കഥ 90
കിണറ്റിങ്കലെ സ്ത്രീയോടുകൂടെ
യേശു ക്ഷീണം മാറ്റാനായി ശമര്യയിലെ ഒരു കിണറിനരികെ വന്നിരിക്കുകയാണ്. അവന്റെ ശിഷ്യന്മാർ ആഹാരം വാങ്ങാൻ പട്ടണത്തിലേക്കു പോയിരിക്കുന്നു. യേശു സംസാരിക്കുന്ന സ്ത്രീ വെള്ളം കോരാൻ വന്നതാണ്. ‘എനിക്ക് അൽപ്പം കുടിക്കാൻ തരേണം’ എന്ന് അവൻ അവളോടു പറയുന്നു.
ഇത് ആ സ്ത്രീയെ വളരെയേറെ ആശ്ചര്യപ്പെടുത്തുന്നു. എന്തായിരിക്കും കാരണം? യേശു ഒരു യഹൂദനും അവൾ ഒരു ശമര്യക്കാരിയും ആണ് എന്നതുതന്നെ. യഹൂദരിൽ മിക്കവർക്കും ശമര്യക്കാരെ ഇഷ്ടമല്ല. അവർ അവരോടു മിണ്ടുകപോലുമില്ല! എന്നാൽ യേശു എല്ലാത്തരം ആളുകളെയും സ്നേഹിക്കുന്നു. അതുകൊണ്ട് അവൻ ഇങ്ങനെ പറയുന്നു: ‘നിന്നോടു വെള്ളം ചോദിക്കുന്നത് ആരാണെന്നു നീ അറിഞ്ഞിരുന്നെങ്കിൽ നീ അവനോടു ചോദിക്കുകയും അവൻ ജീവൻ നൽകുന്ന വെള്ളം നിനക്കു തരുകയും ചെയ്യുമായിരുന്നു.’
‘യജമാനനേ, കിണറ് ആഴമുള്ളതാണ്. അങ്ങേക്ക് ഒരു തൊട്ടിപോലുമില്ല. അപ്പോൾപ്പിന്നെ എവിടെനിന്നാണ് അങ്ങേക്ക് ഈ ജീവദായകമായ വെള്ളം ലഭിക്കുന്നത്?’ എന്നു സ്ത്രീ പറയുന്നു.
‘ഈ കിണറ്റിലെ വെള്ളം കുടിച്ചാൽ നിനക്കു പിന്നെയും ദാഹിക്കും. എന്നാൽ ഞാൻ തരുന്ന വെള്ളത്തിന് ഒരുവനെ എന്നേക്കും ജീവിപ്പിക്കാൻ കഴിയും’ എന്ന് യേശു വിശദീകരിക്കുന്നു.
‘യജമാനനേ, ആ വെള്ളം എനിക്കു തരേണം! അപ്പോൾ പിന്നെ ഒരിക്കലും എനിക്കു ദാഹിക്കുകയില്ലല്ലോ. വെള്ളം കോരാൻ ഇവിടെ വരേണ്ടി വരികയുമില്ല’ എന്ന് സ്ത്രീ പറയുന്നു.
യേശു ശരിക്കുമുള്ള വെള്ളത്തെക്കുറിച്ചാണു പറയുന്നതെന്ന് സ്ത്രീ വിചാരിക്കുന്നു. എന്നാൽ അവൻ ദൈവത്തെയും അവന്റെ രാജ്യത്തെയും സംബന്ധിച്ച സത്യത്തെക്കുറിച്ചാണു സംസാരിക്കുന്നത്. ഈ സത്യം ജീവദായകമായ വെള്ളം പോലെയാണ്. ഒരു വ്യക്തിക്കു നിത്യജീവൻ നൽകാൻ അതിനു കഴിയും.
യേശു ഇപ്പോൾ ആ സ്ത്രീയോട് “പോയി ഭർത്താവിനെ വിളിച്ചുകൊണ്ടുവരിക” എന്നു പറയുന്നു.
‘എനിക്കു ഭർത്താവില്ല’ എന്ന് അവൾ മറുപടി പറയുന്നു.
‘നീ പറഞ്ഞതു ശരിയാണ്. എന്നാൽ നിനക്ക് അഞ്ചു ഭർത്താക്കന്മാർ ഉണ്ടായിരുന്നു, ഇപ്പോൾ നിന്റെ കൂടെ താമസിക്കുന്നവൻ നിന്റെ ഭർത്താവല്ല’ എന്ന് യേശു പറയുന്നു.
ഇതെല്ലാം സത്യമായതുകൊണ്ട് സ്ത്രീക്ക് വലിയ അത്ഭുതം തോന്നുന്നു. യേശു ഈ കാര്യങ്ങളെല്ലാം അറിഞ്ഞത് എങ്ങനെയാണ്? ദൈവം വാഗ്ദാനം ചെയ്തിരുന്നത് അനുസരിച്ച് അവൻ ഭൂമിയിലേക്ക് അയച്ചവനാണ് യേശു, അതുകൊണ്ട് ദൈവംതന്നെയാണ് അവന് ഈ വിവരങ്ങൾ വെളിപ്പെടുത്തിക്കൊടുത്തത്. ഈ സമയത്ത് യേശുവിന്റെ ശിഷ്യന്മാർ മടങ്ങിവരുന്നു. യേശു ഒരു ശമര്യസ്ത്രീയോടു സംസാരിക്കുന്നതു കണ്ട് അവർ ആശ്ചര്യപ്പെടുന്നു.
ഇതിൽനിന്നെല്ലാം നാം എന്താണു പഠിക്കുന്നത്? യേശു എല്ലാ വർഗക്കാരോടും ദയയുള്ളവനാണെന്ന് അതു കാണിക്കുന്നു. നമ്മളും അങ്ങനെ ആയിരിക്കണം. ചിലയാളുകൾ ഒരു പ്രത്യേക വർഗത്തിൽപ്പെട്ടവർ ആയതുകൊണ്ടു മാത്രം അവർ മോശക്കാരാണെന്നു നാം വിചാരിക്കരുത്. നിത്യജീവനിലേക്കു നയിക്കുന്ന സത്യം സകല ആളുകളും അറിയണമെന്ന് യേശു ആഗ്രഹിക്കുന്നു. സത്യം മനസ്സിലാക്കാൻ ആളുകളെ സഹായിക്കാൻ നാമും ആഗ്രഹിക്കേണ്ടതാണ്.