കഥ 69
ഒരു പെൺകുട്ടി ഒരു ശക്തനെ സഹായിക്കുന്നു
ഈ കൊച്ചു പെൺകുട്ടി എന്തായിരിക്കും പറയുന്നത്? യഹോവയുടെ പ്രവാചകനായ എലീശായെക്കുറിച്ചും അത്ഭുതങ്ങൾ പ്രവർത്തിക്കാൻ യഹോവ അവനെ സഹായിക്കുന്നതിനെക്കുറിച്ചും ആണ് അവൾ ആ സ്ത്രീയോടു പറയുന്നത്. ആ സ്ത്രീ ഒരു ഇസ്രായേല്യ അല്ല, അതുകൊണ്ട് അവൾക്ക് യഹോവയെക്കുറിച്ച് അറിയില്ല. അങ്ങനെയെങ്കിൽ ഈ പെൺകുട്ടി എങ്ങനെ ആ സ്ത്രീയുടെ വീട്ടിൽ എത്തി? നമുക്കു നോക്കാം.
അവൾ ഒരു അരാമ്യ സ്ത്രീയാണ്. അവളുടെ ഭർത്താവായ നയമാൻ അരാമിലെ സേനാനായകനാണ്. അരാമ്യർ ഈ കൊച്ചു പെൺകുട്ടിയെ ഇസ്രായേലിൽനിന്നു പിടിച്ചുകൊണ്ടു പോന്നതാണ്. എന്നിട്ട് അവളെ നയമാന്റെ ഭാര്യക്ക് ദാസിയായി കൊടുത്തു.
നയമാന് കുഷ്ഠം എന്ന ഒരു രോഗം ഉണ്ട്. ശരീരത്തിലെ മാംസം അടർന്നു പോകാൻ പോലും ഈ രോഗം ഇടയാക്കും. ഇപ്പോൾ ആ പെൺകുട്ടി നയമാന്റെ ഭാര്യയോട് പറയുന്നത് ഇതാണ്: ‘യജമാനൻ ഇസ്രായേലിൽ യഹോവയുടെ പ്രവാചകന്റെ അടുത്ത് പോയിരുന്നെങ്കിൽ അവൻ യജമാനനെ സുഖപ്പെടുത്തുമായിരുന്നു.’ പിന്നീട് നയമാൻ ഈ കാര്യം അറിയുന്നു.
രോഗം മാറിക്കിട്ടാൻ നയമാന് വളരെ ആഗ്രഹമുണ്ട്. അതുകൊണ്ട് അവൻ ഇസ്രായേലിലേക്കു പോകാൻ തീരുമാനിക്കുന്നു. അവിടെയെത്തുമ്പോൾ അവൻ എലീശായുടെ വീട്ടിൽ ചെല്ലുന്നു. നയമാനോട് യോർദ്ദാൻ നദിയിൽ പോയി ഏഴു പ്രാവശ്യം മുങ്ങാൻ തന്റെ യജമാനൻ പറഞ്ഞതായി എലീശായുടെ ദാസൻ പുറത്തുവന്നു പറയുന്നു. ഇതു കേൾക്കുമ്പോൾ നയമാന് ദേഷ്യം വരുന്നു. അവൻ പറയുന്നു: ‘എന്റെ ദേശത്തുള്ള നദികൾ ഇസ്രായേലിലെ ഏതു നദിയെക്കാളും മെച്ചമാണ്!’ എന്നിട്ട് നയമാൻ മടങ്ങുന്നു.
എന്നാൽ അവന്റെ ദാസന്മാരിലൊരാൾ പറയുന്നു: ‘യജമാനനേ, കുറേക്കൂടെ ബുദ്ധിമുട്ടുള്ള എന്തെങ്കിലും എലീശാ പറഞ്ഞിരുന്നെങ്കിൽ അങ്ങു ചെയ്യുമായിരുന്നില്ലേ? പിന്നെ ഇപ്പോൾ അവൻ പറഞ്ഞതുപോലെ കുളിക്കാൻ പാടില്ലയോ?’ നയമാൻ ആ ദാസന്റെ വാക്കുകൾക്കു ചെവികൊടുക്കുന്നു. അവൻ യോർദ്ദാൻ നദിയിൽ ഏഴു പ്രാവശ്യം മുങ്ങുന്നു. എന്തൊരത്ഭുതം, അവന്റെ ത്വക്ക് ഉറപ്പുള്ളതും ആരോഗ്യമുള്ളതുമായിത്തീരുന്നു!
