വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 92

യേശു മരിച്ചവരെ ഉയിർപ്പിക്കുന്നു

യേശു മരിച്ചവരെ ഉയിർപ്പിക്കുന്നു

ഇവിടെ കാണുന്ന ഈ പെൺകു​ട്ടിക്ക്‌ 12 വയസ്സുണ്ട്‌. യേശു അവളുടെ കൈയിൽ പിടി​ച്ചി​രി​ക്കു​ന്നു, അവളുടെ അപ്പനും അമ്മയും അടുത്തു​ത​ന്നെ നിൽപ്പുണ്ട്‌. അവർ ഇത്രയ​ധി​കം സന്തോ​ഷ​മു​ള്ള​വർ ആയിരി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ അറിയാ​മോ? നമുക്കു കണ്ടുപി​ടി​ക്കാം.

ആ പെൺകു​ട്ടി​യു​ടെ അപ്പൻ യായീ​റൊസ്‌ എന്നു പേരുള്ള ഒരു പ്രധാന മനുഷ്യ​നാണ്‌. ഒരു ദിവസം അയാളു​ടെ മകൾ രോഗം പിടി​പെട്ട്‌ കിടപ്പി​ലാ​കു​ന്നു. അവളുടെ അസുഖം ഒട്ടും കുറയു​ന്നി​ല്ല, അത്‌ ഒന്നി​നൊ​ന്നു വഷളാ​കു​ക​യാണ്‌. യായീ​റൊ​സി​നും ഭാര്യ​ക്കും വളരെ മനഃ​പ്ര​യാ​സ​മാ​കു​ന്നു. കാരണം അവരുടെ കുട്ടി മരിച്ചു​പോ​കു​മെന്ന നിലയി​ലാ​യി​രി​ക്കു​ക​യാണ്‌. അവർക്ക്‌ ആ ഒരു മകൾ മാത്ര​മേ​യു​ള്ളൂ. അതു​കൊണ്ട്‌ യായീ​റൊസ്‌ യേശു​വി​നെ അന്വേ​ഷി​ച്ചു പോകു​ന്നു. യേശു ചെയ്യുന്ന അത്ഭുത​ങ്ങ​ളെ​ക്കു​റിച്ച്‌ അയാൾ കേട്ടി​ട്ടുണ്ട്‌.

യായീ​റൊസ്‌ യേശു​വി​നെ കണ്ടെത്തു​മ്പോൾ ഒരു വലിയ ജനക്കൂട്ടം അവനു ചുറ്റു​മുണ്ട്‌. എങ്കിലും അയാൾ ആൾക്കൂ​ട്ട​ത്തി​നി​ട​യി​ലൂ​ടെ കടന്നു​ചെന്ന്‌ യേശു​വി​ന്റെ കാൽക്കൽ വീഴുന്നു. ‘എന്റെ മകൾ തീരെ സുഖമി​ല്ലാ​തെ കിടപ്പി​ലാണ്‌’ എന്ന്‌ അയാൾ പറയുന്നു. ‘ദയവായി, അങ്ങു വന്ന്‌ അവളെ സുഖ​പ്പെ​ടു​ത്തേ​ണ​മേ,’ അയാൾ യാചി​ക്കു​ന്നു. വരാ​മെന്ന്‌ യേശു പറയുന്നു.

അവർ നടന്നു​പോ​കു​മ്പോൾ യേശു​വി​ന്റെ അടു​ത്തെ​ത്താ​നാ​യി ആൾക്കൂട്ടം തിക്കി​ക്കൊ​ണ്ടി​രി​ക്കു​ന്നു. പെട്ടെന്ന്‌ യേശു നിൽക്കു​ന്നു. ‘ആരാണ്‌ എന്നെ തൊട്ടത്‌?’ എന്ന്‌ അവൻ ചോദി​ക്കു​ന്നു. തന്നിൽനി​ന്നു ശക്തി പുറ​പ്പെ​ട്ട​താ​യി യേശു​വിന്‌ അനുഭ​വ​പ്പെ​ട്ടു. അതു​കൊണ്ട്‌ ആരോ തന്നെ തൊട്ടി​ട്ടുണ്ട്‌ എന്ന്‌ അവനു മനസ്സി​ലാ​കു​ന്നു. എന്നാൽ ആരാണ്‌? 12 വർഷമാ​യി തീരെ സുഖമി​ല്ലാ​തി​രു​ന്ന ഒരു സ്‌ത്രീ​യാണ്‌ അത്‌. അവൾ വന്ന്‌ യേശു​വി​ന്റെ വസ്‌ത്ര​ത്തിൽ തൊട്ടു, അവളുടെ രോഗം മാറു​ക​യും ചെയ്‌തു!

