കഥ 98
ഒലീവ് മലയിൽ
ഒലീവ് മലയിൽ ഇരിക്കുന്ന യേശുവിനെയാണ് നാം ഇവിടെ കാണുന്നത്. അവന്റെ കൂടെയുള്ള നാലു പുരുഷന്മാർ അവന്റെ അപ്പൊസ്തലന്മാരാണ്. അവരിൽ രണ്ടു പേർ സഹോദരന്മാരായ അന്ത്രെയാസും പത്രൊസും ആണ്. മറ്റേ രണ്ടു പേരാകട്ടെ സഹോദരന്മാരായ യാക്കോബും യോഹന്നാനും. അവിടെ അകലെയായി കാണുന്നത് യെരൂശലേമിലെ ദേവാലയമാണ്.
യേശു കഴുതക്കുട്ടിയുടെ പുറത്തു കയറി യെരൂശലേമിലേക്കു സവാരി ചെയ്തിട്ട് രണ്ടു ദിവസം കഴിഞ്ഞിരിക്കുന്നു. ഇതു ചൊവ്വാഴ്ചയാണ്. കുറെ സമയം മുമ്പ് യേശു ആലയത്തിലായിരുന്നു. അവിടെവെച്ച് പുരോഹിതന്മാർ യേശുവിനെ പിടികൂടി കൊല്ലാൻ ശ്രമിച്ചു. എന്നാൽ ജനങ്ങൾ യേശുവിനെ ഇഷ്ടപ്പെടുന്നതുകൊണ്ട് ഇതു ചെയ്യാൻ അവർക്കു പേടിയായിരുന്നു.
‘പാമ്പുകളേ, പാമ്പുകളുടെ സന്തതികളേ!’ എന്ന് യേശു ആ മതനേതാക്കന്മാരെ വിളിച്ചു. അവർ ചെയ്തിട്ടുള്ള സകല ദുഷ്ടതയ്ക്കുമുള്ള ശിക്ഷ ദൈവം അവർക്കു നൽകുമെന്ന് അവൻ പറഞ്ഞു. അതു കഴിഞ്ഞ് യേശു ഒലീവ് മലയിൽ വന്നു; അപ്പോൾ ഈ നാല് അപ്പൊസ്തലന്മാർ വന്ന് അവനോടു ചില ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. അവർ യേശുവിനോടു ചോദിക്കുന്നത് എന്താണെന്ന് അറിയാമോ?
ഭാവിയിൽ നടക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചാണ് അപ്പൊസ്തലന്മാർ ചോദിക്കുന്നത്. യേശു ഭൂമിയിലെ സകല ദുഷ്ടതയ്ക്കും അവസാനം വരുത്തുമെന്ന് അവർക്കറിയാം. എന്നാൽ ഇത് എപ്പോൾ സംഭവിക്കുമെന്ന് അറിയാൻ അവർ ആഗ്രഹിക്കുന്നു. യേശു രാജാവായി വരുന്നത് എപ്പോഴായിരിക്കും?
താൻ രാജാവായി വരുമ്പോൾ ഭൂമിയിലുള്ള തന്റെ അനുഗാമികൾക്ക് തന്നെ കാണാൻ കഴിയില്ലെന്ന് യേശുവിന് അറിയാം. ഇതിന്റെ കാരണം അവൻ സ്വർഗത്തിൽ ആയിരിക്കുമെന്നുള്ളതാണ്. അവർക്ക് അവനെ അവിടെ കാണാൻ സാധ്യമല്ല. അതുകൊണ്ട് താൻ സ്വർഗത്തിൽ രാജാവായി ഭരിക്കുമ്പോൾ ഭൂമിയിൽ സംഭവിക്കാൻ പോകുന്ന ചില കാര്യങ്ങളെക്കുറിച്ച് യേശു തന്റെ അപ്പൊസ്തലന്മാരോടു പറയുന്നു. ഈ കാര്യങ്ങളിൽ ചിലത് ഏവയാണ്?
വലിയ യുദ്ധങ്ങൾ നടക്കുമെന്നും രോഗവും പട്ടിണിയും കുറ്റകൃത്യവും പെരുകുമെന്നും വലിയ ഭൂകമ്പങ്ങൾ ഉണ്ടാകുമെന്നും യേശു പറയുന്നു. ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്ത ഭൂമിയിലെങ്ങും പ്രസംഗിക്കപ്പെടുമെന്നും യേശു പറയുന്നു. ഈ സംഗതികൾ നമ്മുടെ കാലത്തു സംഭവിക്കുന്നതു നമുക്കു കാണാനാകുന്നില്ലേ? തീർച്ചയായും! അതുകൊണ്ട് യേശു ഇപ്പോൾ സ്വർഗത്തിൽ ഭരിച്ചുകൊണ്ടിരിക്കുകയാണെന്ന് നമുക്ക് ഉറപ്പുള്ളവരായിരിക്കാൻ കഴിയും. പെട്ടെന്നുതന്നെ അവൻ ഭൂമിയിലെ സകല ദുഷ്ടതയ്ക്കും അവസാനം വരുത്തും.