കഥ 58
ദാവീദും ഗൊല്യാത്തും
ഫെലിസ്ത്യർ വീണ്ടും ഇസ്രായേലിനെതിരെ യുദ്ധത്തിനു വരുന്നു. ദാവീദിന്റെ മൂത്ത മൂന്നു സഹോദരന്മാർ ഇപ്പോൾ ശൗലിന്റെ സൈന്യത്തിലുണ്ട്. അതുകൊണ്ട് ഒരു ദിവസം യിശ്ശായി ദാവീദിനോട് ഇങ്ങനെ പറയുന്നു: ‘നീ കുറെ ധാന്യവും അപ്പവും എടുത്ത് നിന്റെ സഹോദരന്മാർക്കു കൊണ്ടുപോയി കൊടുക്കുക. അവർക്കു സുഖംതന്നെയാണോ എന്നു പോയി അന്വേഷിക്കുക.’
സൈനിക പാളയത്തിൽ എത്തുന്ന ദാവീദ് തന്റെ സഹോദരന്മാരെ അന്വേഷിച്ച് യുദ്ധനിരയിലേക്ക് ഓടുന്നു. ഫെലിസ്ത്യ മല്ലനായ ഗൊല്യാത്ത് ഇസ്രായേലിനെ പരിഹസിക്കാനായി വരുന്നു. അവൻ 40 ദിവസമായി രാവിലെയും വൈകുന്നേരവും ഇതു തന്നെ ചെയ്തുവരികയാണ്. അവൻ ഇങ്ങനെ വിളിച്ചുപറയുന്നു: ‘എന്നോട് പൊരുതാൻ നിങ്ങളുടെ ആളുകളിലൊരുവനെ തിരഞ്ഞെടുത്തുകൊൾവിൻ. അവൻ ജയിച്ച് എന്നെ കൊന്നാൽ ഞങ്ങൾ നിങ്ങളുടെ അടിമകളാകാം. എന്നാൽ ഞാൻ ജയിച്ച് അവനെ കൊന്നാൽ നിങ്ങൾ ഞങ്ങളുടെ അടിമകളായിരിക്കണം. എന്നോട് പൊരുതാൻ കെൽപ്പുള്ള ആരെയെങ്കിലും തിരഞ്ഞെടുക്കാൻ ഞാൻ നിങ്ങളെ വെല്ലുവിളിക്കുന്നു.’
ദാവീദ് പടയാളികളിൽ ചിലരോടു ചോദിക്കുന്നു: ‘ഈ ഫെലിസ്ത്യനെ കൊന്ന് ഇസ്രായേലിനെ ഈ നാണക്കേടിൽനിന്നു രക്ഷിക്കുന്നവന് എന്തു ലഭിക്കും?’
‘ശൗൽ ആ മനുഷ്യന് വളരെയേറെ സമ്പത്ത് നൽകും’ എന്ന് ഒരു പടയാളി പറയുന്നു. ‘അവൻ തന്റെ മകളെ അവനു ഭാര്യയായും കൊടുക്കും.’
എന്നാൽ ഗൊല്യാത്തിന്റെ വലുപ്പം കാരണം ഇസ്രായേല്യർ ആരും അവന്റെ നേരെ ചെല്ലാൻ ധൈര്യപ്പെടുന്നില്ല. അവന് 9 അടിയിലധികം (ഏകദേശം 3 മീറ്റർ) ഉയരമുണ്ട്; അവന്റെ പരിച ചുമക്കാനായി മറ്റൊരു പടയാളിയും കൂടെയുണ്ട്.
ദാവീദ് ഗൊല്യാത്തിനോടു പൊരുതാൻ ആഗ്രഹിക്കുന്നെന്ന് ചില പടയാളികൾ ശൗൽരാജാവിന്റെ അടുത്തു ചെന്നു പറയുന്നു. എന്നാൽ ശൗൽ ദാവീദിനോടു പറയുന്നു: ‘നിനക്ക് ഈ ഫെലിസ്ത്യനോടു പോരാടാൻ കഴികയില്ല. നീ വെറുമൊരു ബാലനാണ്; അവനാണെങ്കിൽ തഴക്കംവന്ന ഒരു പടയാളിയാണ്.’ ദാവീദ് ഇങ്ങനെ ഉത്തരം പറയുന്നു: ‘അപ്പന്റെ ആടുകളെ പിടിച്ചുകൊണ്ടുപോയ ഒരു കരടിയെയും ഒരു സിംഹത്തെയും അടിയൻ കൊന്നിട്ടുണ്ട്. ഈ ഫെലിസ്ത്യൻ അവയിൽ ഒന്നിനെപ്പോലെ ആകും. യഹോവ എന്നെ സഹായിക്കും.’ അപ്പോൾ ശൗൽ പറയുന്നു: ‘പോകൂ; യഹോവ നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ.’
ദാവീദ് ഒരു തോട്ടിലേക്കു പോയി മിനുസമുള്ള അഞ്ചു കല്ലുകൾ പെറുക്കിയെടുത്ത് തന്റെ സഞ്ചിയിൽ ഇടുന്നു. എന്നിട്ട് അവൻ തന്റെ കവിണയുമെടുത്ത് ഈ മല്ലനെ നേരിടാൻ പോകുന്നു. അവനെ കാണുമ്പോൾ ഗൊല്യാത്തിനു വിശ്വസിക്കാൻ കഴിയുന്നില്ല. ദാവീദിനെ കൊല്ലാൻ വളരെ എളുപ്പമായിരിക്കുമെന്ന് അവൻ വിചാരിക്കുന്നു.
‘എന്റെ അടുക്കലേക്കു വാ; ഞാൻ നിന്റെ ശരീരം പക്ഷികൾക്കും മൃഗങ്ങൾക്കും തിന്നാൻ കൊടുക്കും’ എന്ന് ഗൊല്യാത്ത് പറയുന്നു. എന്നാൽ ദാവീദ് ഇങ്ങനെ പറയുന്നു: ‘നീ വാളും കുന്തവും വേലുമായി എന്റെ നേരെ വരുന്നു; ഞാനോ യഹോവയുടെ നാമത്തിൽ നിന്റെ അടുക്കൽ വരുന്നു. യഹോവ ഇന്നു നിന്നെ എന്റെ കയ്യിൽ ഏൽപ്പിക്കും; ഞാൻ നിന്നെ കൊന്നുകളയും.’
ഇത്രയും പറഞ്ഞുകൊണ്ട് ദാവീദ് ഗൊല്യാത്തിന്റെ നേർക്ക് ഓടുന്നു. അവൻ തന്റെ സഞ്ചിയിൽനിന്ന് ഒരു കല്ലെടുത്ത് കവിണയിൽ വെച്ച് തന്റെ സകല ശക്തിയുമുപയോഗിച്ച് എറിയുന്നു. ആ കല്ല് പാഞ്ഞുചെന്ന് ഗൊല്യാത്തിന്റെ തലയിൽ തുളച്ചു കയറുന്നു; അവൻ മരിച്ചുവീഴുന്നു! തങ്ങളുടെ വീരയോദ്ധാവ് മരിച്ചെന്നു കാണുമ്പോൾ ഫെലിസ്ത്യർ എല്ലാവരും തിരിഞ്ഞ് ഓടുന്നു. ഇസ്രായേല്യർ അവരുടെ പിന്നാലെ ഓടി യുദ്ധത്തിൽ ജയിക്കുന്നു.