വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 111

ഉറങ്ങിപ്പോയ ഒരു ബാലൻ

ഉറങ്ങിപ്പോയ ഒരു ബാലൻ

നോക്കൂ! എന്താണി​വി​ടെ സംഭവി​ക്കു​ന്നത്‌? താഴെ കിടക്കുന്ന ആ കുട്ടിക്ക്‌ ഗുരു​ത​ര​മാ​യ പരിക്കു വല്ലതും പറ്റിയി​ട്ടു​ണ്ടോ? വീടിനു വെളി​യി​ലേ​ക്കു വരുന്ന​വ​രിൽ ഒരാൾ പൗലൊ​സാണ്‌. അവന്റെ​കൂ​ടെ തിമൊ​ഥെ​യൊ​സും ഉണ്ട്‌. ആ കുട്ടി ജനാല​യി​ലൂ​ടെ പുറ​ത്തേ​ക്കു വീണതാ​ണോ?

അതേ, അതുത​ന്നെ​യാ​ണു സംഭവി​ച്ചത്‌. പൗലൊസ്‌ ഇവിടെ, ത്രോ​വാ​സി​ലു​ള്ള ശിഷ്യ​ന്മാ​രോ​ടു പ്രസം​ഗി​ക്കു​ക​യാ​യി​രു​ന്നു. അടുത്ത ദിവസം​ത​ന്നെ അവൻ തിരി​ച്ചു​പോ​കു​ക​യാണ്‌, ത്രോ​വാ​സി​ലു​ള്ള​വ​രെ ഇനി പെട്ടെ​ന്നൊ​ന്നും കാണാൻ സാധി​ക്കി​ല്ലെന്ന്‌ അവനറി​യാം. അതു​കൊണ്ട്‌ പാതി​രാ​ത്രി​വ​രെ അവൻ സംസാ​രി​ച്ചു​കൊ​ണ്ടി​രു​ന്നു.

യൂത്തി​ക്കൊസ്‌ എന്ന ഈ ബാലൻ ജനാല​യ്‌ക്ക​രി​കിൽ ഇരിക്കു​ക​യാ​യി​രു​ന്നു. അവിടെ ഇരുന്ന്‌ ഉറങ്ങി​പ്പോ​യ അവൻ, മൂന്നാം നിലയിൽനി​ന്നു താഴെ വീണു! അതു​കൊ​ണ്ടാണ്‌ ഈ ആളുക​ളെ​ല്ലാം ഇത്ര ദുഃഖി​ത​രാ​യി കാണ​പ്പെ​ടു​ന്നത്‌. അവർ വന്ന്‌ അവനെ താങ്ങി​യെ​ടു​ക്കു​മ്പോൾ പേടി​ച്ച​തു​ത​ന്നെ സംഭവി​ച്ചി​രി​ക്കു​ന്നു, അവൻ മരിച്ചു​പോ​യി​രി​ക്കു​ന്നു!

കുട്ടി മരി​ച്ചെ​ന്നു കണ്ട പൗലൊസ്‌ അവന്റെ​മേൽ കിടന്ന്‌ അവനെ കെട്ടി​പ്പി​ടി​ക്കു​ന്നു. തുടർന്ന്‌ അവൻ, ‘വിഷമി​ക്കേണ്ട, അവനു കുഴപ്പ​മൊ​ന്നു​മി​ല്ല’ എന്നു പറയുന്നു. എന്തൊ​ര​ത്ഭു​തം! പൗലൊസ്‌ അവനെ ജീവനി​ലേ​ക്കു തിരികെ കൊണ്ടു​വ​ന്നി​രി​ക്കു​ന്നു! ജനക്കൂ​ട്ട​ത്തി​ന്റെ സന്തോ​ഷ​ത്തിന്‌ അതിരില്ല!

