കഥ 81
ദൈവത്തിന്റെ സഹായത്തിൽ ആശ്രയിക്കുന്നു
ആയിരക്കണക്കിന് ആളുകൾ ബാബിലോണിൽനിന്നു യെരൂശലേമിലേക്കുള്ള ദീർഘയാത്ര നടത്തുന്നു. പക്ഷേ അവിടെ എത്തിച്ചേരുമ്പോൾ സകലതും തകർന്നു കിടക്കുന്നതാണ് അവർ കാണുന്നത്. മനുഷ്യവാസമില്ല. എല്ലാം വീണ്ടും പണിയേണ്ട അവസ്ഥ.
അവർ ആദ്യം പണിയുന്ന വസ്തുക്കളിലൊന്ന് ഒരു യാഗപീഠമാണ്. യഹോവയ്ക്കു മൃഗയാഗങ്ങൾ അർപ്പിക്കുന്നതിനു വേണ്ടിയാണ് ഇത്. കുറച്ചു മാസങ്ങൾക്കു ശേഷം ഇസ്രായേല്യർ ആലയത്തിന്റെ പണി തുടങ്ങുന്നു. എന്നാൽ അയൽരാജ്യങ്ങളിലുള്ള അവരുടെ ശത്രുക്കൾക്ക് അത് അത്ര രസിക്കുന്നില്ല. അതുകൊണ്ട് ഇസ്രായേല്യരെ ഭീഷണിപ്പെടുത്തി പണി നിറുത്തിക്കാൻ അവർ ശ്രമിക്കുന്നു. ഒടുവിൽ, പേർഷ്യയിലെ പുതിയ രാജാവിനെ സ്വാധീനിച്ച് അവർ കാര്യം സാധിക്കുന്നു. ആലയത്തിന്റെ പണി നിറുത്തിവെക്കാൻ രാജാവു കൽപ്പിക്കുന്നു.
വർഷങ്ങൾ കടന്നുപോകുന്നു. ഇസ്രായേല്യർ ബാബിലോണിൽനിന്നു തിരികെ വന്നിട്ട് 17 വർഷമായി. ജനങ്ങളോട് ആലയത്തിന്റെ പണി വീണ്ടും തുടങ്ങാൻ പറയുന്നതിനായി യഹോവ പ്രവാചകന്മാരായ ഹഗ്ഗായിയെയും സെഖര്യാവിനെയും അയയ്ക്കുന്നു. യഹോവ തങ്ങളെ സഹായിക്കുമെന്നു ജനം വിശ്വസിക്കുന്നു, അതുകൊണ്ട് അവർ പ്രവാചകന്മാരെ അനുസരിക്കുന്നു. ആലയത്തിന്റെ പണി നിയമംമൂലം തടഞ്ഞിരിക്കുകയാണെങ്കിലും അവർ അതു വീണ്ടും തുടങ്ങുന്നു.
ഒരു പേർഷ്യൻ ഉദ്യോഗസ്ഥനായ തത്നായി വന്ന് ഇസ്രായേല്യരോട് ആലയം പണിയാൻ അവർക്ക് ആരാണ് അധികാരം നൽകിയതെന്നു ചോദിക്കുന്നു. തങ്ങൾ ബാബിലോണിൽ ആയിരുന്നപ്പോൾ രാജാവായ കോരെശ്, ‘യെരൂശലേമിലേക്കുപോയി നിങ്ങളുടെ ദൈവമായ യഹോവയുടെ ആലയം പണിയുക,’ എന്നു കൽപ്പിച്ചിരുന്നു എന്ന് ഇസ്രായേല്യർ അവനോടു പറയുന്നു.