ഇതു കേൾക്കു​മ്പോൾ യായീ​റൊ​സിന്‌ ആശ്വാസം തോന്നു​ന്നു, കാരണം യേശു​വിന്‌ ഒരാളെ എത്ര എളുപ്പ​ത്തിൽ സുഖ​പ്പെ​ടു​ത്താൻ കഴിയു​മെന്ന്‌ അവൻ കാണുന്നു. എന്നാൽ അപ്പോൾ ഒരാൾ വന്നു യായീ​റൊ​സി​നോ​ടു പറയുന്നു: ‘യേശു​വി​നെ ഇനി ബുദ്ധി​മു​ട്ടി​ക്കേ​ണ്ടാ. നിന്റെ മകൾ മരിച്ചു​പോ​യി.’ യേശു ഇത്‌ കേൾക്കു​മ്പോൾ യായീ​റൊ​സി​നോട്‌ ‘വിഷമി​ക്കേണ്ട, അവൾ രക്ഷപ്പെ​ടും’ എന്നു പറയുന്നു.

ഒടുവിൽ അവർ യായീ​റൊ​സി​ന്റെ വീട്ടിൽ എത്തുന്നു. ആളുക​ളെ​ല്ലാം വളരെ സങ്കട​പ്പെ​ട്ടു കരയു​ക​യാണ്‌. എന്നാൽ യേശു ഇങ്ങനെ പറയുന്നു: ‘കരയേണ്ട, കുട്ടി മരിച്ചി​ട്ടി​ല്ല. അവൾ ഉറങ്ങു​ക​യാണ്‌.’ എന്നാൽ അവൾ മരിച്ചു​പോ​യെന്ന്‌ അറിയാ​വു​ന്ന​തു​കൊണ്ട്‌ അവർ യേശു​വി​നെ കളിയാ​ക്കി ചിരി​ക്കു​ന്നു.

യേശു അപ്പോൾ പെൺകു​ട്ടി​യു​ടെ അമ്മയപ്പ​ന്മാ​രെ​യും തന്റെ അപ്പൊ​സ്‌ത​ല​ന്മാ​രിൽ മൂന്നു പേരെ​യും കൂട്ടി​ക്കൊണ്ട്‌ കുട്ടി കിടക്കുന്ന മുറി​യി​ലേ​ക്കു ചെല്ലുന്നു. യേശു അവളുടെ കൈക്കു പിടിച്ച്‌ ‘എഴു​ന്നേൽക്ക!’ എന്നു പറയുന്നു. അപ്പോൾ ഇവിടെ കാണു​ന്ന​തു​പോ​ലെ അവൾ ജീവനി​ലേ​ക്കു വരുന്നു. അവൾ എഴു​ന്നേ​റ്റു നടക്കുന്നു! അതു​കൊ​ണ്ടാണ്‌ അവളുടെ അമ്മയും അപ്പനും വളരെ​യേ​റെ സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കു​ന്നത്‌.

യേശു മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പി​ച്ച ആദ്യത്തെ ആളല്ല ഇത്‌. ബൈബിൾ പറയു​ന്ന​ത​നു​സ​രിച്ച്‌, അവൻ ആദ്യം ഉയിർപ്പി​ച്ചത്‌ നയിൻ പട്ടണത്തിൽ പാർക്കുന്ന ഒരു വിധവ​യു​ടെ മകനെ​യാണ്‌. പിന്നീട്‌, യേശു മറിയ​യു​ടെ​യും മാർത്ത​യു​ടെ​യും സഹോ​ദ​ര​നാ​യ ലാസറി​നെ​യും മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പി​ച്ചു. യേശു ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വാ​യി ഭൂമി​മേൽ ഭരണം നടത്തു​മ്പോൾ മരിച്ചു​പോ​യ അനേക​മ​നേ​കം ആളുകളെ ജീവനി​ലേ​ക്കു തിരികെ കൊണ്ടു​വ​രും. അത്‌ നമുക്കു സന്തോഷം തരുന്ന കാര്യ​മ​ല്ലേ?