കഥ 46
യരീഹോയുടെ മതിലുകൾ
യെരീഹോയുടെ മതിലുകൾ ഇടിഞ്ഞു വീഴുന്നതിന്റെ കാരണം എന്താണ്? കണ്ടിട്ട് അവിടെ ഒരു വലിയ ബോംബു വീണ ലക്ഷണമുണ്ടല്ലോ. പക്ഷേ അന്നൊന്നും ബോംബ് ഇല്ലായിരുന്നു. തോക്കു പോലും ഇല്ലായിരുന്നു. ഇത് യഹോവയുടെ മറ്റൊരു അത്ഭുതമാണ്! ഇതെങ്ങനെ സംഭവിച്ചെന്നു നമുക്കു നോക്കാം.
യഹോവ യോശുവയോട് ഇങ്ങനെ പറയുന്നു: ‘നീയും നിന്റെ പടയാളികളും പട്ടണത്തിനു ചുറ്റും മാർച്ചു ചെയ്യണം. ദിവസവും ഒരു പ്രാവശ്യം വീതം ആറു ദിവസത്തേക്ക് അങ്ങനെ ചെയ്യണം. നിയമപെട്ടകവും എടുക്കണം. ഏഴു പുരോഹിതന്മാർ കാഹളം ഊതിക്കൊണ്ട് അവർക്കു മുമ്പായി നടക്കണം.
‘ഏഴാം ദിവസം നിങ്ങൾ ഏഴു പ്രാവശ്യം പട്ടണത്തെ ചുറ്റണം. എന്നിട്ട് കാഹളം നീട്ടി ഊതണം. ഒപ്പം ഓരോരുത്തനും ഉച്ചത്തിൽ ആർപ്പിടുകയും വേണം. അപ്പോൾ മതിലുകൾ തകർന്നു വീഴും!’
യോശുവയും ജനവും യഹോവ പറയുന്നതുപോലെ തന്നെ ചെയ്യുന്നു. അവർ പട്ടണത്തെ ചുറ്റുമ്പോൾ ആരും ഒരക്ഷരം പോലും മിണ്ടുന്നില്ല. അവരുടെ കാലൊച്ചയും കാഹളത്തിന്റെ ശബ്ദവും മാത്രമേ കേൾക്കാനുള്ളൂ. യെരീഹോയിലുള്ള, ദൈവജനത്തിന്റെ ശത്രുക്കൾ ശരിക്കും പേടിച്ചു പോയിരിക്കണം. ഒരു ജനാലയിൽനിന്നു തൂങ്ങിക്കിടക്കുന്ന ആ ചുവന്ന ചരട് കണ്ടോ? അത് ആരുടെ വീടാണ്? അതേ, രാഹാബ് ഒറ്റുകാർ പറഞ്ഞതുപോലെ തന്നെ ചെയ്തിരിക്കുന്നു. അവളും അവളുടെ വീട്ടുകാരും അകത്തിരുന്ന് പുറത്തു നടക്കുന്നതൊക്കെ നോക്കുകയാണ്.
ഒടുവിൽ ഏഴാം ദിവസം വന്നെത്തി. പട്ടണത്തെ ഏഴു പ്രാവശ്യം ചുറ്റിയശേഷം അവർ കാഹളം ഊതുകയും പടയാളികൾ ആർപ്പിടുകയും ചെയ്യുമ്പോൾ മതിലുകൾ തകർന്നു വീഴുന്നു. അപ്പോൾ യോശുവ പറയുന്നു: ‘പട്ടണത്തിലുള്ള എല്ലാവരെയും കൊന്നുകളഞ്ഞ് പട്ടണം ചുട്ടെരിക്കുക. അതിലുള്ളതെല്ലാം ചുട്ടെരിക്കുക. വെള്ളിയും സ്വർണവും ചെമ്പും ഇരിമ്പും മാത്രം എടുത്ത് യഹോവയുടെ കൂടാരത്തിലേക്കു കൊടുക്കുക.’
രണ്ട് ഒറ്റുകാരോടു യോശുവ പറയുന്നു: ‘രാഹാബിന്റെ വീട്ടിലേക്കു പോയി, അവളെയും മുഴു കുടുംബത്തെയും പുറത്തു കൊണ്ടുവരിക.’ ഒറ്റുകാർ വാഗ്ദാനം ചെയ്തിരുന്നതു പോലെ രാഹാബും കുടുംബവും സംരക്ഷിക്കപ്പെടുന്നു.