അവർ വീണ്ടും മുകളി​ലേ​ക്കു പോയി ഭക്ഷണം കഴിക്കു​ന്നു. നേരം വെളു​ക്കു​ന്ന​തു​വ​രെ പൗലൊസ്‌ സംസാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ഏതായാ​ലും അതുക​ഴിഞ്ഞ്‌ യൂത്തി​ക്കൊസ്‌ ഉറങ്ങി​യി​ട്ടു​ണ്ടാ​വി​ല്ലെന്ന്‌ തീർച്ച! പൗലൊ​സും തിമൊ​ഥെ​യൊ​സും അവരോ​ടു​കൂ​ടെ സഞ്ചരി​ക്കു​ന്ന​വ​രും കപ്പലിൽ കയറുന്നു. അവർ എവി​ടേ​ക്കാ​ണു പോകു​ന്ന​തെന്ന്‌ അറിയാ​മോ?

സുവാർത്ത പ്രസം​ഗി​ക്കു​ന്ന​തി​നു​ള്ള മൂന്നാ​മ​ത്തെ യാത്ര​യി​ലാ​യി​രു​ന്നു പൗലൊസ്‌. അതു പൂർത്തി​യാ​ക്കി​യിട്ട്‌ അവൻ ഇപ്പോൾ വീട്ടി​ലേ​ക്കു മടങ്ങു​ക​യാണ്‌. ഈ യാത്ര​യിൽ അവൻ എഫെ​സൊസ്‌ പട്ടണത്തിൽത്ത​ന്നെ മൂന്നു വർഷം പാർത്തി​രു​ന്നു. അതു​കൊണ്ട്‌ ഇത്‌ രണ്ടാമത്തെ യാത്ര​യെ​ക്കാൾ നീണ്ട ഒന്നായി​രു​ന്നു.

ത്രോ​വാ​സിൽനി​ന്നു പുറപ്പെട്ട കപ്പൽ മിലേ​ത്തൊ​സിൽ കുറച്ചു സമയം തങ്ങുന്നു. എഫെ​സൊസ്‌ ഏതാനും കിലോ​മീ​റ്റർ മാത്രം അകലെ​യാ​യ​തി​നാൽ സഭയിലെ മൂപ്പന്മാ​രോട്‌ അവി​ടേ​ക്കു വരാൻ പറഞ്ഞ്‌ പൗലൊസ്‌ ആളയയ്‌ക്കു​ന്നു. അവരെ കണ്ട്‌ അവസാ​ന​മാ​യി ഒന്ന്‌ സംസാ​രി​ക്കാൻ അവൻ ആഗ്രഹി​ക്കു​ന്നു. കപ്പൽ വിടാ​നു​ള്ള സമയമാ​യ​പ്പോൾ അവർക്കെ​ല്ലാം എത്ര സങ്കടമാ​ണെ​ന്നോ!

അവസാനം കപ്പൽ കൈസ​ര്യ​യിൽ തിരി​ച്ചെ​ത്തു​ന്നു. അവിടെ അവൻ ശിഷ്യ​നാ​യ ഫിലി​പ്പൊ​സി​ന്റെ വീട്ടിൽ താമസി​ക്കെ, യെരൂ​ശ​ലേ​മി​ലേ​ക്കു ചെല്ലു​മ്പോൾ അവൻ തടവി​ലാ​ക്ക​പ്പെ​ടു​മെന്ന്‌ പ്രവാ​ച​ക​നാ​യ അഗബൊസ്‌ പൗലൊ​സി​നു മുന്നറി​യി​പ്പു നൽകുന്നു. അതു തന്നെയാ​ണു സംഭവി​ക്കു​ന്ന​തും. കൈസ​ര്യ​യിൽ രണ്ടു വർഷം തടവിൽ കഴിഞ്ഞ​തി​നു ശേഷം റോമൻ ചക്രവർത്തി​യാ​യ കൈസ​രു​ടെ മുമ്പാകെ വിചാരണ ചെയ്യ​പ്പെ​ടേ​ണ്ട​തിന്‌ അവനെ റോമി​ലേക്ക്‌ അയയ്‌ക്കു​ന്നു. റോമി​ലേ​ക്കു​ള്ള യാത്ര​യിൽ എന്താണു സംഭവി​ക്കു​ന്ന​തെ​ന്നു നമുക്കു നോക്കാം.

പ്രവൃ​ത്തി​കൾ 19 മുതൽ 26 വരെയുള്ള അധ്യാ​യ​ങ്ങൾ.