കഥ 72
ഹിസ്കീയാ രാജാവിനെ ദൈവം സഹായിക്കുന്നു
ഈ മനുഷ്യൻ യഹോവയോടു പ്രാർഥിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ? യഹോവയുടെ യാഗപീഠത്തിനു മുമ്പിൽ അവൻ ഈ കത്തുകൾ നിരത്തി വെച്ചിരിക്കുന്നത് എന്തിനാണ്? അത് ഹിസ്കീയാവ് ആണ്. ഇസ്രായേലിന്റെ തെക്കേ രണ്ടു ഗോത്ര രാജ്യത്തിന്റെ രാജാവായ അവൻ ഇപ്പോൾ വളരെ കുഴപ്പത്തിൽപ്പെട്ടിരിക്കുകയാണ്. എന്തുകൊണ്ട്?
അശ്ശൂർ സൈന്യം വടക്കേ 10 ഗോത്രങ്ങളെ നശിപ്പിച്ചു കഴിഞ്ഞിരുന്നു. ആ ആളുകൾ വളരെ ദുഷ്ടന്മാരായതുകൊണ്ട് യഹോവ അത് അനുവദിച്ചു. ഇപ്പോൾ ആ സൈന്യം രണ്ടു ഗോത്ര രാജ്യത്തെ ആക്രമിക്കാൻ വരികയാണ്.
അശ്ശൂരിലെ രാജാവ് ഹിസ്കീയാവിന് കത്തുകൾ അയച്ചുകഴിഞ്ഞതേയുള്ളൂ. ആ കത്തുകളാണ് ഹിസ്കീയാവ് ഇവിടെ ദൈവത്തിന്റെ മുമ്പാകെ വെച്ചിരിക്കുന്നത്. യഹോവയെ പരിഹസിച്ചുകൊണ്ടുള്ള വാക്കുകളാണ് ആ കത്തുകളിൽ നിറയെ. കൂടാതെ ഹിസ്കീയാവ് കീഴടങ്ങണം എന്ന ആവശ്യവും അതിലുണ്ട്. അതുകൊണ്ട് അവൻ ഇങ്ങനെ പ്രാർഥിക്കുന്നു: ‘യഹോവേ, അശ്ശൂർ രാജാവിൽനിന്നു ഞങ്ങളെ രക്ഷിക്കേണമേ. അങ്ങനെ നീ മാത്രമാണു ദൈവം എന്ന് എല്ലാ ജനങ്ങളും അറിയട്ടെ.’ യഹോവ ഹിസ്കീയാവിന്റെ പ്രാർഥന കേൾക്കുമോ?
ഹിസ്കീയാവ് ഒരു നല്ല രാജാവാണ്. അവൻ 10 ഗോത്ര രാജ്യത്തിലെ ദുഷ്ട രാജാക്കന്മാരെയോ തന്റെ ദുഷ്ട പിതാവായ ആഹാസിനെയോ പോലെയുള്ളവൻ അല്ല. അവൻ യഹോവയുടെ എല്ലാ നിയമങ്ങളും അനുസരിച്ചിരുന്നു. അതുകൊണ്ട് ഹിസ്കീയാവ് പ്രാർഥിച്ചു കഴിഞ്ഞ് പ്രവാചകനായ യെശയ്യാവ് യഹോവയിൽനിന്നുള്ള ഈ സന്ദേശം അവനെ അറിയിക്കുന്നു: ‘അശ്ശൂർ രാജാവ് യെരൂശലേമിലേക്കു വരികയില്ല. അവന്റെ പടയാളികളിലാരും അതിനടുത്തുപോലും എത്തുകയില്ല. യെരൂശലേമിനെതിരെ അവർ ഒറ്റ അമ്പുപോലും എയ്യുകയുമില്ല.’
ഈ പേജിലെ ചിത്രം കാണുക. മരിച്ചു കിടക്കുന്ന ഈ ഭടന്മാരെല്ലാം ആരാണെന്നോ? അവർ അശ്ശൂർക്കാരാണ്. യഹോവ തന്റെ ദൂതനെ അയച്ച് ഒരു രാത്രികൊണ്ട് 1,85,000 അശ്ശൂർ പടയാളികളെ കൊന്നുകളഞ്ഞു. അപ്പോൾ അശ്ശൂർ രാജാവ് ആക്രമണം ഉപേക്ഷിച്ച് തിരികെ പോകുന്നു.
രണ്ടുഗോത്ര രാജ്യം രക്ഷപ്പെടുന്നു, ആളുകൾ കുറേക്കാലത്തേക്കു സമാധാനത്തോടെ ജീവിക്കുന്നു. പക്ഷേ ഹിസ്കീയാവ് മരിച്ചതിനു ശേഷം അവന്റെ മകനായ മനശ്ശെ രാജാവാകുന്നു. മനശ്ശെയും അവൻ കഴിഞ്ഞു രാജാവായ അവന്റെ മകനായ ആമോനും വളരെ ദുഷ്ടന്മാരാണ്. അതുകൊണ്ട് രാജ്യം വീണ്ടും അക്രമംകൊണ്ടു നിറയുന്നു. ആമോൻ രാജാവിനെ അവന്റെ സ്വന്തം ദാസന്മാർതന്നെ കൊല്ലുമ്പോൾ അവന്റെ പുത്രനായ യോശീയാവ് രണ്ടുഗോത്ര രാജ്യത്തിന്റെ രാജാവാകുന്നു.