വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 82

മൊർദ്ദെഖായിയും എസ്ഥേറും

മൊർദ്ദെഖായിയും എസ്ഥേറും

എസ്രാ യെരൂ​ശ​ലേ​മി​ലേ​ക്കു മടങ്ങു​ന്ന​തി​നു കുറച്ചു വർഷം മുമ്പുള്ള ചരി​ത്ര​മാണ്‌ ഇത്‌. പേർഷ്യൻരാ​ജ്യ​ത്തെ ഏറ്റവും പ്രധാ​ന​പ്പെട്ട ഇസ്രാ​യേ​ല്യ​രാണ്‌ മൊർദ്ദെ​ഖാ​യി​യും എസ്ഥേറും. എസ്ഥേർ രാജ്ഞി​യാണ്‌, അവളുടെ പിതാ​വി​ന്റെ സഹോദര പുത്ര​നാ​യ മൊർദ്ദെ​ഖാ​യി രാജാവു കഴിഞ്ഞാൽ ദേശത്ത്‌ ഏറ്റവു​മ​ധി​കം അധികാ​ര​മു​ള്ള ആളാണ്‌. അവർ എങ്ങനെ​യാണ്‌ ഈ നിലയിൽ എത്തിയ​തെ​ന്നു നമുക്കു നോക്കാം.

എസ്ഥേർ കുട്ടി​യാ​യി​രി​ക്കു​മ്പോൾത്തന്നെ അവളുടെ മാതാ​പി​താ​ക്കൾ മരിച്ചു​പോ​യി. മൊർദ്ദെ​ഖാ​യി​യാണ്‌ പിന്നീട്‌ അവളെ വളർത്തി​യത്‌. പേർഷ്യൻ രാജാ​വാ​യ അഹശ്വേ​രോ​ശിന്‌ ശൂശൻ പട്ടണത്തിൽ ഒരു കൊട്ടാ​ര​മു​ണ്ടാ​യി​രു​ന്നു. അവിടത്തെ ഒരു ജോലി​ക്കാ​ര​നാ​യി​രു​ന്നു മൊർദ്ദെ​ഖാ​യി. ഒരിക്കൽ, രാജ്ഞി​യാ​യി​രു​ന്ന വസ്ഥി രാജാ​വി​നെ അനുസ​രി​ക്കു​ന്നി​ല്ല. അതു​കൊണ്ട്‌ രാജാവ്‌ പുതി​യൊ​രു രാജ്ഞിയെ തിര​ഞ്ഞെ​ടു​ക്കു​ന്നു. അത്‌ ആരായി​രു​ന്നെ​ന്നോ? സുന്ദരി​യാ​യ എസ്ഥേർ.

ഇവിടെ കാണുന്ന ഈ മനുഷ്യ​ന്റെ മുമ്പിൽ ആളുകൾ കുമ്പി​ടു​ന്ന​തു കണ്ടോ? അഹങ്കാ​രി​യാ​യ ആ മനുഷ്യൻ ഹാമാ​നാണ്‌. അവൻ പേർഷ്യ​യി​ലെ വലിയ ഒരു ആളാണ്‌. അവി​ടെ​യി​രി​ക്കു​ന്ന മൊർദ്ദെ​ഖാ​യി​യും തന്നെ കുമ്പി​ടാൻ അവൻ ആഗ്രഹി​ക്കു​ന്നു. എന്നാൽ മൊർദ്ദെ​ഖാ​യി അങ്ങനെ ചെയ്യു​ന്നി​ല്ല. ഹാമാ​നെ​പ്പോ​ലു​ള്ള ഒരു ദുഷ്ടനെ കുമ്പി​ടു​ന്നത്‌ ശരിയാ​ണെന്ന്‌ അവൻ വിചാ​രി​ക്കു​ന്നി​ല്ല. ഇത്‌ ഹാമാനെ വളരെ ദേഷ്യം പിടി​പ്പി​ക്കു​ന്നു. അതു​കൊണ്ട്‌ അവൻ എന്തു ചെയ്യു​ന്നു​വെ​ന്നോ?

ഹാമാൻ രാജാ​വി​നോട്‌ ഇസ്രാ​യേ​ല്യ​രെ​പ്പ​റ്റി ധാരാളം നുണകൾ പറയുന്നു: ‘അങ്ങയുടെ നിയമങ്ങൾ അനുസ​രി​ക്കാ​ത്ത ദുഷ്ട മനുഷ്യ​രാണ്‌ അവർ. അവരെ കൊല്ലു​ക​ത​ന്നെ വേണം.’ തന്റെ ഭാര്യ​യാ​യ എസ്ഥേർ ഒരു ഇസ്രാ​യേ​ല്യ ആണെന്ന കാര്യം രാജാ​വിന്‌ അറിയില്ല. അതു​കൊണ്ട്‌ അവൻ ഹാമാനു ചെവി​കൊ​ടു​ക്കു​ക​യും ഒരു പ്രത്യേക ദിവസം ഇസ്രാ​യേ​ല്യ​രെ​യെ​ല്ലാം കൊ​ല്ലേ​ണ​മെന്ന കൽപ്പന പുറ​പ്പെ​ടു​വി​ക്കു​ക​യും ചെയ്‌തു.

