കഥ 110
തിമൊഥെയൊസ്—പൗലോസിന്റെ പുതിയ സഹായി
അപ്പൊസ്തലനായ പൗലൊസിന്റെ കൂടെയുള്ള ആ ചെറുപ്പക്കാരൻ തിമൊഥെയൊസ് ആണ്. തന്റെ കുടുംബാംഗങ്ങളോടൊപ്പം ലുസ്ത്രയിലാണ് അവൻ താമസിക്കുന്നത്. അവന്റെ അമ്മയുടെ പേര് യൂനിക്ക എന്നും വല്യമ്മയുടെ പേര് ലോവിസ് എന്നുമാണ്.
പൗലൊസ് ലുസ്ത്രയിൽ വരുന്നത് ഇതു മൂന്നാം തവണയാണ്. ഏകദേശം ഒരു വർഷം മുമ്പാണ് പൗലൊസ് ബർന്നബാസിനെയും കൂട്ടി ആദ്യത്തെ പ്രസംഗ പര്യടനത്തിന് ഇവിടെ വന്നത്. ഇപ്പോൾ പൗലൊസ് വീണ്ടും മടങ്ങിവന്നിരിക്കുകയാണ്, ഇത്തവണ കൂട്ടുകാരനായ ശീലാസാണ് കൂടെയുള്ളത്.
പൗലൊസ് തിമൊഥെയൊസിനോട് എന്താണു പറയുന്നത് എന്ന് ഊഹിക്കാമോ? ‘എന്റെയും ശീലാസിന്റെയും കൂടെ പോരാൻ നിനക്ക് ഇഷ്ടമാണോ?’ അവൻ ചോദിക്കുന്നു. ‘ദൂരദേശങ്ങളിലുള്ള ആളുകളോടു പ്രസംഗിക്കുന്നതിന് നിന്റെ സഹായം ഉണ്ടെങ്കിൽ നന്നായിരുന്നു.’
‘എനിക്കു വരാൻ ഇഷ്ടമാണ്,’ തിമൊഥെയൊസ് പറയുന്നു. പെട്ടെന്നുതന്നെ അവൻ വീടുവിട്ട് പൗലൊസിന്റെയും ശീലാസിന്റെയും കൂടെ പോകുന്നു. എന്നാൽ അവരുടെ യാത്രയെക്കുറിച്ചു പഠിക്കുന്നതിനുമുമ്പ്, പൗലൊസ് ഇത്രയും കാലം എന്തു ചെയ്യുകയായിരുന്നുവെന്നു നമുക്കു നോക്കാം. ദമസ്കൊസിലേക്കു പോകുന്ന വഴിക്ക് യേശു അവനു പ്രത്യക്ഷപ്പെട്ടിട്ട് 17 വർഷം കഴിഞ്ഞിരിക്കുന്നു.
പൗലൊസ് ദമസ്കൊസിലേക്കു പോയത് ക്രിസ്തുവിന്റെ ശിഷ്യന്മാരെ ഉപദ്രവിക്കാനായിരുന്നു എന്ന കാര്യം ഓർക്കുന്നുണ്ടല്ലോ, അല്ലേ? എന്നാൽ ഇപ്പോൾ അവൻതന്നെ ഒരു ശിഷ്യനായിത്തീർന്നിരിക്കുന്നു! യേശുവിനെക്കുറിച്ചുള്ള അവന്റെ പഠിപ്പിക്കലുകൾ ഇഷ്ടമല്ലാത്ത ചില ശത്രുക്കൾ അവനെ കൊല്ലാൻ ആലോചിക്കുന്നു. എന്നാൽ രക്ഷപ്പെടാൻ ശിഷ്യന്മാർ പൗലൊസിനെ സഹായിക്കുന്നു. അവർ അവനെ ഒരു കുട്ടയിലാക്കി പട്ടണമതിലിനു പുറത്ത് എത്തിക്കുന്നു.
പിന്നീട് പ്രസംഗവേല തുടരാൻ പൗലൊസ് അന്ത്യൊക്ക്യയിലേക്കു പോകുന്നു. യേശുവിന്റെ ശിഷ്യന്മാർ ക്രിസ്ത്യാനികൾ എന്ന് ആദ്യമായി വിളിക്കപ്പെട്ട സ്ഥലമാണ് അത്. തുടർന്ന് പൗലൊസും ബർന്നബാസും വിദൂര സ്ഥലങ്ങളിൽ സുവാർത്ത പ്രസംഗിക്കാൻ പോകുന്നു. അവർ പോകുന്ന പട്ടണങ്ങളിലൊന്ന് ലുസ്ത്ര ആണ്, തിമൊഥെയൊസിന്റെ സ്വന്തം നാട്.
ഏകദേശം ഒരു വർഷത്തിനുശേഷം പൗലൊസ്, രണ്ടാം പ്രസംഗ പര്യടനത്തിന്റെ ഭാഗമായി ഇപ്പോൾ ലുസ്ത്രയിൽ വന്നിരിക്കുകയാണ്. തിമൊഥെയൊസ് പൗലൊസിന്റെയും ശീലാസിന്റെയും ഒപ്പം ചേർന്നുകഴിഞ്ഞ് അവർ എങ്ങോട്ടാണു പോകുന്നതെന്ന് അറിയാമോ? ഇവിടെ കൊടുത്തിട്ടുള്ള ഭൂപടം നോക്കൂ, നമുക്ക് പൗലൊസും കൂട്ടരും പോയ ചില സ്ഥലങ്ങളുടെ പേരുകൾ പഠിക്കാം.
ആദ്യം അവർ പോകുന്നത് അടുത്തുള്ള ഇക്കോന്യയിലേക്കാണ്, തുടർന്ന് അന്ത്യൊക്ക്യ എന്നുതന്നെ പേരുള്ള മറ്റൊരു പട്ടണത്തിലേക്കും. അവിടെനിന്ന് ത്രോവാസ്, ഫിലിപ്പി, തെസ്സലൊനീക്ക, ബെരോവ എന്നിവിടങ്ങളിലേക്കു പോകുന്നു. ഭൂപടത്തിൽ അഥേന കണ്ടുപിടിക്കാൻ കഴിയുമോ എന്നു നോക്കൂ. പൗലൊസ് അവിടെയും പ്രസംഗിക്കുന്നു. തുടർന്ന് ഒന്നര വർഷം പ്രസംഗവേലയ്ക്കായി അവർ കൊരിന്തിൽ ചെലവഴിക്കുന്നു. അവസാനം എഫെസൊസിൽ കുറച്ചു കാലം തങ്ങുന്നു. പിന്നീട് കപ്പലിൽ അവർ കൈസര്യയിലേക്കും അവിടെനിന്ന് പൗലൊസിന്റെ താമസസ്ഥലമായ അന്ത്യൊക്ക്യയിലേക്കും പോകുന്നു.
അങ്ങനെ “സുവാർത്ത” പ്രസംഗിക്കുന്നതിനും അനേകം ക്രിസ്തീയ സഭകൾ സ്ഥാപിക്കുന്നതിനും പൗലൊസിനെ സഹായിച്ചുകൊണ്ട് തിമൊഥെയൊസ് പതിനായിരക്കണക്കിനു കിലോമീറ്റർ അവനോടൊപ്പം സഞ്ചരിക്കുന്നു. വളർന്നുവലുതാകുമ്പോൾ തിമൊഥെയൊസിനെ പോലുള്ള വിശ്വസ്തനായ ഒരു ദൈവദാസൻ ആയിത്തീരാൻ ആഗ്രഹമില്ലേ?