കഥ 57
ദൈവം ദാവീദിനെ തിരഞ്ഞെടുക്കുന്നു
ഇവിടെ സംഭവിച്ചത് എന്താണെന്നു മനസ്സിലായോ? ഈ ബാലൻ ആ ആട്ടിൻകുട്ടിയെ കരടിയിൽനിന്നു രക്ഷിച്ചു. കരടി വന്ന് ആട്ടിൻകുട്ടിയെ പിടിച്ചുകൊണ്ടുപോയി തിന്നാൻ തുടങ്ങുകയായിരുന്നു. എന്നാൽ ബാലൻ അതിന്റെ പുറകേ ഓടിച്ചെന്ന് ആട്ടിൻകുട്ടിയെ കരടിയുടെ വായിൽനിന്നു രക്ഷിച്ചു. കരടി എഴുന്നേറ്റപ്പോൾ അവൻ അതിനെ അടിച്ചുകൊന്നു! മറ്റൊരിക്കൽ അവൻ സിംഹത്തിന്റെ വായിൽനിന്ന് ഒരു ആട്ടിൻകുട്ടിയെ രക്ഷിച്ചു. എന്തൊരു ധൈര്യം, അല്ലേ? ആരായിരിക്കും ഈ ബാലൻ?
ഇതു ദാവീദാണ്. അവൻ ബേത്ലഹേം പട്ടണത്തിലാണു താമസിക്കുന്നത്. രൂത്തിനെയും ബോവാസിനെയും ഓർക്കുന്നില്ലേ, അവരുടെ മകനായ ഓബേദ് ആണ് അവന്റെ വല്യപ്പൻ. ദാവീദിന്റെ അപ്പന്റെ പേര് യിശ്ശായി എന്നാണ്. ദാവീദാണ് അപ്പന്റെ ആടുകളെ മേയ്ക്കുന്നത്. യഹോവ ശൗലിനെ രാജാവായി തിരഞ്ഞെടുത്ത് 10 വർഷം കഴിഞ്ഞാണ് ദാവീദു ജനിക്കുന്നത്.
യഹോവ ശമൂവേലിനോട് ഇങ്ങനെ അരുളിച്ചെയ്യുന്ന സമയം വരുന്നു: ‘വിശിഷ്ട തൈലത്തിൽ കുറെ എടുത്തുകൊണ്ട് നീ ബേത്ലഹേമിൽ യിശ്ശായിയുടെ വീട്ടിലേക്കു ചെല്ലുക. ഞാൻ അവന്റെ പുത്രന്മാരിൽ ഒരുവനെ രാജാവായിരിക്കാൻ തിരഞ്ഞെടുത്തിരിക്കുന്നു.’ ശമൂവേൽ യിശ്ശായിയുടെ മൂത്തമകനായ എലീയാബിനെ കാണുമ്പോൾ തന്നോടുതന്നെ പറയുന്നു: ‘യഹോവയാൽ തിരഞ്ഞെടുക്കപ്പെട്ടവൻ ഇവൻ തന്നെ.’ എന്നാൽ യഹോവ അവനോടു പറയുന്നു: ‘അവന്റെ പൊക്കവും സൗന്ദര്യവും നീ നോക്കരുത്. ഞാൻ അവനെ രാജാവായിരിക്കാൻ തിരഞ്ഞെടുത്തിട്ടില്ല.’
അതുകൊണ്ട് യിശ്ശായി തന്റെ മകനായ അബീനാദാബിനെ ശമൂവേലിന്റെ മുമ്പിൽ വരുത്തുന്നു. ‘ഇല്ല, യഹോവ ഇവനെയും തിരഞ്ഞെടുത്തിട്ടില്ല’ എന്നു ശമൂവേൽ പറയുന്നു. യിശ്ശായി അടുത്തതായി തന്റെ മറ്റൊരു മകനായ ശമ്മായെ കൊണ്ടുവരുന്നു. ‘ഇല്ല, യഹോവ ഇവനെയും തിരഞ്ഞെടുത്തിട്ടില്ല.’ യിശ്ശായി തന്റെ ആൺമക്കളിൽ ഏഴു പേരെ ശമൂവേലിന്റെ അടുക്കൽ കൊണ്ടുവരുന്നു, പക്ഷേ യഹോവ ഇവരിൽ ആരെയും തിരഞ്ഞെടുക്കുന്നില്ല. ‘ഇത്രയും പുത്രന്മാരേ നിനക്കുള്ളോ?’ ശമൂവേൽ ചോദിക്കുന്നു.
‘ഇനി, ഏറ്റവും ഇളയ മകനുംകൂടെ ഉണ്ട്’ എന്നു യിശ്ശായി പറയുന്നു. ‘പക്ഷേ അവൻ പുറത്ത് ആടുകളെ മേയ്ക്കുകയാണ്.’ ദാവീദിനെ വിളിച്ചുവരുത്തുമ്പോൾ അവൻ സുന്ദരനാണെന്നു ശമൂവേലിനു കാണാൻ കഴിയുന്നു. ‘ഞാൻ തിരഞ്ഞെടുത്തിരിക്കുന്നവൻ ഇവൻ തന്നേ. അവന്റെമേൽ തൈലം ഒഴിക്കുക’ എന്ന് യഹോവ അരുളിച്ചെയ്യുന്നു. അതാണ് ശമൂവേൽ ചെയ്യുന്നത്. ഒരിക്കൽ ദാവീദ് ഇസ്രായേലിന്റെ രാജാവായിത്തീരും.