വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 93

യേശു അനേകർക്ക്‌ ആഹാരം നൽകുന്നു

യേശു അനേകർക്ക്‌ ആഹാരം നൽകുന്നു

ഒരു ഭയങ്കര സംഭവം നടന്നി​രി​ക്കു​ക​യാണ്‌. യോഹ​ന്നാൻ സ്‌നാ​പ​കൻ കൊല്ല​പ്പെ​ട്ടു. രാജാ​വി​ന്റെ ഭാര്യ​യാ​യ ഹെരോ​ദ്യക്ക്‌ അവനെ ഒട്ടും ഇഷ്ടമി​ല്ലാ​യി​രു​ന്നു. എങ്ങനെ​യും അവനെ കൊന്നു​ക​ള​യ​ണം, അതായി​രു​ന്നു അവളുടെ ആഗ്രഹം. അവസാനം അവൾ ആ ആഗ്രഹം സാധി​ച്ചെ​ടു​ക്കു​ന്നു, യോഹ​ന്നാ​ന്റെ തല വെട്ടാൻ രാജാവ്‌ കൽപ്പി​ക്കു​ന്നു.

യോഹ​ന്നാൻ സ്‌നാ​പ​ക​ന്റെ മരണ​ത്തെ​ക്കു​റി​ച്ചു കേൾക്കു​മ്പോൾ യേശു​വി​നു വളരെ സങ്കടം തോന്നു​ന്നു. അൽപ്പ​നേ​രം തനിയെ ഇരിക്ക​ണ​മെ​ന്നു വിചാ​രിച്ച്‌ ആരുമി​ല്ലാ​ത്ത ഒരു സ്ഥലത്തേക്ക്‌ അവൻ പോകു​ന്നു. എന്നാൽ ആളുകൾ അവനെ വെറുതെ വിടു​ന്നി​ല്ല, അവർ അവന്റെ പിന്നാലെ ചെല്ലുന്നു. ജനക്കൂ​ട്ട​ത്തെ കാണു​മ്പോൾ യേശു​വിന്‌ അവരോ​ടു സഹതാപം തോന്നു​ന്നു. അതു​കൊണ്ട്‌ അവൻ അവരോ​ടു ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചു സംസാ​രി​ക്കു​ക​യും അവരുടെ ഇടയിലെ രോഗി​ക​ളെ സുഖ​പ്പെ​ടു​ത്തു​ക​യും ചെയ്യുന്നു.

വൈകു​ന്നേ​രം ആയപ്പോൾ ശിഷ്യ​ന്മാർ അവന്റെ അടുക്കൽ വന്ന്‌ ഇങ്ങനെ പറയുന്നു: ‘ഇപ്പോൾത്ത​ന്നെ വളരെ വൈകി​യി​രി​ക്കു​ന്നു; ഇതാ​ണെ​ങ്കിൽ വളരെ ഒറ്റപ്പെട്ട ഒരു സ്ഥലവു​മാ​ണ​ല്ലോ. ആളുകൾ അടുത്തുള്ള ഗ്രാമ​ങ്ങ​ളിൽ പോയി ഭക്ഷണം വാങ്ങേ​ണ്ട​തിന്‌ അവരെ പറഞ്ഞയ​യ്‌ക്കേ​ണം.’

‘അവർ പോകേണ്ട ആവശ്യ​മി​ല്ല. നിങ്ങൾ അവർക്ക്‌ എന്തെങ്കി​ലും ഭക്ഷിക്കാൻ കൊടു​പ്പിൻ’ എന്ന്‌ യേശു ഉത്തരം പറയുന്നു. ഫിലി​പ്പൊ​സി​ന്റെ നേർക്കു തിരിഞ്ഞ്‌ യേശു ചോദി​ക്കു​ന്നു: ‘ഈ ആളുകൾക്കെ​ല്ലാം കൊടു​ക്കാൻ ആവശ്യ​മാ​യ ഭക്ഷണം നമുക്ക്‌ എവി​ടെ​നി​ന്നു വാങ്ങാൻ കഴിയും?’

‘ഓരോ​രു​ത്തർക്കും കുറേശ്ശെ ആഹാരം കൊടു​ക്ക​ണ​മെ​ങ്കിൽപ്പോ​ലും വളരെ​യ​ധി​കം പണം വേണ്ടി​വ​രും’ എന്നു ഫിലി​പ്പൊസ്‌ ഉത്തരം പറയുന്നു. അന്ത്രെ​യാസ്‌ അപ്പോൾ പറയുന്നു: ‘ഈ ബാലന്റെ കയ്യിൽ അഞ്ചപ്പവും രണ്ടു മീനു​മുണ്ട്‌. എന്നാൽ ഇത്രയു​മാ​ളു​കൾക്ക്‌ അതു മതിയാ​കി​ല്ല​ല്ലോ.’

