കഥ 51
രൂത്തും നവോമിയും
ബൈബിളിൽ രൂത്ത് എന്നു പേരുള്ള ഒരു പുസ്തകം ഉണ്ട്. ഇസ്രായേലിൽ ന്യായാധിപന്മാർ ഉണ്ടായിരുന്ന കാലത്തു ജീവിച്ചിരുന്ന ഒരു കുടുംബത്തിന്റെ കഥയാണ് അത്. രൂത്ത് മോവാബിൽനിന്നുള്ള ഒരു ചെറുപ്പക്കാരിയാണ്, അവൾ ദൈവത്തിന്റെ ജനമായ ഇസ്രായേലിൽനിന്നുള്ളവൾ അല്ല. എന്നാൽ സത്യദൈവമായ യഹോവയെക്കുറിച്ചു മനസ്സിലാക്കുമ്പോൾ അവൾ അവനെ അതിയായി സ്നേഹിക്കാൻ തുടങ്ങുന്നു. യഹോവയെക്കുറിച്ച് അറിയാൻ രൂത്തിനെ സഹായിച്ച പ്രായംചെന്ന ഒരു സ്ത്രീയാണ് നവോമി.
നവോമി ഇസ്രായേല്യയാണ്. ഇസ്രായേലിൽ ക്ഷാമം ഉണ്ടായ ഒരു കാലത്ത് അവളും ഭർത്താവും രണ്ട് ആൺമക്കളും കൂടെ മോവാബിലേക്കു മാറിത്താമസിച്ചതാണ്. മോവാബിൽ വെച്ച് നവോമിയുടെ ഭർത്താവ് മരിച്ചുപോയി. പിന്നീട് നവോമിയുടെ മക്കൾ രൂത്ത്, ഓർപ്പാ എന്നീ മോവാബ്യ പെൺകുട്ടികളെ വിവാഹം കഴിച്ചു. എന്നാൽ ഏകദേശം 10 വർഷത്തിനു ശേഷം നവോമിയുടെ മക്കളും മരിച്ചു. നവോമിക്കും ആ രണ്ടു പെൺകുട്ടികൾക്കും എത്രമാത്രം സങ്കടം തോന്നിയിരിക്കണം! നവോമി ഇപ്പോൾ എന്തു ചെയ്യും?
ദൂരെയുള്ള തന്റെ സ്വന്തം ജനത്തിന്റെ അടുത്തേക്കു തിരിച്ചുപോകാൻ നവോമി തീരുമാനിച്ചു. രൂത്തും ഓർപ്പായും അവളോടൊപ്പം കഴിയാൻ ആഗ്രഹിച്ചു. അതുകൊണ്ട് അവരും അവളോടൊപ്പം പോയി. എന്നാൽ അവർ കുറച്ചു ദൂരം യാത്ര ചെയ്തു കഴിഞ്ഞപ്പോൾ നവോമി പെൺകുട്ടികളുടെ നേരെ തിരിഞ്ഞ് ഇങ്ങനെ പറഞ്ഞു: ‘നിങ്ങളുടെ സ്വന്തം വീട്ടിലേക്കു പോയി അമ്മമാരോടൊപ്പം കഴിയൂ.’
നവോമി ഇരുവരെയും ചുംബിച്ച് യാത്രയാക്കുന്നു. അപ്പോൾ അവർ കരയാൻ തുടങ്ങുന്നു. കാരണം, നവോമിയെ അവർ അത്രമാത്രം സ്നേഹിച്ചിരുന്നു. ‘ഇല്ല! ഞങ്ങൾ നിന്നോടൊപ്പം നിന്റെ ജനത്തിന്റെ അടുത്തേക്കു വരികയാണ്,’ അവർ പറയുന്നു. എന്നാൽ നവോമി പിന്നെയും പറയുന്നു: ‘നിങ്ങൾ മടങ്ങിപ്പോകണം മക്കളേ, നിങ്ങളുടെ വീട്ടിലായിരിക്കും നിങ്ങൾക്കു സുഖം.’ അപ്പോൾ ഓർപ്പാ വീട്ടിലേക്കു തിരിച്ചു. എന്നാൽ രൂത്ത് പോകുന്നില്ല.