ഈ കൽപ്പനയെ കുറിച്ചു കേൾക്കു​മ്പോൾ മൊർദ്ദെ​ഖാ​യി വളരെ വിഷമി​ക്കു​ന്നു. അവൻ എസ്ഥേറിന്‌ ഒരു സന്ദേശം അയയ്‌ക്കു​ന്നു: ‘നീ രാജാ​വി​നോ​ടു സംസാ​രി​ക്ക​ണം, നമ്മെ രക്ഷിക്കാൻ അദ്ദേഹ​ത്തോ​ടു യാചി​ക്ക​ണം.’ രാജാവു വിളി​ക്കാ​തെ അവന്റെ മുമ്പിൽ ചെല്ലു​ന്നത്‌ പേർഷ്യ​യി​ലെ നിയമ​ത്തിന്‌ എതിരാണ്‌. എന്നാൽ ക്ഷണം കിട്ടാ​തെ​ത​ന്നെ എസ്ഥേർ ചെല്ലുന്നു. എസ്ഥേറി​നെ കാണു​മ്പോൾ രാജാവ്‌ തന്റെ സ്വർണ ചെങ്കോൽ അവൾക്കു​നേ​രെ നീട്ടുന്നു. അവളെ കൊ​ല്ലേ​ണ്ട​തി​ല്ല എന്നാണ്‌ അതിന്റെ അർഥം. എസ്ഥേർ രാജാ​വി​നെ​യും ഹാമാ​നെ​യും ഒരു വിരു​ന്നി​നു ക്ഷണിക്കു​ന്നു. അവി​ടെ​വെച്ച്‌, ആഗ്രഹി​ക്കു​ന്ന എന്തും ചോദി​ച്ചു​കൊ​ള്ളാൻ രാജാവ്‌ അവളോ​ടു പറയുന്നു. അടുത്ത ദിവസം രാജാ​വും ഹാമാ​നും മറ്റൊരു വിരു​ന്നി​നു വരിക​യാ​ണെ​ങ്കിൽ അപ്പോൾ ചോദി​ച്ചു​കൊ​ള്ളാം എന്ന്‌ അവൾ പറയുന്നു.

അടുത്ത വിരുന്നു ദിവസം എസ്ഥേർ രാജാ​വി​നോട്‌ പറയുന്നു: ‘ഞാനും എന്റെ ജനവും കൊല്ല​പ്പെ​ടാൻ പോകു​ക​യാണ്‌.’ അതു​കേട്ട്‌ രാജാവ്‌ കോപി​ക്കു​ന്നു. ‘അങ്ങനെ ചെയ്യാൻ ധൈര്യ​മു​ള്ള​വൻ ആര്‌?’ അവൻ ചോദി​ക്കു​ന്നു.

‘ആ ശത്രു, ദുഷ്ടനായ ഈ ഹാമാ​നാണ്‌!’ എസ്ഥേർ പറയുന്നു.

രാജാവ്‌ കോപം​കൊ​ണ്ടു വിറയ്‌ക്കു​ന്നു. ഹാമാനെ കൊല്ലാൻ അവൻ കൽപ്പി​ക്കു​ന്നു. പിന്നീട്‌ രാജാവ്‌ മൊർദ്ദെ​ഖാ​യി​യെ രാജ്യ​ത്തി​ലെ രണ്ടാമത്തെ വലിയ ആളാക്കു​ന്നു. ഇസ്രാ​യേ​ല്യ​രെ​യെ​ല്ലാം കൊന്നു​ക​ള​യാൻ നിശ്ചയി​ച്ചി​രു​ന്ന ദിവസം സ്വന്തജീ​വൻ രക്ഷിക്കാൻ അവർക്കു പോരാ​ടാ​വു​ന്ന​താണ്‌ എന്ന പുതി​യൊ​രു നിയമം കൊണ്ടു​വ​രു​ന്ന​തിൽ മൊർദ്ദെ​ഖാ​യി വിജയി​ക്കു​ന്നു. അവൻ ഇപ്പോൾ ഇത്ര വലിയ ആളായ​തു​കൊണ്ട്‌ പലരും ഇസ്രാ​യേ​ല്യ​രെ സഹായി​ക്കു​ന്നു. അങ്ങനെ അവർ ശത്രു​ക്ക​ളു​ടെ കൈയിൽനി​ന്നു രക്ഷപ്പെ​ടു​ന്നു.

എസ്ഥേർ എന്ന ബൈബിൾ പുസ്‌ത​കം.