോശെ മലമുകളിലേക്കു കയറിപ്പോകുന്നു. അവിടെവെച്ച് യഹോവ അവനോട്, ഇസ്രായേല്യർ തന്നെ അനുസരിക്കാനും തന്റെ പ്രത്യേക ജനമായിരിക്കാനും താൻ ആഗ്രഹിക്കുന്നുവെന്ന് പറയുന്നു. മോശെ താഴെവന്ന് യഹോവ പറഞ്ഞ കാര്യം ഇസ്രായേല്യരെ അറിയിക്കുന്നു. അതു കേട്ടപ്പോൾ തങ്ങൾ യഹോവയുടെ ജനമായിരിക്കാൻ ആഗ്രഹിക്കുന്നുവെന്നും അതുകൊണ്ട് അവനെ അനുസരിക്കാൻ സമ്മതമാണെന്നും അവർ പറയുന്നു.
യഹോവ ഇപ്പോൾ ഒരു അസാധാരണ കാര്യം ചെയ്യുന്നു. പർവതത്തിന്റെ മുകൾവശത്തുനിന്നു പുക ഉയരാനും ഉച്ചത്തിലുള്ള ഇടിമുഴക്കം ഉണ്ടാകാനും അവൻ ഇടയാക്കുന്നു. അവൻ ജനത്തോടു സംസാരിക്കുന്നു: ‘നിങ്ങളെ ഈജിപ്തിൽനിന്നു കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ ഞാൻ തന്നേ.’ തുടർന്ന് അവൻ ഇങ്ങനെ കൽപ്പിക്കുന്നു: ‘എന്നെയല്ലാതെ മറ്റൊരു ദൈവത്തെ നിങ്ങൾ ആരാധിക്കരുത്.’
കൂടുതലായ ഒമ്പതു കൽപ്പനകൾ അല്ലെങ്കിൽ നിയമങ്ങൾകൂടെ ദൈവം ഇസ്രായേല്യർക്കു കൊടുക്കുന്നു. പക്ഷേ ആളുകൾക്കു ഭയമായി. അവർ മോശെയോടു പറയുന്നു: ‘ദൈവം ഞങ്ങളോടു സംസാരിച്ചിട്ട് ഞങ്ങൾ മരിക്കാതിരിക്കേണ്ടതിന് നീ ഞങ്ങളോടു സംസാരിക്കേണമേ.’
പിന്നീട് യഹോവ മോശെയോടു പറയുന്നു: ‘മല കയറി എന്റെയടുത്തേക്കു വരിക. ജനം അനുസരിക്കേണ്ട കൽപ്പനകൾ എഴുതിയ രണ്ടു കൽപ്പലകകൾ ഞാൻ നിനക്കു തരാം.’ അതുകൊണ്ട് മോശെ പിന്നെയും മലയിലേക്കു കയറിപ്പോകുന്നു. നാൽപ്പതു രാത്രിയും നാൽപ്പതു പകലും അവൻ അവിടെ കഴിയുന്നു.
ദൈവം തന്റെ ജനം അനുസരിക്കേണ്ട കുറെ കൽപ്പനകൾ നൽകുന്നു. മോശെ ഈ കൽപ്പനകൾ എല്ലാം എഴുതിയെടുക്കുന്നു. കൂടാതെ ദൈവം മോശെക്ക് ആ രണ്ടു കൽപ്പലകകളും കൊടുക്കുന്നു. അവയിൽ ദൈവംതന്നെ, അവൻ ജനത്തോടു പറഞ്ഞ പത്തു നിയമങ്ങളും എഴുതിയിട്ടുണ്ടായിരുന്നു. അവ പത്തു കൽപ്പനകൾ എന്ന് അറിയപ്പെടുന്നു.
പത്തു കൽപ്പനകൾ പ്രധാനപ്പെട്ട നിയമങ്ങളാണ്. ദൈവം ഇസ്രായേല്യർക്കു കൊടുത്ത മറ്റു നിയമങ്ങളും അങ്ങനെതന്നെ. അവയിലൊരു നിയമം ഇതാണ്: ‘നിന്റെ ദൈവമായ യഹോവയെ നീ പൂർണഹൃദയത്തോടും പൂർണമനസ്സോടും പൂർണശക്തിയോടുംകൂടെ സ്നേഹിക്കേണം.’ മറ്റൊരു കൽപ്പന ഇതാണ്: ‘കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം.’ യഹോവ തന്റെ ജനമായ ഇസ്രായേല്യർക്കു കൊടുത്ത നിയമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇവ രണ്ടും ആണെന്ന് ദൈവത്തിന്റെ പുത്രനായ യേശുക്രിസ്തു പറഞ്ഞു. ദൈവത്തിന്റെ പുത്രനെക്കുറിച്ചും അവൻ പഠിപ്പിച്ച കാര്യങ്ങളെക്കുറിച്ചും പലതും നമ്മൾ പിന്നീട് പഠിക്കും.