കഥ 45
യോർദ്ദാൻ നദി കടക്കുന്നു
നോക്കൂ! ഇസ്രായേല്യർ യോർദ്ദാൻ നദി കുറുകെ കടക്കുകയാണ്! എന്നാൽ നദിയിലെ വെള്ളം എവിടെപ്പോയി? അതു നല്ല മഴയുടെ സമയം ആയതുകൊണ്ട് കുറച്ചു മുമ്പുവരെ നദി നിറഞ്ഞൊഴുകുകയായിരുന്നു. എന്നാൽ ഇപ്പോൾ വെള്ളമെല്ലാം പൊയ്പോയിരിക്കുന്നു! ചെങ്കടലിൽ സംഭവിച്ചതുപോലെ ഇസ്രായേല്യർ ഉണങ്ങിയ നിലത്തുകൂടെ നദി കുറുകെ കടക്കുകയാണ്. വെള്ളമെല്ലാം എവിടെപ്പോയി? നമുക്കു നോക്കാം.
യോർദ്ദാൻ കടക്കാനുള്ള സമയമായപ്പോൾ യഹോവ യോശുവയെക്കൊണ്ട് ജനത്തോട് ഇങ്ങനെ പറയിച്ചു: ‘പുരോഹിതന്മാർ നിയമപെട്ടകം എടുത്തുകൊണ്ട് മുമ്പേ നടക്കണം. അവർ നദിയിലേക്കു കാലെടുത്തു വെക്കുമ്പോൾ വെള്ളത്തിന്റെ ഒഴുക്കു നിൽക്കും.’
അതുകൊണ്ട് പുരോഹിതന്മാർ നിയമപെട്ടകം എടുത്തുകൊണ്ട് ജനത്തിനു മുമ്പേ നടക്കുന്നു. എന്നിട്ട് അവർ ആദ്യം നദിയിലേക്ക് ഇറങ്ങുന്നു. നല്ല ആഴവും ഒഴുക്കുമുള്ള നദിയാണ് അത്. എന്നാൽ അത്ഭുതംതന്നെ! പുരോഹിതന്മാരുടെ കാൽ വെള്ളത്തിൽ തൊട്ടതും അതിന്റെ ഒഴുക്കു നിൽക്കുന്നു. നദിയുടെ മുകൾഭാഗത്തുനിന്നു വരുന്ന വെള്ളം യഹോവ തടഞ്ഞുനിറുത്തുന്നു. അങ്ങനെ കുറച്ചു കഴിയുമ്പോൾ നദിയിൽ ഒട്ടും വെള്ളം ഇല്ലാതെയാകുന്നു!
നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാർ ഉണങ്ങിക്കിടക്കുന്ന നദിയുടെ നടുക്കുപോയി നിൽക്കുന്നു. ചിത്രത്തിൽ അവരെ കാണാൻ കഴിയുന്നുണ്ടോ? അവർ അവിടെത്തന്നെ നിൽക്കെ, മുഴു ഇസ്രായേല്യരും ഉണങ്ങിയ നിലത്തുകൂടെ യോർദ്ദാൻ നദി കടക്കുന്നു!
എല്ലാവരും കടന്നുകഴിഞ്ഞപ്പോൾ യഹോവ യോശുവ മുഖാന്തരം ശക്തരായ 12 പുരുഷന്മാരോട് ഇങ്ങനെ പറയുന്നു: ‘നദിയുടെ നടുവിൽ പുരോഹിതന്മാർ നിയമപെട്ടകവുമായി നിൽക്കുന്നിടത്തേക്കു പോയി 12 കല്ലുകൾ എടുക്കുക. അതു കൊണ്ടുവന്ന്, ഇന്നുരാത്രി നിങ്ങൾ തങ്ങുന്നിടത്തു വെക്കുക. ഭാവിയിൽ നിങ്ങളുടെ മക്കൾ ഈ കല്ലുകൾ എന്താണ് അർഥമാക്കുന്നതെന്നു ചോദിച്ചാൽ, യഹോവയുടെ നിയമപെട്ടകം നദി കടന്നപ്പോൾ നദിയുടെ ഒഴുക്കു നിന്നുപോയ കാര്യം നിങ്ങൾ അവരോടു പറയണം. ഈ കല്ലുകൾ ആ അത്ഭുതത്തെ കുറിച്ചു നിങ്ങളെ ഓർമിപ്പിക്കും!’ നദിയിൽ പുരോഹിതന്മാർ നിന്നിടത്തും യോശുവ 12 കല്ലുകൾ നാട്ടിവെച്ചു.
അവസാനം യോശുവ നിയമപെട്ടകം ചുമന്നിരുന്ന പുരോഹിതന്മാരോട്, ‘യോർദ്ദാനിൽനിന്നു കയറുവിൻ’ എന്നു പറഞ്ഞു. അവർ കയറിയ ഉടനെ വെള്ളം പഴയതുപോലെ ഒഴുകാൻ തുടങ്ങി.