മരിച്ചുപോയ കോരെശ് അങ്ങനെ കൽപ്പിച്ചിരുന്നോ എന്ന് തത്നായി ബാബിലോണിലേക്ക് എഴുതി ചോദിക്കുന്നു. ഉടൻ പുതിയ പേർഷ്യൻ രാജാവിൽനിന്നുള്ള മറുപടി വരുന്നു. കോരെശ് അങ്ങനെ പറഞ്ഞിരുന്നതായി അതിൽ എഴുതിയിരുന്നു. പുതിയ രാജാവ് ഇങ്ങനെ എഴുതുന്നു: ‘ഇസ്രായേല്യർ അവരുടെ ദൈവമായ യഹോവയ്ക്ക് ആലയം പണിതുകൊള്ളട്ടെ. അവരെ സഹായിക്കാൻ ഞാൻ നിങ്ങളോടു കൽപ്പിക്കുന്നു.’ ഏകദേശം നാലു വർഷത്തിനുള്ളിൽ ആലയനിർമാണം പൂർത്തിയാകുന്നു, ഇസ്രായേല്യർ വളരെ സന്തോഷിക്കുന്നു.
വളരെ വർഷങ്ങൾ കടന്നുപോകുന്നു. ആലയത്തിന്റെ പണി പൂർത്തിയായിട്ട് ഇപ്പോൾ ഏതാണ്ട് 48 വർഷം കഴിഞ്ഞിരിക്കുന്നു. യെരൂശലേമിലെ ആളുകൾ പാവപ്പെട്ടവരാണ്, പട്ടണവും ദൈവത്തിന്റെ ആലയവും കാണാൻ അത്ര ഭംഗിയൊന്നും ഇല്ല. എസ്രാ എന്നു പേരുള്ള ഒരു ഇസ്രായേല്യൻ ബാബിലോണിൽവെച്ച്, ദൈവത്തിന്റെ ആലയം മോടിപിടിപ്പിക്കേണ്ടതുണ്ടെന്നു മനസ്സിലാക്കുന്നു. അവൻ എന്താണു ചെയ്യുന്നതെന്നോ?
എസ്രാ പേർഷ്യൻ രാജാവായ അർത്ഥഹ്ശഷ്ടാവിനെ പോയി കാണുന്നു, ആ നല്ല രാജാവ് ധാരാളം സമ്മാനങ്ങളുമായി അവനെ യെരൂശലേമിലേക്ക് അയയ്ക്കുന്നു. ആ സാധനങ്ങളൊക്കെ യെരൂശലേമിലേക്കു കൊണ്ടുപോകാൻ തന്നെ സഹായിക്കാമോ എന്ന് ബാബിലോണിലുള്ള ഇസ്രായേല്യരോട് അവൻ ചോദിക്കുന്നു. ഏകദേശം 6,000 ആളുകൾ അവനോടൊപ്പം പോകാൻ തയ്യാറാകുന്നു. അവർക്കു ധാരാളം വെള്ളിയും സ്വർണവും മറ്റു വിലപിടിച്ച വസ്തുക്കളും കൊണ്ടുപോകാനുണ്ട്.
പോകുന്ന വഴിക്ക് ധാരാളം ദുഷ്ടമനുഷ്യരുണ്ട്. അവർ വെള്ളിയും സ്വർണവും തട്ടിയെടുത്ത് തങ്ങളെ കൊന്നുകളയുമോ എന്ന് എസ്രായ്ക്ക് പേടിയുണ്ട്. അതുകൊണ്ട്, ഈ ചിത്രത്തിൽ കാണാവുന്നതുപോലെ, എസ്രാ ജനത്തെ ഒരുമിച്ചു വിളിച്ചുകൂട്ടുന്നു. യെരൂശലേമിലേക്കുള്ള നീണ്ട മടക്കയാത്രയിൽ തങ്ങളെ കാത്തുകൊള്ളേണമേ എന്ന് അവർ യഹോവയോടു പ്രാർഥിക്കുന്നു.
യഹോവ അവരുടെ പ്രാർഥന കേൾക്കുകയും അവരെ സംരക്ഷിക്കുകയും ചെയ്യുന്നു. നാലു മാസം യാത്രചെയ്ത് അവർ സുരക്ഷിതരായി യെരൂശലേമിൽ എത്തിച്ചേരുന്നു. സഹായത്തിനായി തന്നിലേക്കു നോക്കുന്നവരെ സംരക്ഷിക്കാൻ യഹോവയ്ക്കു കഴിയും എന്ന് ഇതു കാണിക്കുന്നില്ലേ?
എസ്രാ 2 മുതൽ 8 വരെയുള്ള അധ്യായങ്ങൾ.