കഥ 54
ഏറ്റവും ശക്തനായ മനുഷ്യൻ
ഇതുവരെ ജീവിച്ചിരുന്നിട്ടുള്ളതിൽവെച്ച് ഏറ്റവും ശക്തനായ മനുഷ്യൻ ആരാണെന്ന് അറിയാമോ? അത് ശിംശോൻ എന്നു പേരുള്ള ഒരു ന്യായാധിപനാണ്. യഹോവയാണ് ശിംശോനു ശക്തി കൊടുക്കുന്നത്. യഹോവ, ശിംശോൻ ജനിക്കുന്നതിനു മുമ്പുതന്നെ അവന്റെ അമ്മയോടു പറയുന്നു: ‘താമസിയാതെ നിനക്ക് ഒരു മകൻ ജനിക്കും. ഇസ്രായേല്യരെ ഫെലിസ്ത്യരിൽനിന്നു രക്ഷിക്കുന്നതിൽ അവൻ നേതൃത്വം എടുക്കും.’
കനാൻദേശത്തു താമസിക്കുന്ന ദുഷ്ട മനുഷ്യരാണ് ഫെലിസ്ത്യർ. അവരുടെ കൂട്ടത്തിൽ ധാരാളം യോദ്ധാക്കളും ഉണ്ട്. അവർ ഇസ്രായേല്യരെ വല്ലാതെ ഉപദ്രവിക്കുന്നു. ഒരിക്കൽ ശിംശോൻ ഫെലിസ്ത്യരുടെ താമസസ്ഥലത്തേക്കു പോകുമ്പോൾ ഒരു വലിയ സിംഹം അലറിക്കൊണ്ട് അവന്റെ നേരേ കുതിച്ചുചാടുന്നു. എന്നാൽ ഒരു ആയുധം പോലുമില്ലാതെ ശിംശോൻ സിംഹത്തെ കൊല്ലുന്നു. കൂടാതെ അവൻ നൂറുകണക്കിനു ദുഷ്ട ഫെലിസ്ത്യരെയും കൊല്ലുന്നു.
പിന്നീട് ശിംശോൻ, ദലീല എന്നു പേരുള്ള ഒരു ഫെലിസ്ത്യ യുവതിയുമായി സ്നേഹത്തിലാകുന്നു. അവന്റെ ശക്തിയുടെ രഹസ്യം പറഞ്ഞുകൊടുത്താൽ തങ്ങൾ ഓരോരുത്തരും 1,100 വെള്ളി നാണയങ്ങൾ വീതം അവൾക്കു നൽകാമെന്ന് ഫെലിസ്ത്യ നേതാക്കന്മാർ അവൾക്കു വാക്കു കൊടുക്കുന്നു. ആ പണമെല്ലാം കിട്ടാൻ ദലീല കൊതിച്ചു. അവൾ ശിംശോന്റെയോ ദൈവജനത്തിന്റെയോ യഥാർഥ ചങ്ങാതിയല്ല. അതുകൊണ്ട് അവൾ അവന്റെ ശക്തിയുടെ രഹസ്യം എന്തെന്നു ചോദിച്ചുകൊണ്ടേയിരുന്നു.
ഒടുവിൽ ദലീല ശിംശോനിൽനിന്ന് ആ രഹസ്യം ചോർത്തിയെടുത്തു. ‘എന്റെ മുടി ഒരിക്കലും മുറിച്ചിട്ടില്ല,’ അവൻ പറയുന്നു. ‘ഞാൻ ജനിച്ചപ്പോൾത്തന്നെ നാസീർ എന്ന ഒരു പ്രത്യേക വ്രതം അനുഷ്ഠിക്കാൻ ദൈവം എന്നെ തിരഞ്ഞെടുത്തു, ദൈവത്തിനുള്ള ഒരു പ്രത്യേക സേവനമാണ് അത്. മുടി മുറിച്ചെടുത്താൽ എന്റെ ശക്തിയെല്ലാം ചോർന്നുപോകും.’
ഈ രഹസ്യം മനസ്സിലാക്കി കഴിഞ്ഞ് ദലീല ശിംശോനെ തന്റെ മടിയിൽ കിടത്തി ഉറക്കുന്നു. എന്നിട്ട് ഒരാളെ വിളിച്ച് ശിംശോന്റെ മുടി മുറിപ്പിക്കുന്നു. ഉറക്കം ഉണരുമ്പോൾ ശിംശോന്റെ ശക്തിയെല്ലാം നഷ്ടപ്പെട്ടിരുന്നു. അപ്പോൾ ഫെലിസ്ത്യർ വന്ന് അവനെ പിടികൂടുന്നു. അവർ അവന്റെ രണ്ടു കണ്ണും കുത്തിപ്പൊട്ടിച്ച് അവനെ അടിമയാക്കുന്നു.
ഒരു ദിവസം ഫെലിസ്ത്യർ തങ്ങളുടെ ദേവനായ ദാഗോനെ ആരാധിക്കുന്നതിനായി ഒരു വലിയ ആഘോഷം ഒരുക്കുന്നു. ശിംശോനെ എല്ലാവരുടെയും മുമ്പിൽ നിറുത്തി കളിയാക്കാനായി തടവറയിൽനിന്നു പുറത്തു കൊണ്ടുവരുന്നു. ഈ സമയമായപ്പോഴേക്കും ശിംശോന്റെ മുടി വീണ്ടും വളർന്നിരുന്നു. തന്നെ കൈ പിടിച്ചു നടത്തുന്ന ബാലനോട് ശിംശോൻ പറയുന്നു: ‘കെട്ടിടത്തെ താങ്ങി നിറുത്തുന്ന തൂണുകളിൽ തൊടാവുന്നതുപോലെ എന്നെ നിറുത്തുക.’ ശക്തിക്കായി യഹോവയോടു പ്രാർഥിച്ചിട്ട് ശിംശോൻ തൂണുകളിൽ പിടിച്ചുകൊണ്ട് ഇങ്ങനെ വിളിച്ചു പറയുന്നു: ‘ഫെലിസ്ത്യരോടൊപ്പം ഞാനും മരിക്കട്ടെ.’ ആ ആഘോഷത്തിൽ 3,000 ഫെലിസ്ത്യർ പങ്കെടുത്തിരുന്നു. ശിംശോൻ കെട്ടിടത്തിന്റെ തൂണുകൾ ശക്തിയോടെ പിടിച്ചു തള്ളുമ്പോൾ കെട്ടിടം തകർന്നു വീഴുന്നു. ആ ദുഷ്ട മനുഷ്യരെല്ലാം അതിനടിയിൽപ്പെട്ട് മരിക്കുന്നു.
ന്യായാധിപന്മാർ 13 മുതൽ 16 വരെയുള്ള അധ്യായങ്ങൾ.