വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 78

ചുവരിലെ കയ്യെഴുത്ത്‌

ചുവരിലെ കയ്യെഴുത്ത്‌

ഇവിടെ എന്താണു സംഭവി​ക്കു​ന്നത്‌? വലി​യൊ​രു വിരുന്നു നടക്കു​ക​യാണ്‌. ബാബി​ലോൺ രാജാവ്‌ ആയിരം വിശി​ഷ്ടാ​തി​ഥി​ക​ളെ ക്ഷണിച്ചി​രി​ക്കു​ന്നു. യെരൂ​ശ​ലേ​മി​ലെ യഹോ​വ​യു​ടെ ആലയത്തിൽനി​ന്നെ​ടു​ത്ത സ്വർണ​ക്ക​പ്പു​ക​ളും വെള്ളി​ക്ക​പ്പു​ക​ളും പാത്ര​ങ്ങ​ളും അവർ ഉപയോ​ഗി​ക്കു​ക​യാണ്‌. പെട്ടെന്ന്‌ ഒരു മനുഷ്യ​ന്റെ കൈപ്പ​ത്തി​യി​ലെ വിരലു​കൾ വായു​വിൽ പ്രത്യ​ക്ഷ​പ്പെ​ടു​ക​യും ഭിത്തി​യിൽ എഴുതി​ത്തു​ട​ങ്ങു​ക​യും ചെയ്യുന്നു. എല്ലാവ​രും പരി​ഭ്രാ​ന്ത​രാ​കു​ന്നു.

നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ പൗത്ര​നാ​യ ബേൽശ​സ്സ​രാണ്‌ ഇപ്പോൾ രാജാവ്‌. അവൻ വിദ്വാ​ന്മാ​രെ കൊണ്ടു​വ​രാൻ വിളിച്ചു പറയുന്നു: ‘ഈ എഴുത്തു വായിച്ച്‌ അതിന്റെ അർഥം എന്നോടു പറയാൻ കഴിയുന്ന ഏവനും അനേകം സമ്മാനങ്ങൾ നൽകു​ക​യും അവനെ രാജ്യ​ത്തി​ലെ മൂന്നാ​മ​ത്തെ പ്രധാ​ന​പ്പെട്ട ഭരണാ​ധി​പ​നാ​ക്കു​ക​യും ചെയ്യും’ എന്ന്‌ രാജാവു പറയുന്നു. എന്നാൽ വിദ്വാ​ന്മാ​രിൽ ആർക്കും​ത​ന്നെ ചുവരി​ലെ ആ എഴുത്തു വായി​ക്കു​ന്ന​തി​നോ അതിന്റെ അർഥം പറയു​ന്ന​തി​നോ കഴിയു​ന്നി​ല്ല.

ശബ്ദം​കേട്ട്‌ രാജമാ​താവ്‌ ആ വലിയ ഭക്ഷണമു​റി​യി​ലേ​ക്കു വരുന്നു. ‘ഭയപ്പെ​ടേണ്ട,’ അവൾ രാജാ​വി​നോ​ടു പറയുന്നു. ‘വിശു​ദ്ധ​ദൈ​വ​ങ്ങ​ളെ അറിയാ​വു​ന്ന ഒരു മനുഷ്യൻ നിന്റെ രാജ്യ​ത്തുണ്ട്‌. നിന്റെ വല്യപ്പൻ നെബൂ​ഖ​ദ്‌നേ​സർ രാജാ​വാ​യി​രു​ന്ന​പ്പോൾ അദ്ദേഹം അവനെ കൊട്ടാ​ര​ത്തി​ലെ സകല പണ്ഡിത​ന്മാ​രു​ടെ​യും തലവൻ ആക്കിയി​രു​ന്നു. അവന്റെ പേർ ദാനീ​യേൽ എന്നാണ്‌. അവനെ ആളയച്ചു വരുത്തുക; ഇതി​ന്റെ​യെ​ല്ലാം അർഥം എന്താ​ണെന്ന്‌ അവൻ പറഞ്ഞു തരും.’

