കഥ 66
ഈസേബെൽ—ഒരു ദുഷ്ടരാജ്ഞി
യൊരോബെയാം രാജാവിന്റെ മരണശേഷം ഇസ്രായേലിന്റെ വടക്കേ പത്തുഗോത്ര രാജ്യം ഭരിക്കുന്ന എല്ലാ രാജാക്കന്മാരും ദുഷ്ടന്മാരാണ്. അവരിൽ ഏറ്റവും ദുഷ്ടൻ ആഹാബ് രാജാവാണ്. അത് എന്തുകൊണ്ടാണെന്ന് അറിയാമോ? പ്രധാന കാരണം അവന്റെ ഭാര്യയായ ഈസേബെൽ എന്ന ദുഷ്ടരാജ്ഞിയാണ്.
ഈസേബെൽ ഒരു ഇസ്രായേല്യയല്ല. അവൾ സീദോനിലെ രാജാവിന്റെ മകളാണ്. അവൾ വ്യാജദൈവമായ ബാലിനെയാണ് ആരാധിക്കുന്നത്; ആഹാബും അനേകം ഇസ്രായേല്യരും ബാലിനെ ആരാധിക്കാൻ അവൾ ഇടയാക്കുകയും ചെയ്യുന്നു. ഈസേബെൽ യഹോവയെ വെറുക്കുകയും അവന്റെ പ്രവാചകന്മാരിൽ കുറെ പേരെ കൊല്ലുകയും ചെയ്യുന്നു. കൊല്ലപ്പെടാതിരിക്കാൻ മറ്റു ചിലർ ഗുഹകളിൽ ഒളിച്ചു താമസിക്കേണ്ടിവരുന്നു. ഈസേബെലിന് എന്തെങ്കിലും വേണമെന്നുണ്ടെങ്കിൽ അതിനു വേണ്ടി ഒരാളെ കൊല്ലാൻ പോലും അവൾക്കു മടിയില്ല.
ഒരിക്കൽ ആഹാബ് രാജാവ് വളരെ സങ്കടപ്പെട്ടിരിക്കുന്നതു കണ്ട ഈസേബെൽ, ‘എന്തിനാണ് ഇങ്ങനെ സങ്കടപ്പെട്ടിരിക്കുന്നത്?’ എന്നു ചോദിക്കുന്നു.
‘നാബോത്താണ് അതിനു കാരണക്കാരൻ’ എന്ന് ആഹാബ് ഉത്തരം പറയുന്നു. ‘ഞാൻ അവന്റെ മുന്തിരിത്തോട്ടം വാങ്ങാൻ ആഗ്രഹിച്ചു. എന്നാൽ അവൻ അത് എനിക്കു തരികയില്ലെന്നു പറഞ്ഞു’.
‘വിഷമിക്കേണ്ട, ഞാൻ അതു വാങ്ങിത്തരാം,’ ഈസേബെൽ പറയുന്നു.
ഈസേബെൽ നാബോത്ത് പാർക്കുന്ന പട്ടണത്തിലെ ചില പ്രധാനികൾക്ക് കത്തുകൾ അയയ്ക്കുന്നു. ‘നാബോത്ത് ദൈവത്തെയും രാജാവിനെയും ശപിച്ചിരിക്കുന്നു എന്നു സാക്ഷ്യം പറയാൻ നീചന്മാരായ ചിലയാളുകളെ ഏർപ്പാടു ചെയ്യുക. പിന്നെ അവനെ പട്ടണത്തിനു വെളിയിൽ കൊണ്ടുപോയി കല്ലെറിഞ്ഞുകൊല്ലുക’ എന്ന് അവൾ അവർക്ക് എഴുതുന്നു.
നാബോത്ത് മരിച്ചെന്നു കേൾക്കുന്ന ഉടൻതന്നെ ഈസേബെൽ ആഹാബിനോട്: ‘ഇപ്പോൾ, പോയി അവന്റെ മുന്തിരിത്തോട്ടം എടുത്തുകൊൾക’ എന്നു പറയുന്നു. എത്ര ഭയങ്കരം അല്ലേ? അത്തരമൊരു കാര്യം ചെയ്തതിന് ഈസേബെലിന് നല്ല ശിക്ഷ കിട്ടേണ്ടതല്ലേ?
അതുകൊണ്ട് കുറച്ചുനാൾ കഴിഞ്ഞ് യഹോവ അവളെ ശിക്ഷിക്കാനായി യേഹൂ എന്ന മനുഷ്യനെ അയയ്ക്കുന്നു. യേഹൂ വരുന്നുണ്ടെന്നു കേൾക്കുമ്പോൾ ഈസേബെൽ കണ്ണിൽ മഷിയെഴുതി സുന്ദരിയായിരിക്കാൻ ശ്രമിക്കുന്നു. പക്ഷേ യേഹൂ വന്ന് ഈസേബെൽ ജനാലയ്ക്കൽ ഇരിക്കുന്നതു കാണുമ്പോൾ കൊട്ടാരത്തിലുള്ള ആളുകളോട് ഇങ്ങനെ വിളിച്ചുപറയുന്നു: ‘അവളെ താഴോട്ട് തള്ളിയിടുവിൻ!’ ഈ ചിത്രത്തിൽ കാണാൻ കഴിയുന്നതുപോലെ ആ പുരുഷന്മാർ അവനെ അനുസരിക്കുന്നു. അവർ അവളെ തള്ളിയിടുന്നു. അങ്ങനെ, ദുഷ്ടരാജ്ഞിയായ ഈസേബെൽ മരിക്കുന്നു.