കഥ 70
യോനായും വലിയ മീനും
വെള്ളത്തിൽ മുങ്ങിത്താഴുന്ന ഈ മനുഷ്യനെ നോക്കൂ. അവൻ ശരിക്കും കുഴപ്പത്തിൽ അകപ്പെട്ടിരിക്കുകയാണ്, അല്ലേ? ആ വലിയ മീൻ ഇപ്പോൾ അവനെ വിഴുങ്ങാൻ പോകുകയാണ്! ഈ മനുഷ്യൻ ആരാണെന്ന് അറിയാമോ? അവന്റെ പേര് യോനാ എന്നാണ്. അവൻ ഈ കുഴപ്പത്തിൽ വന്നുപെട്ടത് എങ്ങനെയാണെന്ന് അറിയേണ്ടേ?
യോനാ യഹോവയുടെ ഒരു പ്രവാചകനാണ്. പ്രവാചകനായ എലീശാ മരിച്ച് അധിക കാലം കഴിയുന്നതിനു മുമ്പ് യഹോവ യോനായോടു പറയുന്നു: ‘വലിയ പട്ടണമായ നീനെവേയിലേക്കു പോകുക. അവിടത്തെ ജനങ്ങളുടെ ദുഷ്ടത വലുതാണ്. അതേക്കുറിച്ച് നീ പോയി അവരോടു സംസാരിക്കണം.’
പക്ഷേ അങ്ങോട്ടു പോകാൻ യോനായ്ക്ക് ഇഷ്ടമില്ല. അതുകൊണ്ട് അവൻ നീനെവേയുടെ എതിർ ദിശയിൽ പോകുന്ന ഒരു കപ്പലിൽ കയറുന്നു. യോനായുടെ ഈ ഒളിച്ചോട്ടത്തിൽ യഹോവ ഒട്ടും സന്തുഷ്ടനല്ല. അതുകൊണ്ട് അവൻ ഒരു വലിയ കൊടുങ്കാറ്റ് അടിക്കാൻ ഇടയാക്കുന്നു. കൊടുങ്കാറ്റിൽപ്പെട്ട് കപ്പൽ മുങ്ങിപ്പോകും എന്ന സ്ഥിതിയായി. കപ്പലിലുള്ളവർ വല്ലാതെ പേടിക്കുന്നു. സഹായത്തിനായി അവർ താന്താങ്ങളുടെ ദൈവങ്ങളോടു നിലവിളിക്കുന്നു.
അവസാനം യോനാ അവരോട് ഇങ്ങനെ പറയുന്നു: ‘ഞാൻ ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ യഹോവയുടെ ആരാധകനാണ്. അവൻ എന്നോടു പറഞ്ഞ ഒരു കാര്യം ചെയ്യാതെ ഞാൻ ഒളിച്ചോടുകയാണ്.’ അപ്പോൾ കപ്പലിലുള്ളവർ അവനോട്, ‘കൊടുങ്കാറ്റ് നിൽക്കാൻ ഞങ്ങൾ എന്തു ചെയ്യണം’ എന്നു ചോദിക്കുന്നു.
‘എന്നെ കടലിൽ എറിയുക. അതോടെ കടൽ ശാന്തമാകും,’ യോനാ പറയുന്നു. കപ്പലിലുള്ളവർക്ക് അങ്ങനെ ചെയ്യാൻ ആഗ്രഹമില്ല. പക്ഷേ കൊടുങ്കാറ്റ് മുമ്പത്തെക്കാൾ ശക്തമാകുന്നതുകൊണ്ട് അവസാനം അവർ യോനായെ കടലിലേക്ക് എറിയുന്നു. ഉടനെ കൊടുങ്കാറ്റ് നിൽക്കുന്നു, കടൽ ശാന്തമാകുന്നു.
യോനാ വെള്ളത്തിലേക്കു താഴ്ന്നുപോകുമ്പോൾ ആ വലിയ മത്സ്യം അവനെ വിഴുങ്ങുന്നു. എന്നാൽ അവൻ മരിക്കുന്നില്ല. മൂന്നു രാത്രിയും മൂന്നു പകലും അവൻ മീനിന്റെ വയറ്റിൽ കഴിയുന്നു. യഹോവയെ അനുസരിച്ച് നീനെവേയിലേക്കു പോകാതിരുന്നതിൽ ഇപ്പോൾ യോനായ്ക്കു വലിയ വിഷമം തോന്നുന്നു. അതുകൊണ്ട് അവൻ എന്തു ചെയ്യുന്നുവെന്നോ?
സഹായത്തിനായി അവൻ യഹോവയോടു പ്രാർഥിക്കുന്നു. അപ്പോൾ മീൻ യോനായെ കരയിലേക്കു ഛർദിക്കാൻ യഹോവ ഇടയാക്കുന്നു. തുടർന്ന് യോനാ നീനെവേയിലേക്കു പോകുന്നു. യഹോവ പറയുന്നതെന്തും നാം അനുസരിക്കുന്നത് എത്ര പ്രധാനമാണെന്ന് ഇതു നമ്മെ പഠിപ്പിക്കുന്നില്ലേ?