വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 100

യേശു തോട്ടത്തിൽ

യേശു തോട്ടത്തിൽ

മാളി​ക​മു​റി​യിൽനിന്ന്‌ ഇറങ്ങി യേശു​വും അപ്പൊ​സ്‌ത​ല​ന്മാ​രും ഗെത്ത്‌ശെ​മന തോട്ട​ത്തി​ലേ​ക്കു പോകു​ന്നു. അവർ ഇവിടെ മുമ്പ്‌ പല പ്രാവ​ശ്യം വന്നിട്ടുണ്ട്‌. യേശു ഇപ്പോൾ അവരോട്‌ ഉണർന്നി​രി​ക്കാ​നും പ്രാർഥി​ക്കാ​നും പറയുന്നു. എന്നിട്ട്‌ അവൻ അൽപ്പം അകലെ പോയി കവിണ്ണു​വീ​ണു പ്രാർഥി​ക്കു​ന്നു.

പിന്നീട്‌ യേശു തന്റെ അപ്പൊ​സ്‌ത​ല​ന്മാർ ഇരിക്കു​ന്നി​ട​ത്തേ​ക്കു തിരിച്ചു വരുന്നു. അപ്പോൾ അവർ എന്തു ചെയ്യു​ന്ന​താണ്‌ അവൻ കാണു​ന്നത്‌? അവർ ഉറക്കമാണ്‌! ഉണർന്നി​രി​ക്ക​ണ​മെന്ന്‌ യേശു മൂന്നു പ്രാവ​ശ്യം അവരോ​ടു പറയുന്നു, പക്ഷേ ഓരോ പ്രാവ​ശ്യം മടങ്ങി​വ​രു​മ്പോ​ഴും അവർ ഉറങ്ങു​ന്ന​താ​യി അവൻ കാണുന്നു. ‘ഇങ്ങനെ​യു​ള്ള ഒരു സമയത്ത്‌ നിങ്ങൾക്ക്‌ എങ്ങനെ ഉറങ്ങാൻ കഴിയും?’ എന്ന്‌ അവസാ​ന​ത്തെ പ്രാവ​ശ്യം തിരി​ച്ചു​വ​രു​മ്പോൾ യേശു ചോദി​ക്കു​ന്നു. ‘ഞാൻ എന്റെ ശത്രു​ക്ക​ളു​ടെ കയ്യിൽ ഏൽപ്പി​ക്ക​പ്പെ​ടാ​നു​ള്ള സമയം വന്നിരി​ക്കു​ന്നു.’

ഇതു പറഞ്ഞു തീർന്നില്ല, അതിനു മുമ്പേ വലി​യൊ​രു ജനക്കൂ​ട്ട​ത്തി​ന്റെ ശബ്ദം കേൾക്കാ​നാ​കു​ന്നു. നോക്കൂ! ആളുകൾ വാളു​ക​ളും വടിക​ളു​മാ​യി വരിക​യാണ്‌! അവർ വെളി​ച്ച​ത്തി​നാ​യി പന്തങ്ങളും പിടി​ച്ചി​ട്ടുണ്ട്‌. അവർ അടുത്തു​വ​രു​മ്പോൾ ആരോ ഒരാൾ ജനക്കൂ​ട്ട​ത്തി​ന്റെ ഇടയിൽനിന്ന്‌ യേശു​വി​ന്റെ അടുക്ക​ലേ​ക്കു വരുന്നു. ഇവിടെ കാണാൻ കഴിയു​ന്ന​തു​പോ​ലെ അവൻ വന്ന്‌ യേശു​വി​നെ ചുംബി​ക്കു​ന്നു. ആ മനുഷ്യൻ യൂദാ ഈസ്‌ക​ര്യോ​ത്താ ആണ്‌! അവൻ യേശു​വി​നെ ചുംബി​ക്കു​ന്നത്‌ എന്തിനാണ്‌?

യേശു ചോദി​ക്കു​ന്നു: ‘യൂദായേ, നീ ചുംബ​നം​കൊണ്ട്‌ എന്നെ ഒറ്റി​ക്കൊ​ടു​ക്കു​ക​യാ​ണോ?’ അതേ, ആ ചുംബനം ഒരു അടയാ​ള​മാണ്‌. ഇതാണ്‌ തങ്ങൾ അന്വേ​ഷി​ക്കു​ന്ന മനുഷ്യ​നാ​യ യേശു എന്ന്‌ യൂദാ​യു​ടെ കൂടെ​യു​ള്ള ആളുകളെ അറിയി​ക്കാ​നാണ്‌ അത്‌. അതു​കൊണ്ട്‌ യേശു​വി​ന്റെ ശത്രുക്കൾ അവനെ പിടി​കൂ​ടാ​നാ​യി മുമ്പോ​ട്ടു വരുന്നു. എന്നാൽ യേശു​വി​നെ അങ്ങനെ​യ​ങ്ങു വിട്ടു​കൊ​ടു​ക്കാൻ പത്രൊസ്‌ തയ്യാറല്ല. അവൻ തന്റെ വാൾ ഊരി അടുത്തു നിൽക്കുന്ന മനുഷ്യ​നെ വെട്ടുന്നു. ആ വാൾ ആ മനുഷ്യ​ന്റെ തലയിൽ കൊള്ളു​ന്നി​ല്ല, പക്ഷേ അയാളു​ടെ വലത്തെ ചെവി വെട്ടി​വീ​ഴ്‌ത്തു​ന്നു. എന്നാൽ യേശു ആ മനുഷ്യ​ന്റെ ചെവി തൊട്ട്‌ അയാളെ സുഖ​പ്പെ​ടു​ത്തു​ന്നു.

യേശു പത്രൊ​സി​നോട്‌ പറയുന്നു: ‘നിന്റെ വാൾ അതിന്റെ സ്ഥലത്ത്‌ തിരി​ച്ചു​വെ​ക്കു​ക. എനിക്കു വേണ​മെ​ങ്കിൽ എന്റെ പിതാ​വി​നോട്‌ എന്നെ രക്ഷിക്കു​ന്ന​തിന്‌ ആയിര​ക്ക​ണ​ക്കി​നു ദൂതന്മാ​രെ അയയ്‌ക്കാൻ അപേക്ഷി​ക്കാൻ കഴിയു​മെ​ന്നു നീ വിചാ​രി​ക്കു​ന്നി​ല്ലേ?’ അതേ, അവന്‌ അതു ചെയ്യാൻ കഴിയും! എങ്കിലും യേശു ദൂതന്മാ​രെ അയയ്‌ക്കാൻ ദൈവ​ത്തോട്‌ അപേക്ഷി​ക്കു​ന്നി​ല്ല, എന്തു​കൊ​ണ്ടെ​ന്നാൽ തന്നെ ശത്രുക്കൾ പിടി​ക്കാ​നു​ള്ള സമയം വന്നിരി​ക്കു​ന്നെന്ന്‌ അവനറി​യാം. അതു​കൊണ്ട്‌ തന്നെ പിടി​ച്ചു​കൊ​ണ്ടു​പോ​കാൻ അവൻ അവരെ അനുവ​ദി​ക്കു​ന്നു. യേശു​വിന്‌ ഇപ്പോൾ എന്തു സംഭവി​ക്കു​ന്നെന്ന്‌ നമുക്കു നോക്കാം.