കഥ 63
ജ്ഞാനിയായ ശലോമോൻ രാജാവ്
ശലോമോൻ രാജാവാകുമ്പോൾ അവൻ ചെറുപ്പമാണ്. അവൻ യഹോവയെ സ്നേഹിക്കുന്നു. അവന്റെ അപ്പനായ ദാവീദ് നൽകിയിരുന്ന ഉപദേശം അനുസരിച്ചാണ് അവൻ പ്രവർത്തിക്കുന്നത്. യഹോവയ്ക്ക് ശലോമോനെ വളരെ ഇഷ്ടമാണ്; അതുകൊണ്ട് ഒരു രാത്രിയിൽ അവൻ സ്വപ്നത്തിൽ അവനോട് ഇങ്ങനെ ചോദിക്കുന്നു: ‘ശലോമോനേ, ഞാൻ നിനക്ക് എന്താണു തരേണ്ടത്?’
അതിനു ശലോമോൻ ഇങ്ങനെ ഉത്തരം നൽകുന്നു: ‘എന്റെ ദൈവമായ യഹോവേ, ഞാൻ തീരെ ചെറുപ്പമാണ്, എങ്ങനെ ഭരിക്കണമെന്ന് എനിക്ക് അറിയില്ല. അതുകൊണ്ട് നിന്റെ ജനത്തെ ശരിയായ വിധത്തിൽ ഭരിക്കുന്നതിന് ആവശ്യമായ ജ്ഞാനം എനിക്കു തരേണമേ.’
ശലോമോൻ ചോദിച്ച കാര്യം യഹോവയെ സന്തുഷ്ടനാക്കി. അതുകൊണ്ട് അവൻ പറയുന്നു: ‘ഒരുപാടു കാലം ജീവിച്ചിരിക്കാനോ വളരെ സമ്പത്ത് തരാനോ ഒന്നും ചോദിക്കാതെ നീ ജ്ഞാനത്തിനുവേണ്ടി അപേക്ഷിച്ചിരിക്കയാൽ ഞാൻ നിന്നെ ഇതുവരെ ജീവിച്ചിരുന്നിട്ടുള്ള ഏതൊരുവനെക്കാളും ജ്ഞാനിയാക്കും, എന്നാൽ നീ അപേക്ഷിച്ചിട്ടില്ലാത്ത സമ്പത്തും മഹത്ത്വവും കൂടെ ഞാൻ നിനക്കു തരും.’
കുറച്ചുനാൾ കഴിഞ്ഞ് രണ്ടു സ്ത്രീകൾ ഒരു വലിയ പ്രശ്നവുമായി ശലോമോന്റെ അടുക്കൽ വരുന്നു. ‘ഈ സ്ത്രീയും ഞാനും ഒരേ വീട്ടിലാണു താമസിക്കുന്നത്. ഞാൻ ഒരു ആൺകുട്ടിയെ പ്രസവിച്ചു; രണ്ടു ദിവസം കഴിഞ്ഞ് അവളും ഒരു ആൺകുട്ടിയെ പ്രസവിച്ചു. ഒരു ദിവസം രാത്രി അവളുടെ കുട്ടി മരിച്ചുപോയി. എന്നാൽ ഞാൻ ഉറങ്ങിക്കിടക്കുമ്പോൾ അവൾ മരിച്ചകുട്ടിയെ എന്റെ അടുക്കൽ കിടത്തിയിട്ട് എന്റെ കുഞ്ഞിനെ എടുത്തുകൊണ്ടുപോയി. ഞാൻ ഉണർന്ന് ആ മരിച്ചകുട്ടിയെ നോക്കിയപ്പോൾ അത് എന്റേതല്ലെന്ന് എനിക്കു മനസ്സിലായി’ എന്ന് അവരിലൊരുവൾ വിവരിക്കുന്നു.
അപ്പോൾ മറ്റേ സ്ത്രീ പറയുന്നു: ‘അല്ല! ജീവനുള്ള കുട്ടി എന്റേതാണ്; മരിച്ച കുട്ടി അവളുടേതും!’ ആദ്യത്തെ സ്ത്രീ ഇങ്ങനെ ഉത്തരം പറയുന്നു: ‘അല്ല! മരിച്ച കുട്ടി നിന്റേതാണ്; ജീവനുള്ള കുട്ടിയാണ് എന്റേത്!’ ഈ വിധത്തിൽ ആ സ്ത്രീകൾ തർക്കിക്കുന്നു. ശലോമോൻ ഇപ്പോൾ എന്തു ചെയ്യും?
അവൻ ഒരു വാൾ കൊണ്ടുവരാൻ കൽപ്പിക്കുന്നു. അതു കൊണ്ടുവന്നു കഴിയുമ്പോൾ അവൻ പറയുന്നു: ‘ജീവനുള്ള കുട്ടിയെ വെട്ടി പകുതി വീതം ഓരോ സ്ത്രീക്കും കൊടുക്കുക.’
‘അയ്യോ കുഞ്ഞിനെ കൊല്ലരുതേ!’ കുട്ടിയുടെ യഥാർഥ അമ്മ നിലവിളിക്കുന്നു. ‘അതിനെ അവൾക്കു കൊടുത്തുകൊള്ളൂ!’ അവൾ പറയുന്നു. മറ്റേ സ്ത്രീയാകട്ടെ ഇങ്ങനെ പറയുന്നു: ‘വേണ്ട, അതിനെ ഞങ്ങൾക്കു രണ്ടുപേർക്കും തരേണ്ട. അതിനെ രണ്ടായി വെട്ടിമുറിക്കുക.’
അപ്പോൾ ശലോമോൻ പറയുന്നു: ‘കുട്ടിയെ കൊല്ലരുത്! അതിനെ ആദ്യത്തെ സ്ത്രീക്കു കൊടുക്കുക. അവളാണ് കുട്ടിയുടെ അമ്മ.’ ശലോമോന് അത് എങ്ങനെ അറിയാം? യഥാർഥ അമ്മ തന്റെ കുഞ്ഞിനെ വളരെയധികം സ്നേഹിക്കുന്നു, അതുകൊണ്ടാണ് അതിനെ കൊല്ലാൻ പോകുകയാണെന്നു കണ്ടപ്പോൾ അങ്ങനെ ചെയ്യാതിരിക്കാനായി കുഞ്ഞിനെ മറ്റേ സ്ത്രീക്കു കൊടുക്കാൻ അവൾ സമ്മതിച്ചത് എന്ന് ശലോമോൻ മനസ്സിലാക്കുന്നു. ശലോമോൻ ഈ പ്രശ്നം പരിഹരിച്ച വിധത്തെക്കുറിച്ച് ജനം കേൾക്കുമ്പോൾ ഇത്ര ജ്ഞാനിയായ ഒരു രാജാവിനെ കിട്ടിയതിൽ അവർ സന്തോഷിക്കുന്നു.
ശലോമോന്റെ ഭരണകാലത്ത് ദൈവം ജനത്തെ അനുഗ്രഹിക്കുന്നു. ദേശത്ത് ഗോതമ്പും ബാർലിയും മുന്തിരിപ്പഴവും അത്തിപ്പഴവുമൊക്കെ ഇഷ്ടംപോലെ വളരാൻ അവൻ ഇടയാക്കുന്നു. ജനങ്ങൾക്കു ധരിക്കാൻ നല്ല വസ്ത്രവും പാർക്കാൻ നല്ല വീടുകളും ഉണ്ട്. എല്ലാവർക്കും എല്ലാ നല്ല സാധനങ്ങളും വേണ്ടതിലധികമുണ്ട്.