കഥ 103
പൂട്ടിയിട്ടിരിക്കുന്ന ഒരു മുറിയിലേക്ക്
യേശുവിന്റെ ശരീരം വെച്ചിരുന്ന കല്ലറ വിട്ട് പത്രൊസും യോഹന്നാനും പോയിക്കഴിയുമ്പോൾ മറിയ മാത്രം ബാക്കിയാകുന്നു. അവൾ കരയാൻ തുടങ്ങുന്നു. കഴിഞ്ഞ ചിത്രത്തിൽ നമ്മൾ കണ്ടതുപോലെ അവൾ കുനിഞ്ഞ് കല്ലറയിലേക്കു നോക്കുന്നു. അവിടെ അവൾ രണ്ടു ദൂതന്മാരെ കാണുന്നു! അവർ അവളോട് ‘നീ എന്തിനാണു കരയുന്നത്?’ എന്നു ചോദിക്കുന്നു.
മറിയ ഇങ്ങനെ ഉത്തരം പറയുന്നു: ‘അവർ എന്റെ കർത്താവിനെ എടുത്തുകൊണ്ടു പോയി; അവർ അവനെ എവിടെ വെച്ചു എന്ന് എനിക്ക് അറിയില്ല.’ ഇതു പറഞ്ഞിട്ട് മറിയ തിരിഞ്ഞു നോക്കുമ്പോൾ ഒരു മനുഷ്യനെ കാണുന്നു. അവൻ അവളോട് ‘നീ ആരെയാണ് അന്വേഷിക്കുന്നത്?’ എന്നു ചോദിക്കുന്നു.
ആ മനുഷ്യൻ തോട്ടക്കാരനാണെന്നും അവൻ യേശുവിന്റെ ശരീരം എടുത്തിരിക്കാമെന്നും മറിയ വിചാരിക്കുന്നു. അതുകൊണ്ട് അവൾ പറയുന്നു: ‘നീ അവനെ എടുത്തുകൊണ്ടുപോയെങ്കിൽ അവനെ എവിടെ വെച്ചു എന്ന് എന്നോടു പറയുക.’ എന്നാൽ യഥാർഥത്തിൽ ഈ മനുഷ്യൻ യേശുവാണ്. മറിയയ്ക്കു തിരിച്ചറിയാൻ കഴിയാത്ത ഒരു ശരീരമാണ് അവൻ എടുത്തിരിക്കുന്നത്. എന്നാൽ അവൻ അവളെ പേർചൊല്ലി വിളിക്കുമ്പോൾ അത് യേശുവാണെന്നു മറിയയ്ക്കു മനസ്സിലാകുന്നു. അവൾ ഓടിപ്പോയി, ‘ഞാൻ കർത്താവിനെ കണ്ടു!’ എന്ന് ശിഷ്യന്മാരോടു പറയുന്നു.
അന്നുതന്നെ കുറെ കഴിഞ്ഞ് രണ്ടു ശിഷ്യന്മാർ എമ്മാവുസ്സ് എന്ന ഗ്രാമത്തിലേക്കു നടന്നുപോകുമ്പോൾ ഒരു മനുഷ്യൻ അവരോടൊപ്പം കൂടുന്നു. യേശു കൊല്ലപ്പെട്ടതിൽ ശിഷ്യന്മാർ വളരെ സങ്കടപ്പെട്ടിരിക്കുകയാണ്. എന്നാൽ അവർ നടന്നു പോകുന്ന വഴിക്ക് ആ മനുഷ്യൻ അവർക്കു ബൈബിളിൽനിന്നു ധാരാളം കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കുന്നു. ഇത് അവർക്ക് ആശ്വാസം നൽകുന്നു. ഒടുവിൽ അവർ ഭക്ഷണം കഴിക്കാനിരുന്നപ്പോൾ അത് യേശുവാണെന്ന് ശിഷ്യന്മാർ തിരിച്ചറിയുന്നു. പെട്ടെന്ന് യേശു അപ്രത്യക്ഷനാകുന്നു. ഉടനെ ആ ശിഷ്യന്മാർ രണ്ടു പേരും വന്ന ദൂരമത്രയും തിരിച്ചുനടന്ന് യെരൂശലേമിലെത്തി സംഭവിച്ച കാര്യം അപ്പൊസ്തലന്മാരെ അറിയിക്കുന്നു.
അതിനിടയിൽ യേശു പത്രൊസിനും പ്രത്യക്ഷനാകുന്നു. ഇതേക്കുറിച്ചു കേട്ട് മറ്റ് അപ്പൊസ്തലന്മാർ ആവേശം നിറഞ്ഞ് ഇരിക്കുമ്പോഴാണ് ആ രണ്ടു ശിഷ്യന്മാർ യെരൂശലേമിൽ എത്തുന്നത്. യേശു വഴിയിൽവെച്ച് തങ്ങൾക്കു പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ച് അവർ പറയുന്നു. അവർ ഇതു പറഞ്ഞുകൊണ്ടിരിക്കെ അത്ഭുതകരമായ ഒരു കാര്യം സംഭവിക്കുന്നു. അത് എന്താണ്?
ചിത്രത്തിലേക്കു നോക്കൂ. വാതിൽ അടച്ചിരിക്കുകയാണെങ്കിലും യേശു മുറിയിൽ പ്രത്യക്ഷപ്പെടുന്നു. ശിഷ്യന്മാർക്ക് എത്ര സന്തോഷമാകുന്നു! ആവേശകരമായ ഒരു ദിവസം തന്നെ, അല്ലേ? ഇതുവരെ യേശു ശിഷ്യന്മാർക്ക് എത്ര തവണ പ്രത്യക്ഷപ്പെട്ടു എന്നൊന്ന് എണ്ണിപ്പറയാമോ? അഞ്ചു തവണ, അല്ലേ?
യേശു പ്രത്യക്ഷപ്പെടുമ്പോൾ അപ്പൊസ്തലനായ തോമാസ് അവിടെ ഉണ്ടായിരുന്നില്ല. ശിഷ്യന്മാർ അവനോട്, ‘ഞങ്ങൾ കർത്താവിനെ കണ്ടു!’ എന്നു പറയുന്നു. എന്നാൽ നേരിട്ടു കാണാതെ താൻ വിശ്വസിക്കുകയില്ല എന്നാണ് തോമാസിന്റെ മറുപടി. എട്ടു ദിവസത്തിനുശേഷം ശിഷ്യന്മാർ വീണ്ടും അടച്ചിട്ട മുറിയിൽ ആണ്. ഇത്തവണ തോമാസും അവരോടൊപ്പം ഉണ്ട്. പെട്ടെന്നതാ, യേശു മുറിയിൽ നിൽക്കുന്നു! ഇപ്പോൾ തോമാസ് വിശ്വസിക്കുന്നു.