കഥ 34
ഒരു പുതിയതരം ഭക്ഷണം
ആളുകൾ നിലത്തുനിന്നു പെറുക്കിയെടുക്കുന്നത് എന്താണെന്നു മനസ്സിലായോ? മഞ്ഞുപോലെയുണ്ടല്ലേ അതു കാണാൻ? അതു വെളുത്തതാണ്, കനം കുറഞ്ഞതുമാണ്. എന്നാൽ അതു മഞ്ഞല്ല; തിന്നാനുള്ള എന്തോ ആണ്.
ഇസ്രായേല്യർ ഈജിപ്തു വിട്ടിട്ട് ഏതാണ്ട് ഒരു മാസം ആയതേയുള്ളൂ. അവർ മരുഭൂമിയിലാണ്. അവിടെ വളരെ കുറച്ചു ഭക്ഷ്യവസ്തുക്കൾ മാത്രമേ വളരുന്നുള്ളൂ. അതുകൊണ്ട് ജനം ഇങ്ങനെ പരാതി പറയുന്നു: ‘യഹോവ ഞങ്ങളെ ഈജിപ്തിൽവെച്ചു കൊന്നിരുന്നെങ്കിൽ നന്നായിരുന്നു. ഒന്നുമല്ലെങ്കിലും അവിടെ ഞങ്ങൾക്കാവശ്യമുള്ള ആഹാരം ഉണ്ടായിരുന്നല്ലോ.’
അതുകൊണ്ട് യഹോവ പറയുന്നു: ‘ഞാൻ ആകാശത്തുനിന്ന് ആഹാരം വർഷിക്കാൻ പോകുകയാണ്.’ യഹോവ പറഞ്ഞതുപോലെതന്നെ ചെയ്യുന്നു. അടുത്ത ദിവസം രാവിലെ നിലത്തുവീണുകിടക്കുന്ന ഈ വെളുത്ത സാധനം കാണുമ്പോൾ ഇസ്രായേല്യർ പരസ്പരം ചോദിക്കുന്നു, ‘ഇതെന്താണ്?’
മോശെ പറയുന്നു: ‘നിങ്ങൾക്കു കഴിക്കാൻ യഹോവ തന്നിരിക്കുന്ന ആഹാരമാണിത്.’ ജനം അതിനെ മന്നാ എന്നു വിളിക്കുന്നു. അതിനു തേൻ ചേർത്തുണ്ടാക്കിയ കനംകുറഞ്ഞ ദോശയുടെ രുചിയാണ്.
‘ഓരോരുത്തർക്കും കഴിക്കാൻ പറ്റുന്നിടത്തോളം നിങ്ങൾ പെറുക്കണം’ എന്നു മോശെ ജനത്തോടു പറയുന്നു. അതുകൊണ്ട് ഓരോ ദിവസവും രാവിലെ അവർ ഇതു ചെയ്യുന്നു. പിന്നീട് വെയിൽ മൂക്കുമ്പോൾ നിലത്തു ബാക്കിയുള്ള മന്നാ ഉരുകിപ്പോകുന്നു.
മോശെ ഇങ്ങനെയും പറയുന്നു: ‘ആരും മന്നായിൽ ഒട്ടും അടുത്ത ദിവസത്തേക്കു സൂക്ഷിച്ചുവെക്കരുത്.’ എന്നാൽ ജനത്തിൽ ചിലർ അത് അനുസരിക്കുന്നില്ല. അപ്പോൾ എന്തു സംഭവിക്കുന്നെന്നോ? അവർ സൂക്ഷിച്ചുവെക്കുന്ന മന്നായിൽ അടുത്ത ദിവസം രാവിലെ പുഴു നിറഞ്ഞിരിക്കുന്നു; അതിൽനിന്നു വല്ലാത്ത നാറ്റവും വരുന്നു!
എന്നാൽ ആഴ്ചയിലെ ഒരു ദിവസം ഇരട്ടി മന്നാ ശേഖരിക്കണമെന്ന് യഹോവ ജനത്തോടു കൽപ്പിക്കുന്നു. അത് ആറാം ദിവസമാണ്. അതിൽ കുറെ പിറ്റെ ദിവസത്തേക്കു സൂക്ഷിച്ചുവെക്കണമെന്ന് യഹോവ പറയുന്നു; എന്തുകൊണ്ടെന്നാൽ ഏഴാം ദിവസം അവൻ അത് ഒട്ടും വർഷിക്കുകയില്ല. അവർ ഏഴാം ദിവസത്തേക്ക് മന്നാ സൂക്ഷിച്ചുവെക്കുമ്പോൾ അതിൽ പുഴു നിറയുന്നില്ല, അതിൽനിന്നു നാറ്റം വരുന്നതുമില്ല! ഇത് മറ്റൊരു അത്ഭുതമാണ്!
ഇസ്രായേല്യർ മരുഭൂമിയിലായിരുന്ന വർഷങ്ങളിലെല്ലാം യഹോവ അവർക്കു ഭക്ഷണമായി മന്നാ കൊടുക്കുന്നു.
പുറപ്പാടു 16:1-36; സംഖ്യാപുസ്തകം 11:7-9; യോശുവാ 5:10-12.