കഥ 105
യെരൂശലേമിൽ കാത്തിരിക്കുന്നു
ഇവർ യേശുവിന്റെ ശിഷ്യന്മാരാണ്. അവൻ പറഞ്ഞതനുസരിച്ച് അവർ യെരൂശലേമിൽത്തന്നെ കഴിയുകയാണ്. അവരെല്ലാം കാത്തിരിക്കെ, വീട്ടിനുള്ളിൽ ഉച്ചത്തിലുള്ള ഒരു ശബ്ദം കേൾക്കുന്നു. ശക്തിയായി കാറ്റടിക്കുമ്പോൾ ഉണ്ടാകുന്നതുപോലുള്ള ഒരു ശബ്ദമാണ് അത്. പെട്ടെന്നതാ, ശിഷ്യന്മാരുടെ ഓരോരുത്തരുടെയും തലയ്ക്കു മുകളിൽ തീനാളങ്ങൾ പ്രത്യക്ഷപ്പെടുന്നു! ഈ ചിത്രത്തിൽ അതു കാണാൻ കഴിയുന്നില്ലേ? എന്താണ് ഇതിന്റെയെല്ലാം അർഥം?
അതൊരു അത്ഭുതമാണ്! ഇപ്പോൾ പിതാവിനോടൊപ്പം സ്വർഗത്തിൽ ആയിരിക്കുന്ന യേശു തന്റെ ശിഷ്യന്മാരുടെമേൽ ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ പകരുകയാണ്. ആത്മാവ് അവരുടെമേൽ വരുമ്പോൾ അവർ എന്തു ചെയ്യുന്നെന്നോ? അവരെല്ലാം വ്യത്യസ്ത ഭാഷകളിൽ സംസാരിച്ചു തുടങ്ങുന്നു.
യെരൂശലേമിൽ ഉണ്ടായിരുന്ന പല ആളുകളും വലിയ കാറ്റിന്റേതുപോലുള്ള ആ ശബ്ദം കേൾക്കുന്നു, എന്താണു സംഭവിക്കുന്നത് എന്നു കാണാൻ അവർ അങ്ങോട്ടു വരുന്നു. ആ ആളുകളിൽ ചിലർ യെരൂശലേമിലെ പെന്തെക്കൊസ്തു പെരുന്നാളിൽ പങ്കെടുക്കാൻ മറ്റു രാജ്യങ്ങളിൽനിന്നു വന്നിട്ടുള്ളവരാണ്. എത്ര വലിയ ഒരു അത്ഭുതമാണ് അവർ അവിടെ കാണുന്നത്! ദൈവം ചെയ്തിരിക്കുന്ന അത്ഭുതകരമായ കാര്യങ്ങളെക്കുറിച്ച് തങ്ങളുടെ ഓരോരുത്തരുടെയും ഭാഷയിൽ ശിഷ്യന്മാർ സംസാരിക്കുന്നത് അവർ കേൾക്കുന്നു.
‘ഇവരെല്ലാം ഗലീലക്കാരാണല്ലോ, പിന്നെ പല രാജ്യക്കാരായ നമ്മുടെ ഓരോരുത്തരുടെയും ഭാഷയിൽ സംസാരിക്കാൻ ഇവർക്ക് എങ്ങനെ കഴിയുന്നു?’ എന്ന് അവർ പരസ്പരം ചോദിക്കുന്നു.
അപ്പോൾ പത്രൊസ് എഴുന്നേറ്റുനിന്ന് എല്ലാവരും കേൾക്കെ കാര്യങ്ങൾ വിശദീകരിക്കുന്നു. യഹൂദന്മാർ യേശുവിനെ കൊലപ്പെടുത്തിയതിനെക്കുറിച്ചും മരിച്ചവരുടെ ഇടയിൽനിന്ന് ദൈവം അവനെ ഉയിർപ്പിച്ചതിനെക്കുറിച്ചും അവൻ അവരോടു പറയുന്നു. ‘യേശു ഇപ്പോൾ സ്വർഗത്തിൽ പിതാവിന്റെ വലതു ഭാഗത്ത് ഉണ്ട്,’ അവൻ പറയുന്നു. ‘വാഗ്ദാനംചെയ്തതുപോലെ അവൻ പരിശുദ്ധാത്മാവിനെ നൽകിയിരിക്കുന്നു. അതുകൊണ്ടാണ് നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്ന ഈ അത്ഭുതങ്ങൾ സംഭവിക്കുന്നത്.’
പത്രൊസ് ഈ കാര്യങ്ങളെക്കുറിച്ചു പറയുമ്പോൾ യേശുവിനോടു ചെയ്ത കാര്യങ്ങൾ സംബന്ധിച്ച് ആളുകളിൽ പലർക്കും വിഷമം തോന്നുന്നു. ‘ഞങ്ങൾ എന്താണു ചെയ്യേണ്ടത്?’ അവർ ചോദിക്കുന്നു. പത്രൊസ് അവരോടു പറയുന്നു: ‘നിങ്ങൾ നിങ്ങളുടെ വഴികൾക്കു മാറ്റം വരുത്തി സ്നാപനമേൽക്കുക.’ ആ ഒരൊറ്റ ദിവസം ഏകദേശം 3,000 പേർ സ്നാപനമേറ്റ് യേശുവിന്റെ അനുഗാമികളായിത്തീരുന്നു.