കഥ 112
ഒരു ദ്വീപിനടുത്തുവെച്ച് കപ്പൽ തകരുന്നു
നോക്കൂ! ആ കപ്പൽ അപകടത്തിൽപ്പെട്ടിരിക്കുകയാണ്! അത് തകരുകയാണല്ലോ! വെള്ളത്തിലേക്ക് എടുത്തുചാടിയ ആളുകളെ കണ്ടോ? ചിലർ നീന്തി കരപറ്റിയിരിക്കുന്നു. ആ നടന്നുവരുന്നത് പൗലൊസ് അല്ലേ? അവന് എന്താണു സംഭവിക്കുന്നതെന്ന് നമുക്കു നോക്കാം.
രണ്ടു വർഷം പൗലൊസ് കൈസര്യയിൽ തടവുകാരനായിരുന്നു എന്നത് ഓർക്കുക. പിന്നീട് അവനെയും മറ്റു ചില തടവുകാരെയും ഒരു കപ്പലിൽ കയറ്റി റോമിലേക്കു കൊണ്ടുപോകുന്നു. അവർ ക്രേത്ത ദ്വീപിനടുത്തുകൂടി കടന്നുപോകുമ്പോൾ കപ്പൽ ഭയങ്കരമായ ഒരു കൊടുങ്കാറ്റിൽപ്പെടുന്നു. കപ്പൽ ജോലിക്കാർക്ക് ശരിയായ ദിശയിൽ കപ്പൽ കൊണ്ടുപോകാൻ കഴിയുന്നില്ല, അതു കാറ്റത്ത് ആടി ഉലയുകയാണ്. പകൽ സൂര്യനെയോ രാത്രിയിൽ നക്ഷത്രങ്ങളെയോ കാണാൻ അവർക്കു സാധിക്കുന്നില്ല. ഇങ്ങനെ കുറെ ദിവസം കഴിയുമ്പോൾ കപ്പലിലുള്ളവർക്ക് തങ്ങൾ രക്ഷപ്പെടുമെന്ന സകല പ്രതീക്ഷയും നശിക്കുന്നു.
അപ്പോൾ പൗലൊസ് എഴുന്നേറ്റു നിന്നുകൊണ്ട് ഇങ്ങനെ പറയുന്നു: ‘നിങ്ങളിൽ ആരും മരിക്കുകയില്ല. കപ്പൽ മാത്രമേ നശിക്കുകയുള്ളൂ. എന്തുകൊണ്ടെന്നാൽ കഴിഞ്ഞ രാത്രിയിൽ ഒരു ദൂതൻ പ്രത്യക്ഷപ്പെട്ട് എന്നോട് ഇങ്ങനെ പറഞ്ഞു: “പൗലൊസേ, പേടിക്കേണ്ട! നീ റോമൻ ഭരണാധികാരിയായ കൈസരുടെ മുമ്പാകെ നിൽക്കേണ്ടതാകുന്നു. നിന്നോടൊപ്പം യാത്ര ചെയ്യുന്ന എല്ലാവരെയും ദൈവം രക്ഷിക്കും.”’
കൊടുങ്കാറ്റ് തുടങ്ങിയതിന്റെ 14-ാം ദിവസം പാതിരാത്രി ആയപ്പോഴേക്കും വെള്ളത്തിന്റെ ആഴം കുറഞ്ഞുവരുന്നത് കപ്പൽ ജോലിക്കാർ ശ്രദ്ധിക്കുന്നു. ഇരുട്ടത്ത് പാറക്കെട്ടിലോ മറ്റോ ഇടിച്ചു തകർന്നേക്കുമെന്നു കരുതി അവർ കപ്പൽ നിറുത്തിയിടുന്നു. അടുത്ത ദിവസം രാവിലെ അവർ ഒരു ഉൾക്കടൽ കാണുന്നു. അതിന്റെ തീരത്തേക്ക് കപ്പൽ അടുപ്പിക്കാൻ അവർ തീരുമാനിക്കുന്നു.
അവർ തീരത്തോട് അടുക്കുമ്പോൾ കപ്പൽ ഒരു മണൽത്തിട്ടയിൽത്തട്ടി അവിടെ ഉറയ്ക്കുന്നു. തിരമാലകൾ അതിന്മേൽ ആഞ്ഞടിക്കുകയാണ്. കപ്പൽ തകരുന്നു. പടയാളികളുടെ തലവൻ വിളിച്ചുപറയുന്നു: ‘നിങ്ങളിൽ നീന്തൽ അറിയാവുന്നവരെല്ലാം ആദ്യം കടലിലേക്കു ചാടി നീന്തി കരപറ്റുക. ബാക്കിയുള്ളവർ പിന്നാലെ ചാടി കപ്പലിൽനിന്നു പൊളിഞ്ഞുവീണ പലകക്കഷണങ്ങളിലോ മറ്റോ പിടിച്ചു കിടക്കുക.’ അവർ അപ്രകാരം ചെയ്യുന്നു. അങ്ങനെ കപ്പലിൽ ഉണ്ടായിരുന്ന 276 പേരും ദൂതൻ ഉറപ്പു നൽകിയതുപോലെ കുഴപ്പമൊന്നും കൂടാതെ തീരത്ത് എത്തുന്നു.
ആ ദ്വീപിന്റെ പേര് മെലിത്ത എന്നാണ്. അവിടത്തെ ആളുകൾ വളരെ ദയയുള്ളവരാണ്. തകർന്ന കപ്പലിൽ ഉണ്ടായിരുന്നവരെ അവർ സഹായിക്കുന്നു. കാലാവസ്ഥ ശാന്തമായപ്പോൾ പൗലൊസിനെ മറ്റൊരു കപ്പലിൽ കയറ്റി റോമിലേക്കു കൊണ്ടുപോകുന്നു.