നയമാൻ വളരെ സന്തോഷിക്കുന്നു. അവൻ എലീശായുടെ അടുക്കൽ മടങ്ങിച്ചെന്ന് പറയുന്നു: ‘ഇസ്രായേലിന്റെ ദൈവമാണ് മുഴുഭൂമിയിലും വെച്ച് ഏക സത്യദൈവം എന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു. അതുകൊണ്ട് ദയവായി, എന്റെ ഈ സമ്മാനം സ്വീകരിച്ചാലും.’ പക്ഷേ എലീശാ പറയുന്നു: ‘ഇല്ല, ഞാൻ സ്വീകരിക്കുകയില്ല.’ നയമാനെ സുഖപ്പെടുത്തിയത് യഹോവയാണ്. അതുകൊണ്ട് താൻ സമ്മാനം സ്വീകരിക്കുന്നതു ശരിയല്ലെന്ന് എലീശായ്ക്ക് അറിയാം. എന്നാൽ എലീശായുടെ ദാസനായ ഗേഹസിക്ക് ആ സമ്മാനം കിട്ടിയാൽ കൊള്ളാമെന്നുണ്ട്.
അതുകൊണ്ട് നയമാൻ തിരിച്ചു പോകുമ്പോൾ ഗേഹസി പിന്നാലെ ഓടിച്ചെല്ലുന്നു. ‘ഇപ്പോൾ വന്ന ചില സ്നേഹിതർക്കു കൊടുക്കാനായി നീ കൊണ്ടുവന്ന സമ്മാനങ്ങളിൽ ചിലത് തരാമോ എന്ന് എലീശാ ചോദിച്ചു’ എന്ന് അവൻ നയമാനോടു പറയുന്നു. ഇത് ഒരു നുണയാണ്. പക്ഷേ, നയമാൻ അത് അറിയുന്നില്ല. അവൻ സമ്മാനങ്ങളിൽ ചിലത് ഗേഹസിക്കു നൽകുന്നു.
ഗേഹസി ചെയ്തത് എന്താണെന്ന് എലീശായ്ക്ക് അറിയാം, കാരണം യഹോവ അത് അവനെ അറിയിച്ചിരിക്കുന്നു. അതുകൊണ്ട് അവൻ തിരികെ വീട്ടിലേക്കു വരുമ്പോൾ എലീശാ പറയുന്നു: ‘നീ ഈ മോശമായ കാര്യം ചെയ്തതിനാൽ നയമാന്റെ കുഷ്ഠം നിന്റെമേൽ വരും.’ അപ്പോൾത്തന്നെ അതു സംഭവിക്കുന്നു!
ഇതിൽനിന്നു നമുക്ക് എന്താണു പഠിക്കാനുള്ളത്? ഒന്നാമത്, നാം ആ കൊച്ചു പെൺകുട്ടിയെപ്പോലെ ആയിരിക്കണം, അതായത് യഹോവയെക്കുറിച്ചു മറ്റുള്ളവരോടു പറയണം. അതുകൊണ്ട് വളരെയധികം ഗുണം ഉണ്ടാകും. രണ്ടാമത്, നയമാൻ ആദ്യം ചെയ്തതുപോലെ നാം അഹങ്കരിക്കരുത്, ദൈവദാസന്മാരെ അനുസരിക്കണം. മൂന്നാമതായി, ഗേഹസിയെപ്പോലെ നാം നുണ പറയരുത്. ബൈബിൾ വായിക്കുമ്പോൾ നമുക്ക് എത്ര കാര്യങ്ങളാണല്ലേ പഠിക്കാൻ കഴിയുന്നത്?