‘ജനത്തോട്‌ പുൽപ്പു​റത്ത്‌ ഇരിക്കാൻ പറയു​വിൻ’ എന്ന്‌ യേശു പറയുന്നു. അതിനു​ശേ​ഷം അവൻ ഭക്ഷണത്തി​നാ​യി ദൈവ​ത്തി​നു നന്ദി നൽകി​യ​ശേ​ഷം അതു നുറു​ക്കാൻ തുടങ്ങു​ന്നു. അടുത്ത​താ​യി ശിഷ്യ​ന്മാർ അപ്പവും മീനും സകല ആളുകൾക്കും കൊടു​ക്കു​ന്നു. അവിടെ 5,000 പുരു​ഷ​ന്മാ​രും വേറെ ആയിര​ക്ക​ണ​ക്കി​നു സ്‌ത്രീ​ക​ളും കുട്ടി​ക​ളു​മുണ്ട്‌. അവരെ​ല്ലാം വയറു നിറയു​വോ​ളം ഭക്ഷിക്കു​ന്നു. ബാക്കി വരുന്നത്‌ ശിഷ്യ​ന്മാർ ശേഖരി​ക്കു​മ്പോൾ അത്‌ 12 കൊട്ടകൾ നിറയെ ഉണ്ട്‌!

യേശു ഇപ്പോൾ ശിഷ്യ​ന്മാ​രോട്‌ വള്ളത്തിൽ കയറി ഗലീലാ​ക്ക​ട​ലി​ന്റെ മറുക​ര​യി​ലേ​ക്കു പോകാൻ പറയുന്നു. രാത്രി​യിൽ ഒരു കൊടു​ങ്കാറ്റ്‌ അടിക്കു​ന്നു; തിരമാ​ല​കൾ വള്ളത്തെ അങ്ങോ​ട്ടു​മി​ങ്ങോ​ട്ടും ഉലയ്‌ക്കു​ക​യാണ്‌. ശിഷ്യ​ന്മാർ വല്ലാതെ പേടി​ക്കു​ന്നു. അങ്ങനെ​യി​രി​ക്കെ ആ പാതി​രാ​ത്രി സമയത്ത്‌ ആരോ തങ്ങളുടെ നേരെ വെള്ളത്തി​ന്റെ മുകളി​ലൂ​ടെ നടന്നു വരുന്നത്‌ അവർ കാണുന്നു. തങ്ങൾ കാണു​ന്നത്‌ എന്താ​ണെ​ന്നു മനസ്സി​ലാ​കാ​ത്ത​തു​കൊണ്ട്‌ അവർ പേടിച്ചു നിലവി​ളി​ക്കു​ന്നു.

‘പേടി​ക്കേണ്ട, ഇതു ഞാനാണ്‌!’ എന്ന്‌ യേശു പറയുന്നു. എന്നിട്ടും അവർക്കു വിശ്വാ​സം വരുന്നില്ല. അതു​കൊണ്ട്‌ പത്രൊസ്‌ പറയുന്നു: ‘കർത്താവേ, ഇതു വാസ്‌ത​വ​ത്തിൽ നീ തന്നെയാ​ണെ​ങ്കിൽ ഞാൻ വെള്ളത്തി​ന്മേൽ നടന്നു നിന്റെ അടുക്കൽ വരാൻ പറയേണം.’ ഉത്തരമാ​യി യേശു, ‘വരിക!’ എന്നു പറയുന്നു. അപ്പോൾ പത്രൊസ്‌ വള്ളത്തിൽ നിന്നി​റ​ങ്ങി വെള്ളത്തി​ന്റെ മുകളി​ലൂ​ടെ നടക്കുന്നു! പക്ഷേ പെട്ടെന്ന്‌, അവനു പേടി തോന്നു​ക​യും അവൻ മുങ്ങാൻ തുടങ്ങു​ക​യും ചെയ്യുന്നു. എന്നാൽ യേശു അവനെ രക്ഷിക്കു​ന്നു.

പിന്നീട്‌ യേശു വീണ്ടും ആയിര​ങ്ങൾക്ക്‌ ആഹാരം നൽകുന്നു. ഈ പ്രാവ​ശ്യം അവൻ ഏഴ്‌ അപ്പവും ചെറിയ കുറച്ചു മീനും ഉപയോ​ഗി​ച്ചാണ്‌ അങ്ങനെ ചെയ്യു​ന്നത്‌. എല്ലാവർക്കും ഇത്തവണ​യും ഇഷ്ടം​പോ​ലെ ലഭിക്കു​ന്നു. യേശു ആളുകളെ പരിപാ​ലി​ക്കു​ന്ന വിധം അത്ഭുത​ക​ര​മ​ല്ലേ? അവൻ ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വാ​യി ഭൂമി​മേൽ ഭരണം നടത്തു​മ്പോൾ നമുക്കു യാതൊ​ന്നി​നെ​ക്കു​റി​ച്ചും ഓർത്തു വിഷമി​ക്കേ​ണ്ടി​വ​രി​ല്ല!