ഉടൻതന്നെ ദാനീ​യേ​ലി​നെ കൊട്ടാ​ര​ത്തി​ലേ​ക്കു വരുത്തു​ന്നു. തനിക്ക്‌ സമ്മാന​മൊ​ന്നും വേണ്ടന്നു പറഞ്ഞിട്ട്‌ അവൻ, യഹോവ ഒരിക്കൽ ബേൽശ​സ്സ​രി​ന്റെ വല്യപ്പ​നാ​യ നെബൂ​ഖ​ദ്‌നേ​സ​രി​നെ സിംഹാ​സ​ന​ത്തിൽനിന്ന്‌ നീക്കി​ക്ക​ള​യാ​നു​ണ്ടാ​യ കാരണ​ത്തെ​ക്കു​റി​ച്ചു പറഞ്ഞു​തു​ട​ങ്ങു​ന്നു. ‘അദ്ദേഹം വളരെ അഹങ്കാ​രി​യാ​യി​രു​ന്നു,’ ദാനീ​യേൽ പറയുന്നു. ‘അതിന്‌ യഹോവ അദ്ദേഹത്തെ ശിക്ഷിച്ചു.’

‘അദ്ദേഹ​ത്തി​നു സംഭവി​ച്ച​തി​നെ​ക്കു​റി​ച്ചെ​ല്ലാം അങ്ങേക്ക​റി​യാം, എന്നിട്ടും അങ്ങ്‌ നെബൂ​ഖ​ദ്‌നേ​സർ ചെയ്‌ത​തു​പോ​ലെ അഹങ്കരി​ക്കു​ക​യാണ്‌. അങ്ങ്‌ യഹോ​വ​യു​ടെ ആലയത്തിൽനിന്ന്‌ കപ്പുക​ളും പാത്ര​ങ്ങ​ളും കൊണ്ടു​വന്ന്‌ അവയിൽനി​ന്നു കുടിച്ചു. മരം​കൊ​ണ്ടും കല്ലു​കൊ​ണ്ടും ഉണ്ടാക്കിയ ദൈവ​ങ്ങ​ളെ സ്‌തു​തി​ച്ചു; നമ്മുടെ മഹാ​സ്ര​ഷ്ടാ​വി​നെ അങ്ങ്‌ മഹത്ത്വ​പ്പെ​ടു​ത്തി​യി​ട്ടില്ല. അതു​കൊ​ണ്ടാണ്‌ ദൈവം ഈ വാക്കുകൾ എഴുതാൻ കൈപ്പത്തി അയച്ചത്‌’ എന്നു ദാനീ​യേൽ ബേൽശ​സ്സ​രി​നോ​ടു പറയുന്നു.

‘എഴുത​പ്പെ​ട്ടത്‌ ഇതാണ്‌’ ദാനീ​യേൽ പറയുന്നു: ‘മെനേ, മെനേ, തെക്കേൽ, ഊഫർസീൻ’

‘മെനേ എന്നതിന്റെ അർഥം ദൈവം അങ്ങയുടെ രാജത്വ​ത്തി​ന്റെ നാളുകൾ എണ്ണി അതിന്‌ അവസാനം വരുത്തി​യി​രി​ക്കു​ന്നു എന്നാണ്‌. തെക്കേൽ എന്നതിന്റെ അർഥം അങ്ങയെ തുലാ​സിൽ തൂക്കി, കുറവു​ള്ള​വ​നെ​ന്നു കണ്ടിരി​ക്കു​ന്നു എന്നും ഊഫർസീൻ എന്നതിന്റെ അർഥം അങ്ങയുടെ രാജ്യം മേദ്യർക്കും പേർഷ്യ​ക്കാർക്കും കൊടു​ത്തി​രി​ക്കു​ന്നു എന്നും ആണ്‌.’

ദാനീ​യേൽ സംസാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾത്തന്നെ മേദ്യ​രും പേർഷ്യ​ക്കാ​രും ബാബി​ലോ​ണി​നെ ആക്രമി​ക്കാൻ തുടങ്ങി​ക്ക​ഴി​ഞ്ഞി​രു​ന്നു. അവർ നഗരം പിടി​ച്ചെ​ടു​ക്കു​ക​യും ബേൽശ​സ്സ​രി​നെ കൊല്ലു​ക​യും ചെയ്യുന്നു. ചുവരി​ലെ കയ്യെഴുത്ത്‌ ആ രാത്രി​യിൽത്ത​ന്നെ സത്യമാ​യി​ത്തീ​രു​ന്നു! എന്നാൽ ഇപ്പോൾ ഇസ്രാ​യേ​ല്യർക്ക്‌ എന്തു സംഭവി​ക്കും? നമ്മൾ അതു കാണാൻ പോകു​ക​യാണ്‌, എന്നാൽ ആദ്യം ദാനീ​യേ​ലിന്‌ എന്തു സംഭവി​ക്കു​ന്നെ​ന്നു നോക്കാം.