കഥ 86
ഒരു നക്ഷത്രം വഴികാണിച്ചു കൊടുക്കുന്നു
ഈ ആളുകളിലൊരാൾ ചൂണ്ടിക്കാണിക്കുന്ന നല്ല ശോഭയുള്ള ആ നക്ഷത്രം കണ്ടോ? അവർ യെരൂശലേമിൽനിന്നു യാത്ര തിരിച്ചപ്പോൾ ആ നക്ഷത്രം പ്രത്യക്ഷപ്പെട്ടു. അവർ കിഴക്കുനിന്നുള്ളവരാണ്. നക്ഷത്രങ്ങളെക്കുറിച്ചു പഠനം നടത്തുന്നവരാണവർ. ഈ പുതിയ നക്ഷത്രം പ്രധാനപ്പെട്ട ഒരു വ്യക്തിയുടെ അടുത്തേക്കുള്ള വഴി തങ്ങൾക്കു കാണിച്ചുതരികയാണെന്ന് അവർ വിശ്വസിക്കുന്നു.
യെരൂശലേമിൽ എത്തിയപ്പോൾ ആ മനുഷ്യർ ‘യഹൂദന്മാരുടെ രാജാവാകാനിരിക്കുന്ന കുട്ടി എവിടെ?’ എന്നു ചോദിച്ചു. ‘യഹൂദന്മാർ’ എന്നത് ഇസ്രായേല്യരുടെ മറ്റൊരു പേരാണ്. ‘ഞങ്ങൾ അവന്റെ നക്ഷത്രം ആദ്യം കിഴക്കുവെച്ചു കാണുകയുണ്ടായി. ഞങ്ങൾ അവനെ ആരാധിക്കാൻ വന്നിരിക്കുകയാണ്’ എന്ന് അവർ പറഞ്ഞു.
യെരൂശലേമിലെ രാജാവായ ഹെരോദാവ് ഇതു കേട്ടപ്പോൾ ആകെ അസ്വസ്ഥനായി. തന്റെ സ്ഥാനത്ത് മറ്റൊരു രാജാവു വരുന്നത് അവന് ഇഷ്ടമായിരുന്നില്ല. അതുകൊണ്ട് ഹെരോദാവ് മഹാപുരോഹിതന്മാരെ വിളിച്ച് അവരോട് ‘വാഗ്ദത്ത രാജാവ് എവിടെയാണു ജനിക്കുക?’ എന്നു ചോദിച്ചു. ‘ബേത്ത്ലേഹെമിൽ ജനിക്കും എന്നാണു ബൈബിൾ പറയുന്നത്’ എന്ന് അവർ മറുപടി പറഞ്ഞു.
അതുകൊണ്ട് ഹെരോദാവ് കിഴക്കുനിന്നുള്ള പുരുഷന്മാരെ വിളിച്ച് അവരോട് ‘നിങ്ങൾ ചെന്ന് കുട്ടി എവിടെയുണ്ടെന്ന് അന്വേഷിപ്പിൻ. നിങ്ങൾ അവനെ കണ്ടെത്തിക്കഴിയുമ്പോൾ എന്നെ അറിയിക്കണം. എനിക്കും ചെന്ന് അവനെ ആരാധിക്കാനാണ്’ എന്നു പറഞ്ഞു. എന്നാൽ ഹെരോദാവ് ആ കുട്ടിയെ അന്വേഷിക്കുന്നത് വാസ്തവത്തിൽ അവനെ കൊല്ലാൻ വേണ്ടിയാണ്!
അപ്പോൾ നക്ഷത്രം ആ മനുഷ്യർക്കു മുമ്പായി ബേത്ത്ലേഹെമിലേക്കു നീങ്ങുന്നു. കുട്ടി ഉള്ള വീട് അവർക്കു കാണിച്ചു കൊടുക്കാൻ പാകത്തിന് അതു വന്നു നിൽക്കുന്നു. ആ പുരുഷന്മാർ അവിടെ ചെല്ലുമ്പോൾ മറിയയെയും യേശുവിനെയും കാണുന്നു. അവർ അവനു സമ്മാനങ്ങൾ കൊടുക്കുന്നു. എന്നാൽ ഹെരോദാവിന്റെ അടുത്തേക്കു മടങ്ങിപ്പോകരുതെന്ന് യഹോവ പിന്നീട് ഒരു സ്വപ്നത്തിൽ ആ മനുഷ്യർക്കു താക്കീതു നൽകുന്നു. അതുകൊണ്ട് അവർ മറ്റൊരു വഴിയായി അവരുടെ സ്വന്തം ദേശത്തേക്കു മടങ്ങുന്നു.
കിഴക്കുനിന്നുള്ള പുരുഷന്മാർ സ്വന്തം ദേശത്തേക്കു മടങ്ങിപ്പോയി എന്ന് ഹെരോദാവ് മനസ്സിലാക്കുമ്പോൾ അവനു വളരെയധികം കോപം ഉണ്ടാകുന്നു. അതുകൊണ്ട് അവൻ ബേത്ത്ലേഹെമിലെ രണ്ടു വയസ്സും അതിൽ താഴെയുമുള്ള എല്ലാ ആൺകുഞ്ഞുങ്ങളെയും കൊന്നുകളയണമെന്ന കൽപ്പന നൽകുന്നു. എന്നാൽ യഹോവ യോസേഫിന് ഒരു സ്വപ്നത്തിൽ അതു സംബന്ധിച്ച് മുന്നറിയിപ്പു നൽകുന്നു. അങ്ങനെ യോസേഫ് തന്റെ കുടുംബത്തെയുംകൊണ്ട് ഈജിപ്തിലേക്കു രക്ഷപ്പെടുന്നു. പിന്നീട്, ഹെരോദാവു മരിച്ചുപോയെന്ന് അറിയുമ്പോൾ അവൻ മറിയയെയും യേശുവിനെയും കൂട്ടിക്കൊണ്ട് നസറെത്തിലേക്കു തിരിച്ചുപോകുന്നു. ഇവിടെയാണ് യേശു വളരുന്നത്.
ആ പുതിയ നക്ഷത്രം പ്രകാശിക്കാൻ ഇടയാക്കിയത് ആരായിരിക്കും? നക്ഷത്രം കണ്ടു കഴിഞ്ഞ് ആ പുരുഷന്മാർ ആദ്യം പോയത് യെരൂശലേമിലേക്കാണ് എന്ന കാര്യം ഓർക്കുക. ദൈവത്തിന്റെ പുത്രനെ കൊല്ലാൻ പിശാചായ സാത്താൻ ആഗ്രഹിച്ചു. യെരൂശലേമിലെ ഹെരോദാ രാജാവ് അവനെ കൊല്ലാൻ ശ്രമിക്കുമെന്ന് അവന് അറിയാമായിരുന്നു. അതുകൊണ്ട് ആ നക്ഷത്രം പ്രകാശിക്കാൻ ഇടയാക്കിയത് സാത്താൻ ആയിരിക്കണം.