കഥ 42
ഒരു കഴുത സംസാരിക്കുന്നു
എപ്പോഴെങ്കിലും ഒരു കഴുത സംസാരിച്ചിട്ടുള്ളതായി കേട്ടിട്ടുണ്ടോ? ‘ഇല്ല, മൃഗങ്ങൾക്കു സംസാരിക്കാൻ കഴിയില്ലല്ലോ’ എന്നു നിങ്ങൾ പറഞ്ഞേക്കാം. എന്നാൽ ഒരിക്കൽ ഒരു കഴുത സംസാരിച്ചതായി ബൈബിൾ പറയുന്നു. അത് എങ്ങനെ സംഭവിച്ചെന്നു നമുക്കു നോക്കാം.
ഇസ്രായേല്യർ കനാൻദേശത്തിന്റെ അടുത്ത് എത്തിയിരിക്കുകയാണ്. മോവാബ്യ രാജാവായ ബാലാക്കിന് ഇസ്രായേല്യരെ പേടിയാണ്. അതുകൊണ്ട് അവൻ ബിലെയാം എന്നു പേരുള്ള കൗശലക്കാരനായ ഒരു മനുഷ്യനെ വിളിപ്പിക്കുന്നു. ബിലെയാം ഇസ്രായേല്യരെ ശപിക്കണം, ഇതാണ് അവന്റെ ആവശ്യം. അങ്ങനെ ചെയ്താൽ ധാരാളം പണം അവനു നൽകാമെന്ന് ബാലാക്ക് പറയുന്നു. അതുകൊണ്ട് ബിലെയാം ബാലാക്കിനെ കാണാൻ തന്റെ കഴുതപ്പുറത്തു കയറി യാത്ര തിരിക്കുന്നു.
ബിലെയാം തന്റെ ജനത്തെ ശപിക്കാൻ യഹോവ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടു ബിലെയാമിന്റെ വഴി തടയാൻ യഹോവ ഒരു ദൂതനെ അയയ്ക്കുന്നു. അവന്റെ കൈയിൽ ഒരു നീണ്ട വാളുണ്ട്. ബിലെയാമിന് ദൂതനെ കാണാൻ കഴിയുന്നില്ല, എന്നാൽ കഴുതയ്ക്കു കാണാം. അതുകൊണ്ട് കഴുത ദൂതനിൽനിന്ന് അകന്നുപോകാൻ പലപ്രാവശ്യം ശ്രമിക്കുന്നു, ഒടുവിൽ അത് വഴിയിൽ കിടക്കുന്നു. ബിലെയാമിന് വളരെയധികം ദേഷ്യം വരുന്നു. അവൻ ഒരു വടികൊണ്ട് കഴുതയെ അടിക്കുന്നു.
അപ്പോൾ ആ കഴുത സംസാരിക്കുന്നത് ബിലെയാം കേൾക്കാൻ യഹോവ ഇടയാക്കുന്നു. ‘എന്നെ അടിക്കാൻമാത്രം ഞാൻ എന്താണു നിന്നോടു ചെയ്തത്?’ എന്നു കഴുത ചോദിക്കുന്നു.
‘നീ എന്നെ വിഡ്ഢിയാക്കി,’ ബിലെയാം പറയുന്നു. ‘എന്റെ കയ്യിൽ ഒരു വാൾ ഉണ്ടായിരുന്നെങ്കിൽ ഞാൻ നിന്നെ കൊന്നുകളഞ്ഞേനെ!’
‘ഇതിനു മുമ്പ് എപ്പോഴെങ്കിലും ഞാൻ ഇങ്ങനെ ചെയ്തിട്ടുണ്ടോ?,’ കഴുത ചോദിക്കുന്നു.
‘ഇല്ല,’ ബിലെയാം പറയുന്നു.
അപ്പോൾ കൈയിൽ വാളുമായി വഴിയിൽ നിൽക്കുന്ന ദൂതനെ ബിലെയാം കാണാൻ യഹോവ ഇടയാക്കുന്നു. ദൂതൻ പറയുന്നു, ‘നീ നിന്റെ കഴുതയെ അടിച്ചത് എന്തിന്? ഇസ്രായേലിനെ ശപിക്കാൻ നീ പോകാൻ പാടില്ലാത്തതിനാൽ നിന്റെ വഴി മുടക്കാനാണു ഞാൻ വന്നിരിക്കുന്നത്. നിന്റെ കഴുത എന്നിൽനിന്ന് അകന്നുപോയിരുന്നില്ലെങ്കിൽ ഞാൻ നിന്നെ കൊല്ലുമായിരുന്നു, പക്ഷേ കഴുതയെ ഞാൻ വെറുതെ വിടുമായിരുന്നു.’
ബിലെയാം പറയുന്നു, ‘ഞാൻ പാപം ചെയ്തിരിക്കുന്നു. നീ വഴിയിൽ നിൽക്കുന്ന കാര്യം ഞാൻ അറിഞ്ഞില്ല.’ കടന്നുപോകാൻ ദൂതൻ ബിലെയാമിനെ അനുവദിക്കുമ്പോൾ അവൻ ബാലാക്കിന്റെ അടുത്തേക്കുള്ള യാത്ര തുടരുന്നു. അവൻ ഇസ്രായേലിനെ ശപിക്കാൻ ശ്രമിക്കുന്നു. പക്ഷേ മൂന്നു പ്രാവശ്യം അവൻ ഇസ്രായേലിനെ അനുഗ്രഹിക്കാൻ യഹോവ ഇടയാക്കുന്നു.