വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 87

ബാലനായ യേശു ആലയത്തിൽ

ബാലനായ യേശു ആലയത്തിൽ

ഒരു ബാലൻ പ്രായ​മേ​റി​യ ഈ പുരു​ഷ​ന്മാ​രോ​ടു സംസാ​രി​ക്കു​ന്ന​തു കണ്ടോ? ഈ പുരു​ഷ​ന്മാർ യെരൂ​ശ​ലേം ദേവാ​ല​യ​ത്തി​ലെ ഉപദേ​ഷ്ടാ​ക്ക​ന്മാ​രാണ്‌. ബാലൻ യേശു​വും. അവൻ കുറെ​യേ​റെ വളർന്നി​രി​ക്കു​ന്നു, അല്ലേ? അവന്‌ ഇപ്പോൾ 12 വയസ്സുണ്ട്‌.

യേശു​വിന്‌ ദൈവ​ത്തെ​ക്കു​റി​ച്ചും ബൈബി​ളി​നെ​ക്കു​റി​ച്ചും ധാരാളം കാര്യങ്ങൾ അറിയാം. അവന്റെ അറിവിൽ ഉപദേ​ഷ്ടാ​ക്ക​ന്മാർ അത്ഭുത​പ്പെ​ടു​ന്നു. എന്നാൽ യോ​സേ​ഫി​നെ​യും മറിയ​യെ​യും ഇക്കൂട്ട​ത്തിൽ കാണു​ന്നി​ല്ല​ല്ലോ, അത്‌ എന്തു​കൊ​ണ്ടാണ്‌? അവർ എവി​ടെ​പ്പോ​യി? നമുക്കു കണ്ടുപി​ടി​ക്കാം.

എല്ലാ വർഷവും യോ​സേഫ്‌ പെസഹാ എന്നു വിളി​ക്ക​പ്പെ​ടു​ന്ന പ്രത്യേക ആഘോ​ഷ​ത്തി​നാ​യി തന്റെ കുടും​ബ​ത്തെ യെരൂ​ശ​ലേ​മിൽ കൊണ്ടു​വ​രാ​റുണ്ട്‌. നസറെ​ത്തിൽനിന്ന്‌ യെരൂ​ശ​ലേ​മി​ലേ​ക്കു വളരെ ദൂരമുണ്ട്‌. അന്നൊ​ന്നും ആർക്കും കാറില്ല, ട്രെയി​നു​ക​ളും ഇല്ല. മിക്കവ​രും നടക്കു​ക​യാ​ണു ചെയ്യു​ന്നത്‌, യെരൂ​ശ​ലേ​മിൽ എത്തുന്ന​തിന്‌ അവർക്ക്‌ ഏതാണ്ട്‌ മൂന്നു ദിവസം വേണ്ടി​വ​രു​ന്നു.

ഇപ്പോൾ യോ​സേ​ഫിന്‌ ഒരു വലിയ കുടും​ബ​മുണ്ട്‌. അതു​കൊണ്ട്‌ അവർക്ക്‌ യേശു​വി​ന്റെ ഇളയ സഹോ​ദ​ര​ന്മാ​രു​ടെ​യും സഹോ​ദ​രി​മാ​രു​ടെ​യും കാര്യം കൂടെ നോ​ക്കേ​ണ്ട​തുണ്ട്‌. ഈ വർഷത്തെ പെസഹാ​യിൽ സംബന്ധിച്ച ശേഷം യോ​സേ​ഫും മറിയ​യും ഇപ്പോൾ മക്കളോ​ടൊത്ത്‌ നസറെ​ത്തി​ലേ​ക്കു​ള്ള നീണ്ട മടക്കയാ​ത്ര​യി​ലാണ്‌. യേശു, കൂടെ യാത്ര ചെയ്യു​ന്ന​വ​രു​ടെ കൂട്ടത്തിൽ ഉണ്ടെന്ന്‌ അവർ വിചാ​രി​ക്കു​ന്നു. എന്നാൽ അന്നു വൈകു​ന്നേ​രം യാത്ര നിറു​ത്തു​മ്പോൾ അവർക്ക്‌ യേശു​വി​നെ കാണാ​നാ​കു​ന്നി​ല്ല. അവർ ബന്ധുക്ക​ളു​ടെ​യും പരിച​യ​ക്കാ​രു​ടെ​യു​മൊ​ക്കെ ഇടയിൽ അവനെ തിരയു​ന്നു, എന്നാൽ അവൻ അവരുടെ കൂടെ​യി​ല്ല! അതു​കൊണ്ട്‌ അവനെ അന്വേ​ഷിച്ച്‌ അവർ യെരൂ​ശ​ലേ​മി​ലേ​ക്കു മടങ്ങുന്നു.

ഒടുവിൽ അവർ യേശു​വി​നെ കണ്ടെത്തു​ന്നു. അവൻ ഇവിടെ ഉപദേ​ഷ്ടാ​ക്ക​ന്മാ​രു​ടെ അടുക്ക​ലി​രുന്ന്‌ അവരുടെ ഉപദേശം കേൾക്കു​ക​യും ചോദ്യ​ങ്ങൾ ചോദി​ക്കു​ക​യു​മാണ്‌. യേശു​വി​ന്റെ അറിവിൽ ആളുക​ളെ​ല്ലാം അത്ഭുത​പ്പെ​ടു​ന്നു. എന്നാൽ മറിയ പറയുന്നു: ‘മകനേ, നീ ഞങ്ങളോട്‌ ഇങ്ങനെ ചെയ്‌തത്‌ എന്ത്‌? നിന്റെ അപ്പനും ഞാനും നിന്നെ കാണാതെ വളരെ​യ​ധി​കം വിഷമി​ച്ചു.’

‘എന്നെ തിരഞ്ഞത്‌ എന്തിന്‌? ഞാൻ എന്റെ പിതാ​വി​ന്റെ ഭവനത്തിൽ ഇരി​ക്കേ​ണ്ട​താ​ണെ​ന്നു നിങ്ങൾക്ക്‌ അറിയി​ല്ലാ​യി​രു​ന്നോ?’ എന്ന്‌ യേശു മറുപടി പറയുന്നു.

അതേ, ദൈവ​ത്തെ​ക്കു​റി​ച്ചു പഠിക്കാൻ കഴിയു​ന്നി​ടത്ത്‌ ആയിരി​ക്കാൻ യേശു ഇഷ്ടപ്പെ​ടു​ന്നു. നമുക്കും അങ്ങനെ​ത​ന്നെ തോ​ന്നേ​ണ്ട​ത​ല്ലേ? നസറെ​ത്തിൽവെച്ച്‌ യേശു എല്ലാ ആഴ്‌ച​യി​ലും ദൈവത്തെ ആരാധി​ക്കാ​നാ​യി യോഗ​ങ്ങൾക്കു പോയി​രു​ന്നു. യോഗ​ങ്ങ​ളിൽ എല്ലായ്‌പോ​ഴും ശ്രദ്ധി​ച്ചി​രി​ക്കു​മാ​യി​രു​ന്ന​തു​കൊണ്ട്‌ ബൈബി​ളിൽനി​ന്നു വളരെ​യേ​റെ കാര്യങ്ങൾ പഠിക്കാൻ അവനു കഴിഞ്ഞു. നമുക്കും യേശു​വി​നെ​പ്പോ​ലെ ആയിരി​ക്കാം.