നവോമി അവളോടു പറയുന്നു. ‘ഓർപ്പാ പൊയ്ക്കഴിഞ്ഞു. നീയും അവളോടുകൂടെ വീട്ടിലേക്കു പോകൂ.’ എന്നാൽ രൂത്ത് പറയുന്നു: ‘നിന്നെ വിട്ടുപോകാൻ എന്നെ നിർബന്ധിക്കരുതേ! നിന്നോടൊപ്പം വരാൻ എന്നെ അനുവദിക്കൂ. നീ പോകുന്നിടത്ത് ഞാനും വരും, നീ എവിടെ താമസിക്കുന്നുവോ അവിടെ ഞാനും താമസിക്കും. നിന്റെ ജനം എന്റെയും ജനമായിരിക്കും, നിന്റെ ദൈവമായിരിക്കും എന്റെയും ദൈവം. നീ മരിക്കുകയും അടക്കപ്പെടുകയും ചെയ്യുന്നിടത്തായിരിക്കും ഞാനും മരിക്കുകയും അടക്കപ്പെടുകയും ചെയ്യുന്നത്.’ രൂത്ത് ഇങ്ങനെ പറഞ്ഞശേഷം അവളെ തിരിച്ചയയ്ക്കാൻ നവോമി പിന്നെ ശ്രമിക്കുന്നില്ല.
ഒടുവിൽ അവർ ഇസ്രായേലിൽ എത്തുന്നു. അവിടെ അവർ താമസമാക്കുന്നു. രൂത്ത് പെട്ടെന്നുതന്നെ വയലിൽ വേല ചെയ്യാൻ പോയിത്തുടങ്ങുന്നു. അത് ബാർലി കൊയ്ത്തിന്റെ സമയമാണ്. തന്റെ വയലിൽനിന്നു ബാർലി ശേഖരിക്കാൻ ബോവസ് എന്നു പേരുള്ള ഒരു മനുഷ്യൻ അവളെ അനുവദിക്കുന്നു. ബോവസിന്റെ അമ്മ ആരാണെന്ന് അറിയാമോ? യെരീഹോ പട്ടണത്തിൽ താമസിച്ചിരുന്ന രാഹാബിനെ ഓർമയില്ലേ? അവൾതന്നെ.
ഒരു ദിവസം ബോവസ് രൂത്തിനോടു പറയുന്നു: ‘നിന്നെപ്പറ്റിയും നീ നവോമിയോടു ദയ കാണിച്ചതിനെക്കുറിച്ചും ഞാൻ കേട്ടിരിക്കുന്നു. നിന്റെ അപ്പനെയും അമ്മയെയും സ്വന്ത ദേശത്തെയും വിട്ട് മുമ്പ് അറിയാത്ത ഒരു ജനത്തോടൊപ്പം വസിക്കാൻ നീ എത്തിയതിനെക്കുറിച്ചും എനിക്ക് അറിയാം. യഹോവ നിനക്കു നന്മ വരുത്തട്ടെ!’
അപ്പോൾ രൂത്ത് പറയുന്നു: ‘അങ്ങ് വളരെ ദയാലുവാണ്. എന്നോട് ഇങ്ങനെ സംസാരിക്കയാൽ അങ്ങ് എനിക്ക് ആശ്വാസം കൈവരുത്തിയിരിക്കുന്നു.’ ബോവസ് രൂത്തിനെ വളരെ ഇഷ്ടപ്പെടുന്നു, ഏറെ താമസിയാതെ അവർ വിവാഹം കഴിക്കുകയും ചെയ്യുന്നു. ഇത് നവോമിയെ എത്ര സന്തുഷ്ടയാക്കുന്നു! എന്നാൽ രൂത്തിന്റെയും ബോവസിന്റെയും ആദ്യത്തെ മകനായ ഓബെദ് പിറക്കുമ്പോൾ നവോമിക്ക് അതിനെക്കാൾ സന്തോഷമാകുന്നു. പിന്നീട് ഓബെദ് ദാവീദിന്റെ വല്യപ്പനായിത്തീരുന്നു. ദാവീദിനെക്കുറിച്ച് ധാരാളം കാര്യങ്ങൾ നാം പിന്നീട് പഠിക്കും.
രൂത്ത് എന്ന ബൈബിൾ പുസ്തകം.